HIGHLIGHTS : ജന്‍ഡര്‍ ന്യൂട്രല്‍ / യൂണിസെക്‌സ് യൂണിഫോമുകളെ കുറിച്ചുള്ള ചര്‍ച്ച നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വളരെ പോസറ്റീവായ ഒരു സം...
ജന്‍ഡര്‍ ന്യൂട്രല്‍ / യൂണിസെക്‌സ് യൂണിഫോമുകളെ കുറിച്ചുള്ള ചര്‍ച്ച നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. വളരെ പോസറ്റീവായ ഒരു സംവാദമാണത്.
കേരളത്തിന്റെ പൊതു വസ്ത്രധാരണ സങ്കല്പത്തിലും ഉടലിന്റെ തൊട്ടു കൂടായ്മാ ബോധത്തിലും ഒരു ഭാഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതറിയാന്‍ യൂണിഫോമില്ലാതെ സ്‌കൂളില്‍ വരുന്ന കുട്ടികളുടെ ഡ്രസ് പാറ്റേണ്‍ നോക്കിയാല്‍ മതി. ഷാളും തട്ടവും സ്ലീവും സ്ലിറ്റുമടക്കം എല്ലാ കാര്യങ്ങളിലും കുട്ടികളുടെ ചോയ്‌സിനാണ് മുന്‍തൂക്കം. ഷര്‍ട്ടും പാന്റുമിടുന്ന ആണ്‍കുട്ടികളേക്കാള്‍ ടീ ഷര്‍ട്ടും കാര്‍ഗോയും ജീന്‍സും സാര്‍വ്വത്രികമാണ്. അതൊന്നും മുതിര്‍ന്നവരെപ്പോലെ പുച്ഛത്തോടെയോ ഭയത്തോടെയോ പുതുതലമുറ കാണുന്നില്ല. ഏത് വേഷത്തിലും അവര്‍ കണ്ണില്‍ നോക്കുന്നു. ആത്മവിശ്വാസത്തോടെയും സ്‌നേഹത്തോടെയും സംസാരിക്കുന്നു.

എങ്കിലും മറ്റൊരു തലത്തില്‍ ചില മടങ്ങിപ്പോക്കുകളുമുണ്ട്. ഉടല്‍ = ലൈംഗികത എന്നും ഉടലിന്റെ കാഴ്ചയും ഇടപഴകലും ലൈംഗികതയെ മാത്രം മുന്‍ നിര്‍ത്തിയത് എന്നുമുള്ള ബോധ്യത്തിനാണ് ഇന്നും പൊതു സമൂഹത്തിലും അദ്ധ്യാപകരിലും മേല്‍ക്കൈ.
അടക്കത്തിന്റെയും ഒതുക്കത്തിന്റെയും അത് സൃഷ്ടിക്കുന്ന ആത്മവിശ്വാസക്കുറവിന്റെയും നിലങ്ങളും നിലയങ്ങളുമായി പെണ്ണുടലുകളെ മാറ്റുന്നതില്‍ ഈ ബോധ്യങ്ങള്‍ക്കും അത് സൃഷ്ടിക്കുന്ന വസ്ത്ര പാറ്റേണുകള്‍ക്കും ചെറിയ പങ്കല്ല ഉള്ളത്.
നിലവില്‍ അത്തരം സദാചാര സങ്കല്പങ്ങള്‍ക്ക് ഏറ്റവും മേല്‍ക്കയ്യുള്ളത് നമ്മുടെ വിദ്യാലയങ്ങളിലാണ്. പ്രത്യേകിച്ച് ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍. ജഠഅ , സ്‌കൂള്‍ സഹായ സമിതി, മാനേജ്‌മെന്റുകളുടെ മത/സാമുദായിക താല്പര്യങ്ങള്‍, അദ്ധ്യാപകരുടെ തന്നെ സദാചാര ബോധം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിദ്യാലയങ്ങളെ നാട്ടു ന്യായത്തിന്റെ നടത്തിപ്പിടങ്ങളാക്കി മാറ്റുന്നുണ്ട്.
