Section

malabari-logo-mobile

24 മണിക്കൂറും ജാഗ്രതയോടെ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താങ്ങും തണലുമായി സഖി വണ്‍സ്റ്റോപ്പ് സെന്റര്‍

HIGHLIGHTS : അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താങ്ങും തണലും ആകുകയാണ് കേന്ദ്ര-സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ 24 മണിക്...

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താങ്ങും തണലും ആകുകയാണ് കേന്ദ്ര-സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്റര്‍. ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് താമസവും, കൗണ്‍സിലിങ്ങും, നിയമ സഹായങ്ങളും പദ്ധതി വഴി ഇവിടെ ലഭ്യമാക്കുന്നുണ്ട്.

2018 മുതല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്ററില്‍ നിലവില്‍ 324 ഗാര്‍ഹിക പീഡന പരാതികളും 311 കുടുംബ പ്രശ്ന പരാതികളും 38 പോക്സോ കേസുകളും 40 മാനസിക പ്രയാസം നേരിടുന്ന പരാതികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 600ഓളം പരാതികള്‍ തീര്‍പ്പാക്കി. അല്ലാത്തവ കൗണ്‍സിലിങ്, മീഡിയേഷന്‍ തുടങ്ങിയ നടപടികളിലാണ്. പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ 231 പേര്‍ക്കാണ് ഷെല്‍ട്ടര്‍ ഉറപ്പ് വരുത്തിയിട്ടുള്ളത്. 144 പരാതികളില്‍ നിയമ സഹായം, 387 പരാതികളില്‍ കൗണ്‍സിലിങ്, 110 പരാതികളില്‍ പോലിസ് സഹായം എന്നിങ്ങനെയും വണ്‍സ്റ്റോപ്പ് സെന്റര്‍ വഴി സാധ്യമാക്കി.

sameeksha-malabarinews

ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് താമസവും, കൗണ്‍സിലിങും, നിയമ സഹായങ്ങളും പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. അടിയന്തിര ഇടപെടല്‍ നടത്താന്‍ എഫ്.ഐ.ആര്‍, എന്‍.സി.ആര്‍, ഡി.ഐ.ആര്‍ എന്നിവ ഫയല്‍ ചെയ്യുന്നതിനായി പൊലീസ്, വനിതാ സംരക്ഷണ ഓഫീസര്‍ തുടങ്ങിയവരുടെ സേവനവും ലഭിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി മൊഴി കൊടുക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

താത്കാലിക അഭയം ആവശ്യമുള്ളവര്‍ക്ക് അഞ്ച് ദിവസം വരെയാണ് സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താമസം ഒരുക്കുന്നത്. അല്ലെങ്കില്‍ സര്‍ക്കാര്‍, സന്നദ്ധ സംഘടനകളുടെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റും. ഒരേ സമയം അഞ്ച് പേരെ താമസിപ്പിക്കാനുള്ള സൗകര്യം സഖി സെന്ററിലുണ്ട്.
സെന്റര്‍ അഡ്മിനിസ്ട്രര്‍, കേസ് വര്‍ക്കര്‍മാര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, ലീഗല്‍ അഡൈ്വസര്‍, ഐ.ടി സ്റ്റാഫ, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍മാര്‍, സെക്യൂരിറ്റി തുടങ്ങി 12 വനിതാ ജീവനക്കാരാണ് ഇവിടെ ഉള്ളത്. ഇവര്‍ക്ക് പുറമേ ആവശ്യഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, നിയമ വിദഗ്ധര്‍ തുടങ്ങിയവരുടെയും സഹായം ലഭ്യമാകും.

ബലാത്സംഗം, ഗാര്‍ഹിക പീഡനങ്ങള്‍, മറ്റ് ലൈംഗിക അതിക്രമങ്ങള്‍, സ്ത്രീധനം, ദുര്‍മന്ത്ര വാദം, ശൈശവ വിവാഹം, ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമം, ആസിഡ് ആക്രമണങ്ങള്‍, ദുരഭിമാനക്കൊല തുടങ്ങി സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ രാജ്യത്താകമാനം വര്‍ധിച്ചതോടെയാണ് വണ്‍സ്റ്റോപ്പ് സെന്റര്‍ എന്ന ആശയം ഉടലെടുത്തത്. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സ്റ്റേറ്റ് നിര്‍ഭയ സെല്‍ നോഡല്‍ ഏജന്‍സിയായും ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള മാനേജിങ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം നടക്കുന്നത്. സെന്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. സഹായങ്ങള്‍ക്ക് 04933 297400 എന്ന നമ്പറിലൊ 181, 112 എന്ന ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!