Section

malabari-logo-mobile

യുദ്ധകാല മന്ത്രിസഭ രൂപീകരിച്ച് ഇസ്രയേല്‍

HIGHLIGHTS : Israel formed a wartime cabinet

പ്രതിപക്ഷവുമായി ചേർന്ന് ഇസ്രയേൽ സർക്കാർ സംയുക്ത മന്ത്രിസഭ രൂപീകരിച്ചു. അടിയന്തര സംയുക്ത സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സും ധാരണയിലെത്തി. ബെന്നിയും മന്ത്രിസഭയിൽ അംഗമാകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്, പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്സ് എന്നിവർ ചേർന്ന ‘വാർ ക്യാബിനറ്റ്’ ആണ് രൂപീകരിച്ചത്. ഈ ക്യാബിനറ്റ് ആയിരിക്കും യുദ്ധ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

അതേസമയം, ഇസ്രയേൽ ഇന്ധന വിതരണം നിർത്തിയതിനെ തുടർന്ന് ഗാസ സിറ്റിയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ, ആശുപത്രികൾ അടക്കമുള്ള സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ താളം തെറ്റി. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതെന്ന് ഗാസ എനർജി അതോറിറ്റി മേധാവി ജലാൽ ഇസ്മായിൽ അറിയിച്ചു. നിലവിൽ, ജനറേറ്ററുകൾ ഉപയോഗിച്ചാണ് ആശുപത്രികളിൽ പ്രവർത്തനം തുടരുന്നത്. ഇതോടെ, നഗരത്തിലെ കുടിവെള്ളവിതരണവും തടസ്സപ്പെട്ടു. ഇന്റർനെറ്റ് സംവിധാനങ്ങളും നിശ്ചലമാകും.

sameeksha-malabarinews

അതേസമയം ഗാസയിലേക്ക് കരയിലൂടെയുള്ള യുദ്ധത്തിലേക്ക് കടക്കുകയാണ് ഇസ്രയേല്‍. ആയിരക്കണക്കിന് ഇസ്രയേലി സൈനികര്‍ ഗാസ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കരമാര്‍ഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുന്നത്. വ്യോമാക്രമണത്തിലൂടെ ഹമാസിന്റെ ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് കരയിലൂടെ സൈനിക നീക്കം. 2005 ല്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച ഇസ്രയേല്‍ ഒന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും ഗാസ പിടിക്കാന്‍ സര്‍വസജ്ജമായി ഇറങ്ങുകയാണ്.

അതിനിടെ നിരപരാധികള്‍ കൂട്ടത്തോടെ മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കാന്‍ കഴിയുമോ എന്ന ആലോചനകളും പ്രമുഖ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സജീവമായിട്ടുണ്ട്. ഗാസയിലെ കൂട്ടമരണം ഒഴിവാക്കാന്‍ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി അമേരിക്ക അറിയിച്ചിട്ടുണ്ട്. ഈജിപ്തുമായും ഇസ്രായേലുമായും ചര്‍ച്ച നടത്തുന്നുവെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു. യുദ്ധത്തില്‍ ഇസ്രായേലില്‍ 1200 ലധികം പേരും ഗാസയില്‍ ആയിരത്തില്‍ അധികം പേരും ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!