ഈയൊരു പശ്ചാത്തലത്തില്‍ ജന്‍ഡര്‍ ന്യൂട്രല്‍ / യൂണിസെക്‌സ് യൂനിഫോമിനുവേണ്ടിയുള്ള വാദങ്ങളെ എതിര്‍ക്കുന്നവരെ ശ്രദ്ധിക്കുകയായിരുന്നു. മത/ സാമുദായിക / യാഥാസ്ഥിതിക പക്ഷത്തു നിന്നാണ് പ്രധാനമായും പ്രക്ഷോഭ സ്വഭാവിയായ എതിര്‍പ്പുയരുന്നത്. പ്രധാനമായും മുസ്ലിം സംഘടനകളില്‍ നിന്ന് . അത് സ്വാഭാവികവുമാണ്. തങ്ങളുടെ വിശ്വാസത്തിനനുസരിച്ച വസ്ത്രധാരണത്തിനെതിരാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നവര്‍ കരുതുന്നു. ആ ആശങ്ക അകറ്റാനാവണം.
പക്ഷേ, ഒരു കാര്യം മത / സ്വത്വ സംഘടനകളും അവ പകര്‍ന്ന ബോദ്ധ്യത്തില്‍ നില്‍ക്കുന്ന അദ്ധ്യാപകരും ഓര്‍ക്കണം.
ചുരിദാറിന് സൈഡ് സ്ലിറ്റ് അനുവദിക്കാതെയും , കൈയ്യിറക്കത്തിനും ഉടലിറക്കത്തിനും മറ്റും അളവ് നല്‍കിയും കോട്ട് ഇടുവിച്ചുമൊക്കെ യൂണിഫോമിന്റെ പേരില്‍ നടക്കുന്ന സദാചാര പരിഷ്‌കാരങ്ങള്‍ ആരുടെ അനുമതിയും സൗകര്യവുമാണ് പരിഗണിച്ചിട്ടുള്ളത് ? അഞ്ചോ ആറോ വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് വരെ മദ്രസ്സാ യൂണിഫോമായി പര്‍ദ്ദ കടന്നു വരാന്‍ തുടങ്ങിയിട്ട് കാലമെത്രയായി? അതാരുടെ നിര്‍ബന്ധവും നിബന്ധനയുമാണ് ? ( വ്യക്തിപരമായ ഒരു ചോയ്‌സ് എന്ന നിലയില്‍ പര്‍ദ്ദ ധരിക്കുന്ന എന്റെ സുഹൃത്തുക്കളടക്കമുള്ള സ്ത്രീകളോട് എനിക്ക് ഒരു അനാദരവുമില്ല.)
നിങ്ങളുടെ ബോധ്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് നിങ്ങള്‍ ഡിസൈന്‍ ചെയ്ത യൂണിഫോം പോലെ, അതിന്റെ അമിതഭാരം വഹിക്കാന്‍ താല്പര്യമില്ലാത്ത കുട്ടികള്‍ക്ക് അതിനും കഴിയണ്ടേ ? ആരോട് ചോദിച്ചിട്ടാണ് ചുരിദാറിന്റെ സ്ലിറ്റ് കൂട്ടിത്തുന്നതടക്കമുള്ള ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ ഇവിടെ സാര്‍വ്വത്രികമായത്? മുണ്ടുടുത്ത് ഹൈസ്‌കൂള്‍ ക്ലാസുകള്‍ മുതല്‍ പഠിച്ച ആളാണ് ഞാന്‍. ആരാണ് എന്റെ പിന്‍ തലമുറയ്ക്ക് മുണ്ട് അനുവദിക്കാതെ പോയത് ? ( ഓണത്തിനും കേരളപ്പിറവിക്കും മുണ്ടുടുത്ത കുട്ടികളെ പുറത്താക്കിയ സ്‌കൂളുകള്‍ വരെ ഉണ്ട്.)
ഒരു പാട് തുണികൊണ്ട് മൂടുമ്പോഴും ഒരു മൊബൈല്‍ ഫോണോ പേഴ്‌സോ പെന്നോ കുത്തിയിടാന്‍ സൗകര്യമില്ലാത്ത എല്ലാ യാഥാസ്ഥിതിക വേഷങ്ങളും പെണ്ണിന് അടിച്ചേല്പിക്കപ്പെട്ടതു തന്നെയാണ്. അതു മാറ്റി പാന്റും ഷര്‍ട്ടും എന്ന് പറയുമ്പോഴേക്കും ‘ആണിന്റെ വേഷം പെണ്ണിടുന്നതാണോ സ്വാതന്ത്ര്യം ! ‘ എന്ന് ചോദിക്കുന്നവര്‍ കരുതുന്നത് ഈ വേഷവിധാനങ്ങളെല്ലാം ഈ പ്രകൃതി പോലെ, നൈസര്‍ഗികമായി ഉണ്ടായതാണ് എന്നാണോ ?
