Section

malabari-logo-mobile

അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 14-17 വരെ വാഗമണില്‍,  അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ മാര്‍ച്ച് 29 മുതല്‍ വര്‍ക്കലയില്‍

HIGHLIGHTS : International Paragliding Festival at Vagamon, Surfing Festival at Varkala

കേരളത്തിലെ സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം നടക്കാനിരിക്കുന്ന സാഹസിക ടൂറിസം മത്സരങ്ങളായ പാരാഗ്ലൈഡിംഗ്, സര്‍ഫിംഗ് ഫെസ്റ്റിവലുകളുടെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്സരം മാര്‍ച്ച് 14 മുതല്‍ 17 വരെ ഇടുക്കി ജില്ലയിലെ വാഗമണില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (പി.എ.ഐ) യുടെ പിന്തുണയോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറിലധികം അന്തര്‍ദേശീയ-ദേശീയ-പ്രശസ്ത ഗ്ലൈഡറുകള്‍ ഫെസ്റ്റിവലിനെത്തും. 15ലധികം രാജ്യങ്ങള്‍ ഈ പതിപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ലോകപ്രശസ്ത റൈഡര്‍മാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും പരിപാടിയില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലാണിത്. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ന്യൂസിലാന്റ്, ഓസ്ട്രേലിയ, യുഎസ്, യുകെ, നേപ്പാള്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തം ഫെസ്റ്റിവലിലുണ്ടാകും. കൂടാതെ ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ പി. ബി നൂഹ് പങ്കെടുത്തു.

അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റില്‍ മാര്‍ച്ച് 29,30,31 തീയതികളില്‍ തിരുവനന്തപുരം വര്‍ക്കലയില്‍ നടക്കും. സര്‍ഫിംഗ് ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

2024 വര്‍ഷത്തെ ആദ്യത്തെ ദേശീയ സര്‍ഫിംഗ് ഫെസ്റ്റിവലാണ് വര്‍ക്കലയില്‍ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്) തിരുവനന്തപുരം ഡി.ടി.പി.സി.യുമായി സഹകരിച്ച്, സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന്‍ (ഐ.എസ്.എ) എന്നിവരുടെ സാങ്കേതിക പിന്തുണയോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള സര്‍ഫിംഗ് അത്ലറ്റുകള്‍ വിവിധ വിഭാഗങ്ങളില്‍ പരസ്പരം മത്സരിക്കും. ഇന്ത്യയില്‍ സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും കേരളത്തെ ഇന്ത്യയിലെ ഒരു പ്രധാന സര്‍ഫ് ഡെസ്റ്റിനേഷനാക്കുകയുമാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

വാട്ടര്‍ സ്പോര്‍ട്സ് പ്രേമികള്‍ക്ക് സര്‍ഫിംഗ് എന്ന പുതിയ കായിക വിനോദവും അതിന്റെ ജീവിതരീതിയും ആസ്വദിക്കാനുള്ള അവസരവും ഈ ഫെസ്റ്റിവല്‍ നല്‍കും. തുടക്കക്കാര്‍ മുതല്‍ വിദഗ്ദ്ധര്‍ വരെയുള്ളവര്‍ക്ക് പരിശീലിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള നിരവധി ലെവലുകള്‍ വര്‍ക്കല ബീച്ചിലുണ്ട്. വിദേശികളും അന്യസംസ്ഥാന ടൂറിസ്റ്റുകളും ഉള്‍പ്പെടെ നിരവധി പേരാണ് സര്‍ഫിംഗ് ചെയ്യുവാന്‍ ഓരോ വര്‍ഷവും വര്‍ക്കലയില്‍ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവലിലൂടെ വര്‍ക്കലയെ ഒരു അന്തര്‍ദേശീയ സര്‍ഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!