Section

malabari-logo-mobile

‘എനിക്കൊന്നും പറയാനില്ല, പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്ക്’; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുധാകരന്‍

HIGHLIGHTS : സിപിഐഎം അച്ചടക്കനടപടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ജി സുധാകരന്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ ...

സിപിഐഎം അച്ചടക്കനടപടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ജി സുധാകരന്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ ക്ലിഫ് ഹൗസിന്റെ പുറക് വശത്ത് കൂടിയാണ് സുധാകരന്‍ മടങ്ങിയത്. പാര്‍ട്ടി നടപടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് പിന്നീട് റസ്റ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് ജി സുധാകരന്‍ പ്രതികരിച്ചത്. എന്തെങ്കിലും ഉണ്ടെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സുധാകരന് വീഴ്ച സംഭവിച്ചെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. സുധാകരന്റെ ഭാഗത്ത് നിന്നും കുറ്റകരമായ രീതിയിലുള്ള അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

sameeksha-malabarinews

സിപിഐഎം സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ”നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ സന്ദര്‍ഭത്തിലും തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരന്‍ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. ഇതിന്റെ പേരില്‍ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.”

ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. എളമരം കരീമും കെ.ജെ.തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നടപടിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു എകെജി സെന്ററില്‍ നിന്ന് സുധാകരന്‍ ക്ലിഫ് ഹൗസിലെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!