Section

malabari-logo-mobile

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

HIGHLIGHTS : Keem exam results published

*എൻജിനിയറിങിൽ ഒന്നാം റാങ്ക് ഫയിസ് ഹാഷിമിന്
*ഫാർമസി ഒന്നാം റാങ്ക് ഫാരിസ് അബ്ദുൾ നാസർ കല്ലായിലിന്
*ബിആർക്ക് ഒന്നാം റാങ്ക് തേജസ് ജോസഫിന്
എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു റാങ്ക് പട്ടിക പ്രകാശനം ചെയ്തു. എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ 73977 വിദ്യാർത്ഥികളിൽ 51031 പേർ യോഗ്യത നേടുകയും 47629 പേരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇതിൽ 24143 പെൺകുട്ടികളും 23486 ആൺകുട്ടികളുമുണ്ട്.

എൻജിനിയറിങിന് തൃശൂർ വടക്കാഞ്ചേരി കിഴക്കേ ഗ്രാമത്തിൽ വലിയിൽ വീട്ടിൽ ഫയിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. കോട്ടയം കാരമല പൂവക്കുളം എടവക്കേൽ വീട്ടിൽ എം. ഹരിശങ്കർ രണ്ടാം റാങ്കും കൊല്ലം മുണ്ടക്കൽ വെസ്റ്റ് എം. ആർ. എ 117ൽ നയൻ കിഷോർ നായർ മൂന്നാം റാങ്കും നേടി. എസ്. സി വിഭാഗത്തിൽ തൃശൂർ വിയ്യൂർ പാണ്ടിക്കാവ് റോഡിൽ അമ്മു ബി. മികച്ച റാങ്ക് നേടി, റാങ്ക് 180. എസ്. ടി വിഭാഗത്തിൽ എറണാകുളം പള്ളുരുത്തി ജോനാഥൻ എസ്. ഡാനിയലിനാണ് മികച്ച റാങ്ക്, റാങ്ക്: 1577.

sameeksha-malabarinews

ഫാർമസിയിൽ തൃശൂർ അമലനഗർ വിലങ്ങൻ കല്ലായിൽ വീട്ടിൽ ഫാരിസ് അബ്ദുൾ നാസർ കല്ലായിൽ ഒന്നാം റാങ്ക് നേടി. കണ്ണൂർ പരിയാരം ഗാലക്‌സിയിൽ തേജസ്വിനി വിനോദ് രണ്ടാം റാങ്കും പത്തനംതിട്ട കാവുംഭാഗം ഒലിവ് കരിന വില്ലാസിൽ അക്ഷര ആനന്ദ് മൂന്നാം റാങ്കും നേടി. ആർക്കിടെക്ചറിൽ കണ്ണൂർ കൊട്ടിയൂർ പൂപ്പാടിയിൽ തേജസ് ജോസഫ് ഒന്നാം റാങ്കും കൊഴിക്കോട് കല്ലായി പള്ളിക്കണ്ടി റോഡിൽ അമ്രീൻ രണ്ടാം റാങ്കും തൃശൂർ വലപ്പാട് ആതിനാഥ് ചന്ദ്ര മൂന്നാം റാങ്കും നേടി.
എൻജിനിയറിങിൽ എച്ച്. എസ്. ഇ (കേരള) വിഭാഗത്തിൽ പരീക്ഷ എഴുതിയ 32180 പേരിൽ 2112 വിദ്യാർത്ഥികൾ ആദ്യ 5000 റാങ്കിൽ ഉൾപ്പെടുന്നു. സി.ബി.എസ്.ഇ വിഭാഗത്തിലെ 13841 വിദ്യാർത്ഥികളിൽ 2602 പേർ ആദ്യ 5000 റാങ്കിൽ ഇടം നേടി. ഐ.സി.എസ്.ഇയിലെ 1144 പേർ പരീക്ഷ എഴുതിയതിൽ 242 പേരാണ് ആദ്യ 5000 റാങ്കിലെത്തിയത്. ആദ്യ 100 റാങ്കുകളിൽ കൂടുതൽ പേരുള്ളത് എറണാകുളം ജില്ലയിലാണ്, 21. തിരുവനന്തപുരത്ത് 17 പേരും കോഴിക്കോട് 11 പേരുമുണ്ട്. ആദ്യ 100 റാങ്കിൽ 22 പെൺകുട്ടികളും 78 ആൺകുട്ടികളുമുണ്ട്.

ഫാർമസിയിൽ 60889 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 48556 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. ഇതിൽ 35325 പെൺകുട്ടികളും 13231 ആൺകുട്ടികളുമുണ്ട്. ആദ്യ 100 റാങ്കിൽ 45 പെൺകുട്ടികളും 55 ആൺകുട്ടികളുമുണ്ട്. ആർക്കിടെക്ചറിൽ 2816 വിദ്യാർത്ഥികളാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതിൽ 1803 പെൺകുട്ടികളും 1013 ആൺകുട്ടികളുമുണ്ട്. ആദ്യ 100 റാങ്കിൽ 69 പെൺകുട്ടികളും 29 ആൺകുട്ടികളുമുണ്ട്. റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!