Section

malabari-logo-mobile

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്, ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി, രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം

HIGHLIGHTS : Minister Veena George, the first state to implement Code Gray Protocol in the country

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റേയും സമൂഹത്തിന്റേയുമുള്‍പ്പെടെ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരുത്താനായി രാവും പകലും സേവനം നടത്തുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അവര്‍ക്ക് മികച്ച രീതിയില്‍ സേവനമനുഷ്ഠിക്കാനുള്ള സമാധാന അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. ഡോ. വന്ദനാ ദാസിന്റെ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. വന്ദനാ ദാസ് എന്നും വേദനിക്കുന്ന ഓര്‍മ്മയാണ്. ആദര സൂചകമായി കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രിയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് ഡോ. വന്ദനാ ദാസിന്റെ പേര് നല്‍കി. വന്ദനയെ എക്കാലവും മലയാളികള്‍ ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ സംഭവത്തിന് ശേഷം ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുത്തു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുമായും സംഘടനകളുമായും നിരവധി തവണ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 2012ലെ ആശുപത്രി സംരക്ഷണ നിയമം 2023ല്‍ കാതലായ പരിഷ്‌ക്കാരങ്ങളോടെ ഭേദഗതി വരുത്തി നിയമമാക്കി. ആശുപത്രികളില്‍ സുരക്ഷാ ഓഡിറ്റ് നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്ഥാനത്തെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ മന്ത്രി വീണാ ജോര്‍ജ് നടത്തിയ സന്ദര്‍ശനങ്ങളില്‍ സുരക്ഷ പ്രത്യേകമായി വിലയിരുത്തി. ആശുപത്രികളില്‍ സുരക്ഷയുടെ ഭാഗമായി സി.സി.ടി.വി. സ്ഥാപിച്ചു വരുന്നു. ഇനി വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമാണ് സി.സി.ടി.വി. സ്ഥാപിക്കാനുള്ളത്.

sameeksha-malabarinews

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ ആവിഷ്‌ക്കരിച്ചത്. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, നിയമ വിദഗ്ധര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടാണ് കോഡ് ഗ്രേ പ്രോട്ടോകോളിന് രൂപം നല്‍കിയത്. പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നിര്‍ബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രി, ജീവനക്കാര്‍, രോഗികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കൂട്ടി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍, അതിക്രമം ഉണ്ടായാല്‍ സുരക്ഷ ഉറപ്പാക്കാനായുള്ള നടപടിക്രമങ്ങള്‍, റിപ്പോര്‍ട്ടിംഗ്, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോകോള്‍. ഇതോടൊപ്പം ജീവനക്കാര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാനും നിയമ പരിരക്ഷ ഉറപ്പാക്കാനുമുള്ള നിര്‍ദേശങ്ങളും പ്രോട്ടോകോളിലുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കാനുള്ള നടപടി പുരോഗമിക്കുന്നു. ആശുപത്രികളിലെ സെക്യൂരിറ്റി ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം സുരക്ഷ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കൃത്യമായ ഇടവേളകളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കും. സുരക്ഷ ഉറപ്പാക്കാന്‍ ആശുപത്രി തലം മുതല്‍ സംസ്ഥാനതലം വരെ വിവിധ കമ്മിറ്റികളുമുണ്ട്. ആശുപത്രി അതിക്രമങ്ങളെ തടയുന്നതിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മനോധൈര്യത്തോടുകൂടി ജോലി ചെയ്യാനുമുള്ള അന്തരീക്ഷമൊരുക്കാനും കോഡ് ഗ്രേ പ്രോട്ടോകോള്‍ വലിയ പങ്ക് വഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!