ഡല്‍ഹി: 18ാം ലോക്‌സഭയുടെ സ്പീക്കറായി ബി ജെ പി എംപി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്.ഓം ബിര്‍ള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു. പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി.
നവാഗത എംപിമാര്‍ക്ക് ഓം ബിര്‍ള പ്രചോദനമാണെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം തവണ സ്പീക്കറാകുന്ന രണ്ടാമത്തെയാളാണ് ഓം ബിര്‍ള. നേരത്തെ ബെല്‍റാം ജാക്കറാണ് രണ്ട് തവണ ലോക്‌സഭാ സ്പീക്കറായിരുന്നത്.
രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് ഓം ബിര്‍ള ലോക്‌സഭയിലെത്തുന്നത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്.




