Section

malabari-logo-mobile

ഹീമോഫീലിയ ദിനാചരണവും കുടുംബസംഗമവും ഇന്ന്: മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും

HIGHLIGHTS : Haemophilia Day Celebration and Family Reunion Today: Minister V Abdurahman will inaugurate

ആശാധാര പദ്ധതിയുടെ ഭാഗമായുള്ള ഹീമോഫീലിയ ദിനാചരണവും കുടുംബസംഗമവും ഇന്ന് മലപ്പുറം എം.എസ്.പി സ്മാര്‍ട്ട് ക്ലാസ് റൂം ഹാളില്‍ നടക്കും.രാവിലെ 10ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സിക്കിള്‍സെല്‍ അനീമിയ ബാധിതരായ ഊരുവാസികള്‍ക്കുള്ള പുതപ്പ്, പുതുവസ്ത്രം, പോഷകാഹാരം, മരുന്ന് തുടങ്ങിയ ആവശ്യവസ്തുക്കളുമായി സിക്കിള്‍സെല്‍ ഹെല്‍പ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പുറപ്പെടുന്ന എടക്കര ജനമൈത്രി എക്സൈസസിന്റെ സ്നേഹവണ്ടി മന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. ഹീമോഫീലിയ മേഖലയിലെയും ഭിന്നശേഷി രംഗത്തെയും മുന്നണി പോരാളികളെയും പ്രതിഭകളെയും ആദരിക്കും. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി എന്നിവര്‍ മുഖ്യാതിഥികളാകും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് ദിനാചരണ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, തിരൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍ ബേബി ലക്ഷ്മി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.എ ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.പി അഹമ്മദ് അഫ്സല്‍, ഡോ.നവ്യ.ജെ. തൈക്കാട്ടില്‍, ആശാധാര പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ജാവേദ് അനീസ്, എടക്കര ജനമൈത്രി എക്സൈസ് സി.ഐ ആര്‍.പി മിഥിന്‍ലാല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ധീന്‍ മുബാറക് തുടങ്ങിയവര്‍ പങ്കെടുക്കും. മെന്റലിസ്റ്റും മജീഷ്യനുമായ താഹിര്‍ കൂട്ടായി ‘ ഇന്‍ഫോടൈന്‍മെന്റ് പ്രോഗ്രാം അവതരിപ്പിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത ഹീമോഫീലിയ ബാധിതരും കുടുബാംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാര്‍ ഹീമോഫീലിയ ബാധിതര്‍ അടക്കമുള്ള രക്തജന്യരോഗികളുടെ ചികിത്സക്കായി ആരംഭിച്ച സമഗ്രപദ്ധതിയാണ് ‘ആശാധാര’ .സംസ്ഥാനത്ത് മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഹീമോഫീലിയ ബാധിതരുള്ളത്. ഹീമോഫീലിയ കൂടാതെ സിക്കിള്‍സെല്‍ അനീമിയ, താലസ്സീമിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ ബാധിച്ചവര്‍ക്കും ഈ പദ്ധതിക്ക് കീഴില്‍ ചികിത്സ നല്‍കുന്നുണ്ട്. ജില്ലയില്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ 2020 ആഗസ്റ്റിലാണ് ആശാധാര പദ്ധതിക്ക് കീഴിലുള്ള ജില്ലാതല ഡേകെയര്‍ സെന്റര്‍ സ്ഥാപിച്ചത്. ഹീമോഫീലിയ രോഗബാധിതരായ 197 പേര്‍ ഈ കേന്ദ്രത്തില്‍ ചികിത്സ തേടുന്നുണ്ട്.ഇതില്‍ 172 പേര്‍ ഹീമോഫീലിയ എ ബാധിതരും 25 പേര്‍ ഹീമോഫീലിയ ബി ബാധിതരുമാണ്. ജില്ലയില്‍ 34 കുട്ടികള്‍ക്കാണ് ബ്ലീഡിങ് വരാതിരിക്കാനുള്ള പ്രൊഫൈലാക്സിസ് ചികിത്സ നല്‍കുന്നത്.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നിശ്ചിത ഡോസില്‍ ഫാക്ടര്‍ മരുന്നുകള്‍ നല്‍കുകയാണ് പ്രൊഫൈലാക്സിസ് ചികിത്സയില്‍ ചെയ്യുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രൊഫൈലാക്സിസ് ചികിത്സ സ്വീകരിക്കുന്ന വിദ്യാര്‍ത്ഥികളും കൊച്ചുകുട്ടികളും മലപ്പുറം ജില്ലയിലാണുള്ളത്.

sameeksha-malabarinews

ചിലവേറിയ ചികിത്സയായ (ഡോസിന് ഒരു ലക്ഷത്തിനടുത്ത്) എമിസുമാബ് പ്രൊഫൈലാക്സിസ് ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.രക്തം കട്ടപിടിക്കുന്നതിന് പ്രയാസം നേരിടുന്നതിനാല്‍ സന്ധികളിലും പ്രധാനഅവയവങ്ങളിലും രക്തസ്രാവം സംഭവിക്കാവുന്ന ജനിതകരോഗമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാനാവശ്യമുള്ള ഘടകങ്ങളായി ഫാക്ടര്‍ എട്ട് ,ഫാക്ടര്‍ ഒന്‍പത് എന്നിവയുടെ അഭാവമാണ് ഈ രോഗത്തിന് പ്രധാന കാരണം. മുന്‍കാലങ്ങളില്‍ 15-20 വയസ്സുവരെ മാത്രമേ ഗുരുതരമായ ഹീമോഫീലിയ ബാധിച്ച വ്യക്തികള്‍ ജീവിച്ചിരുന്നുള്ളൂ. ഇന്ന് മികച്ച രീതിയിലുള്ള ഫാക്ടര്‍ എട്ട്,ഫാക്ടര്‍ ഒന്‍പത് മരുന്നുകളും അതിനൂതനമായ മോണോക്ലോണല്‍ ആന്റിബോഡിയായ എമിസുമാബ് മരുന്നും ഈ രോഗത്തിന് ലഭ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!