Section

malabari-logo-mobile

വികസന ക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ടു പോവില്ല;മുഖ്യമന്ത്രി

HIGHLIGHTS : Government will not back down from development and welfare projects; Chief Minister

മലപ്പുറം: പിണറായി വിജയന്‍എന്തു പ്രതിസന്ധിയുണ്ടായാലും വികസന ക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ടു പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ പടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്കുള്ള ഭൂമിയുടെ വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ തദ്ദേശീയ ജനതയെയും ആദിവാസികളെയും സംരക്ഷിക്കുകയും അവരുടെ സാമൂഹിക മുന്നേറ്റത്തിന് വേണ്ട എല്ലാ കാര്യങ്ങളും നിറവേറ്റുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ മൂന്നര ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കി. നാല് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ വഴി വീടു നല്‍കാനും കഴിഞ്ഞു. ഭൂരഹിതരായ 2697 കുടംബങ്ങള്‍ക്കായി 3248 ഏക്കര്‍ ഭൂമിയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൈമാറിയത്. പട്ടികവര്‍ഗക്കാരുടെ നൈപുണ്യ വികസനം ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇവരെ ഒരേ സമയം തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറ്റാനുതകുന്ന പദ്ധതികളും ഇതോടൊപ്പം നടപ്പാക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 500 പട്ടികവര്‍ഗ വിഭാഗക്കാരെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിച്ചു. ഇതേ മാതൃകയില്‍ എക്സൈസ് ഗാര്‍ഡുകളായി നൂറു പേര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്ലാത്ത ഊരുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതി പ്രകാരം ഇടമലക്കുടിയില്‍ മാത്രം 4.37 കോടി രൂപയാണ് ചെലവഴിച്ചത്. സംസ്ഥാനത്തെ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പട്ടയ വിതരണം നിര്‍വഹിച്ചു.  ജില്ലാ കളക്ടര്‍ വി. ആർ. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി അബ്ദുൽ വഹാബ് എം.പി, പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ മേഘശ്രീ, പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഡി. രഞ്ജിത്ത്, രജിസ്ട്രേഷന്‍ ഐ.ജിയും പെരിന്തല്‍മണ്ണ മുന്‍ സബ്കളക്ടറുമായ ശ്രീധന്യ സുരേഷ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ടീച്ചർ, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. മനോഹരൻ, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന ടീച്ചര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ ടി. അശ്വിൻ കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വപ്ന മേലൂക്കടവന്‍, തഹസില്‍ദാര്‍മാരായ എം.പി സിന്ധു, എ. ജയശ്രീ, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം എം. ആർ സുബ്രഹ്മണ്യൻ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി കളക്ടര്‍ അന്‍വര്‍ സാദത്ത് സ്വാഗതവും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.എസ് ശ്രീരേഖ നന്ദിയും പറഞ്ഞു.
107.12 ഹെക്ടർ നിക്ഷിപ്ത വനഭൂമിയിൽ നിന്നും ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടീരി ബീറ്റിൽ 40 സെൻറ് വീതം 376 ഗുണഭോക്താക്കൾക്കും ചാലിയാർ ഗ്രാമപഞ്ചായത്തിലെ അത്തിക്കൽ ബീറ്റിൽ 20 സെൻറ് വീതം 63 ഗുണഭോക്താക്കൾക്കും നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ തൃക്കൈക്കുത്ത് ബീറ്റിൽ 10 സെൻറ് വീതം 131 ഗുണഭോക്താക്കൾക്കും ഉൾപ്പെടെ 570 പേർക്ക് 71.28 ഹെക്ടർ ഭൂമിയാണ് ചടങ്ങില്‍ വിതരണം ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!