Section

malabari-logo-mobile

കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ

HIGHLIGHTS : Kerala Bank's collateral loan to overcome the Covid crisis

കോഴിക്കോട്: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ പദ്ധതി. ‘കെബി സുവിധ പ്ലസ്’ വായ്പാ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേരളാ ബാങ്കിന്റെ കോഴിക്കോട് റീജണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. അഞ്ചു ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി.

കോവിഡ് 19, കാലവര്‍ഷ ക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉത്പാദന, സേവന, വിപണന മേഖലയിലെ സൂക്ഷ്മ -ചെറുകിട – ഇടത്തരം സംരഭകര്‍ക്കും ബസ്സുടമകള്‍ക്കും വായ്പ ലഭിക്കും. ഒപ്പം ഇരു ചക്രമുള്‍പ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും പ്രസ്തുത വായ്പ ലഭ്യമാകും. വ്യാപാരികളുടെയും സംരംഭകരുടെയും വരുമാനം വര്‍ധിപ്പിക്കുന്നതിനും പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തുന്നതിനുമാണ് സുവിധ പ്ലസ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് ശതമാനം പലിശയ്ക്ക്60 മാസ കാലയളവിലേക്കാണ് വായ്പ നല്‍കുക. പലിശയില്‍ നാല് ശതമാനം സര്‍ക്കാര്‍ സബ്സിഡി നല്‍കും. തത്വത്തില്‍ അഞ്ചു ശതമാനം പലിശയേ ഉപഭോക്താവിന് വഹിക്കേണ്ടി വരുന്നുള്ളൂ. സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരമാണ് പലിശയിളവ് അനുവദിക്കുന്നത്. ആറ് പേര്‍ക്കായി 13,20000 രൂപ വായ്പയായി ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്തു.

sameeksha-malabarinews

ജന സേവനം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് കേരള ബാങ്ക് നടത്തുന്നത്. നടപ്പു വര്‍ഷത്തില്‍ 61.99 കോടി രൂപ ലാഭമുണ്ടാക്കാന്‍ കേരള ബാങ്കിനു സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരളാ ബാങ്ക് മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണിയും പ്രാദേശിക സഹകരണ സംഘങ്ങള്‍ക്കുള്ള മള്‍ട്ടി സര്‍വീസ് സെന്റര്‍ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം റജിസ്ട്രാര്‍ പി.ബി. നൂഹും നിര്‍വഹിച്ചു.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി . കേരള ബാങ്ക് റീജണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീഷണല്‍ രജിസ്ട്രാര്‍ ബിനോയ് കുമാര്‍ പങ്കെടുത്തു. കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേഷ് ബാബു സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ബാലഗോപാലന്‍ നന്ദിയും പറഞ്ഞു. വായ്പാ വിതരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കോഴിക്കോട്, വയനാട് ജില്ലകളിലെ ശാഖകള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!