Section

malabari-logo-mobile

പ്രമേഹ പരിശോധന ഇനി 25 വയസുമുതൽ ആരംഭിക്കണം; പഠന റിപ്പോർട്ട് പുറത്ത്

HIGHLIGHTS : Diabetes testing should start at age 25; Study report out

25 വയസ്സുമുതല്‍ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകള്‍ ആരംഭിക്കണമെന്ന് ഗവേഷകര്‍. പ്രമേഹത്തെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന് ശേഷം ‘ഡയബെറ്റിക് ആന്‍ഡ് മെറ്റബോളിക് സിന്‍ഡ്രോം-ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് റിവ്യൂസ്’ എന്ന മെഡിക്കല്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

നിലവില്‍ സര്‍ക്കാരിന്റെയും ഐ.സി.എം.ആറിന്റെയും നിര്‍ദേശങ്ങളില്‍ പറയുന്നത് 30 വയസ്സ് മുതല്‍ പ്രമേഹ പരിശോധനകള്‍ നടത്തണമെന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ചെറുപ്പക്കാരില്‍ പ്രമേഹം കണ്ടെത്തുന്നതിന്റെ തോത് കൂടിയിട്ടുണ്ടെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡയബറ്റിക് കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സ്‌ക്രീനിങ് നേരത്തെ നടത്തേണ്ട അവസ്ഥയാണ്- ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

sameeksha-malabarinews

ഇന്ത്യയില്‍ 77 മില്ല്യണ്‍ പ്രമേഹരോഗികളുണ്ട്. ഡയബറ്റിക് കേന്ദ്രങ്ങളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തതില്‍ നിന്നും ഗവേഷകര്‍ക്ക് മനസ്സിലാക്കാനായത് 30 വയസ്സിന് താഴെയുള്ള 77.6 ശതമാനം പേരും അമിതവണ്ണവും ഭാരവും ഉള്ളവരാണെന്നാണ്. കൂടുതല്‍ ചെറുപ്പക്കാരാണ് പ്രമേഹം മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നത്. ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും പ്രമേഹം മൂലം ഉണ്ടാകുന്നുവെന്നും പഠനത്തില്‍ വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം ചെറുപ്പം മുതല്‍ തന്നെ ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

25 വയസ്സുള്ള ഒരാള്‍ക്ക് കുടവയര്‍, അമിതവണ്ണം, അമിതഭാരം, കുടുംബത്തില്‍ പ്രമേഹ പാരമ്പര്യം എന്നിവയുണ്ടെങ്കില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പ്രമേഹ പരിശോധന നടത്തണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഡോ. അനൂപ് മിശ്ര, മലയാളി പ്രമേഹ രോഗവിദഗ്ധന്‍ ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവര്‍ പഠന സംഘത്തിലുണ്ട്.

കേരളത്തില്‍ പ്രമേഹത്തിന്റെ വ്യാപ്തി കൂടുതലാണ്. കേരളത്തിലെ ചെറുപ്പക്കാരിലും ഇതേ ട്രെന്‍ഡ് തന്നെയാണ് കാണാനുള്ളത്. അതിനാല്‍ തന്നെ പ്രമേഹം നേരത്തെ കണ്ടെത്താനുള്ള പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!