Section

malabari-logo-mobile

വെയ്ൽസിനെതിരെ ജയം നേടി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇറ്റലി; പ്രീക്വാർട്ടറിലേക്ക് വെയ്ൽസും

HIGHLIGHTS : Italy secures hattrick win as they beat Wales by 1-0

റോം: യൂറോ കപ്പ് ഫുട്ബോളില്‍ ഇറ്റലിയുടെ മിന്നല്‍ക്കുതിപ്പ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വെയ്ല്‍സിനെയും തോല്‍പ്പിച്ച് അജയ്യരായി അവര്‍ മുന്നേറി. ഒരു ഗോളിനാണ് ജയം. പകരക്കാരുടെ നിരയുമായി എത്തിയ ഇറ്റലിക്ക് വേണ്ടി മത്തിയോ പെസിന വിജയഗോള്‍ നേടി. മൂന്ന് കളിയില്‍ ഒമ്പത് പോയിന്റുമായാണ് ഇറ്റലിയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം. വെയ്ല്‍സും കടന്നു. നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം.

എട്ട് മാറ്റങ്ങളുമായാണ് ഇറ്റലി വെയ്ല്‍സിനെതിരെ ഇറങ്ങിയത്. ആദ്യ രണ്ട് കളി ജയിച്ച ടീമിലെ പ്രധാന താരങ്ങളെയെല്ലാം പരിശീലകന്‍ റോബര്‍ട്ടോ മാന്‍സീനി പുറത്തിരുത്തി. പകരക്കാരുടെ നിരയും കരുത്തുറ്റതായിരുന്നു. മാര്‍കോ വെറാറ്റി പരിക്കുമാറി തിരിച്ചെത്തിയത് ഇറ്റലിക്ക് വീര്യം പകര്‍ന്നു. ആദ്യ ഘട്ടത്തില്‍തന്നെ പല തവണ അവര്‍ ഗോളിന് അരികെയെത്തി. ഫെഡെറികോ ചിയേസയും ആന്ദ്രേ ബെലോട്ടിയും എമേഴ്സണുമെല്ലാം ഗോളിലേക്ക് ലക്ഷ്യം വച്ചു. പക്ഷേ, വെയ്ല്‍സ് വഴങ്ങിയില്ല.

sameeksha-malabarinews

ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയായിരുന്നു ഇറ്റലിയുടെ ഗോള്‍. വെറാറ്റിയുടെ ഫ്രീകിക്കില്‍ വലംകാല്‍വച്ച് മത്തിയോ പെസിന ഇറ്റലിയെ മുന്നിലെത്തിച്ചു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ വെയ്ല്‍സ് പത്തുപേരായി ചുരുങ്ങി. ഫെഡെറികോ ബെര്‍ണാഡെസ്‌കിയെ അപകടരമായി ഫൗള്‍ ചെയ്ത പ്രതിരോധക്കാരന്‍ ഏതന്‍ അമ്പഡു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. പിന്നാലെ ബെലോട്ടിയുടെ തകര്‍പ്പന്‍ ഷോട്ട് വെയ്ല്‍സ് ഗോള്‍ കീപ്പര്‍ ഡാന്നി വാര്‍ഡ് തടഞ്ഞു. 20ല്‍ കൂടുതല്‍ ഷോട്ടുകളാണ് മത്സരത്തില്‍ ഇറ്റലി തൊടുത്തത്.

ആദ്യ കളിയില്‍ തുര്‍ക്കിയെയും രണ്ടാം കളിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയുമാണ് ഇറ്റലി കീഴടക്കിയത്. ഇതോടെ മാന്‍സീനിക്ക് കീഴില്‍ തോല്‍വിയറിയാതെ 30 മത്സരം ഇറ്റലി പൂര്‍ത്തിയാക്കി. ഗോള്‍ വഴങ്ങാതെയുളള 11 മത്സരവും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!