നിന്റെ ശരീരം കുഴപ്പം പിടിച്ചതാണെന്ന് പെണ്‍കുട്ടികളെ തോന്നിപ്പിക്കുന്ന വസ്ത്രക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് വ്യക്തികള്‍ എന്ന നിലയില്‍ പെണ്‍കുട്ടികള്‍ക്ക് സൃഷ്ടിക്കുന്ന ആത്മവിശ്വാസക്കുറവ് ചെറുതല്ല.
പക്ഷേ ഒറ്റയൊരു പാറ്റേണും മോഡലും വികസിപ്പിക്കുകയും അത് നിര്‍ബന്ധിതമാക്കുകയോ അടിച്ചേല്‍പ്പിക്കുകയോ ചെയ്യുന്ന രൂപത്തിലാണ് ഈ ചര്‍ച്ച മുന്നോട്ട് പോവുന്നതെങ്കില്‍ അതും പ്രതീക്ഷിച്ച ഗുണമല്ല ഉണ്ടാക്കുക. പാന്റും ഷര്‍ട്ടും മുണ്ടും കുര്‍ത്തയും ചുരിദാറുമടക്കം ഒരു വലിയ സ്‌പെക്ട്രം വേഷങ്ങള്‍ക്ക് ഒന്നിനും നിര്‍ബന്ധങ്ങളും നിബന്ധനകളുമില്ലാതെ അനുവദിക്കുകയാവും നല്ലത്. കുട്ടികളുടെ സൗകര്യത്തിന് തെരെഞ്ഞെടുക്കട്ടെ . (തീര്‍ച്ചയായും വലിയൊരു വിഭാഗത്തിന് അത് രക്ഷിതാക്കളുടെ സൗകര്യം തന്നെയായിരിക്കുമെങ്കില്‍ പോലും.)
ഇത്ര വലിയ ഒരു മാറ്റത്തെ അടിച്ചേല്പിക്കുമ്പോള്‍ യാഥാസ്ഥിതികത്വം സൃഷ്ടിക്കുന്ന വിവാദങ്ങളും ബഹളങ്ങളും അതിജീവിക്കാന്‍ കഴിയുന്നത്ര ആരോഗ്യമില്ല സമകാലിക സമൂഹത്തിലെ നവോത്ഥാന ബോദ്ധ്യങ്ങള്‍ക്ക്. പല അനുഭവങ്ങള്‍ നമ്മെ അത് ബോധ്യപ്പെടുത്തിയതാണ്.
ജന്‍ഡര്‍ ന്യൂട്രാലിറ്റി പോലെ പ്രധാനമാണ് ക്ലൈമറ്റ് ഫ്രണ്ട്‌ലി ആവുക എന്നതും. ഉപരിവര്‍ഗ്ഗ വിദ്യാലയങ്ങളെ അനുകരിച്ച് കോട്ടും ടൈയും ഷൂവുമാണ് വിദ്യാലയത്തിന്റെ അന്താരാഷ്ട്ര നിലവാരത്തിന്റെ അടയാളമെന്ന് തെറ്റിദ്ധരിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണക്കാരും നാട്ടില്‍ കുറവല്ല. മഴക്കാലത്ത് മര്യാദയ്ക്ക് ഉണങ്ങാതെയും മഴ പോയാല്‍ വെന്ത് പുഴുങ്ങിയും ഇരിക്കാന്‍ മാത്രം ഈ കുഞ്ഞുങ്ങള്‍ നിങ്ങളോടെന്ത് ചെയ്തിട്ടാണ് ?
ഞങ്ങളുടെ ഒക്കെ കാലത്ത് യൂണിഫോമില്‍ കളര്‍ മാത്രമായിരുന്നു പ്രധാനം. സ്റ്റിച്ചിങ്ങ് പാറ്റേണില്‍ ഇത്രയും സൈനികമാതൃകയിലെ കടുംപിടുത്തം ഉണ്ടായിരുന്നില്ല. അന്ന് മുണ്ടുടുക്കാനും തടസ്സമില്ലായിരുന്നു. ഞാനൊക്കെ മുണ്ടുടുത്ത് സ്‌കൂളില്‍ പോയ ആളാണ്. മുണ്ടും യൂണിഫോമിന്റെ ഭാഗമായി അനുവദിക്കണം. കേരളപ്പിറവിക്കും ഓണത്തിനും പോലും മുണ്ടു കേറാ മലകളായ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ഉണ്ട് കേരളത്തില്‍. അതും മാറണം.