കോട്ടക്കല്‍: വിവാഹത്തില്‍ നിന്ന് പിന്മാറിയതിലുള്ള പ്രതികാരത്തില്‍ വധുവിന്റെ വീടിന് നേരെ വെടിയുതിര്‍ത്ത് വരന്‍. മലപ്പുറം കോട്ടക്കലില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.പ്രതി അരിച്ചോള്‍ നെടുമങ്ങാട്ട് കുളമ്പ് അബു താഹിറിനെ(28) കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടി വെച്ചത്.
വീടിന് മുന്നില്‍ വന്ന് മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നിട്ടുണ്ട്. അബു താഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. പ്രതി ലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതെന്ന് പറയുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അബുതാഹിര്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വീടിന് നേരെ വെടിവെക്കുകയായിരുന്നു. വെടിയൊച്ച കേട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് ആദ്യം വീട്ടിലുള്ളവര്‍ക്ക് മനസിലായിരുന്നില്ല. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്.ഈ സമയത്ത് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ വീട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. ഈ സമയം ആര്‍ക്കെങ്കിലും വെടിയേറ്റിരുന്നെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതി ഒരു മാസം മുന്നെയാണ് എയര്‍ഗണ്‍ വാങ്ങിയത്.തുടര്‍ന്ന് വെടിവെക്കാന്‍ പരിശീലനം നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതിനുശേഷമാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വെടിയുതിര്‍ത്തത്.




