Section

malabari-logo-mobile

വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു

HIGHLIGHTS : Famous French director Zhang Luc Godard (91) has passed away

വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് (91) അന്തരിച്ചു. ലോക സിനിമയെ ആഴത്തില്‍ സ്വാധീനിച്ച ഫ്രഞ്ച് നവതരംഗ സിനിമയുടെ പതാകാ വാഹകരില്‍ ഒരാളായിരുന്നു. 1950-കളിലും 60-കളിലും സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാര്‍ദ്. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. 1960 ല്‍ പുറത്തിറങ്ങിയ ബ്രെത്ത്‌ലെസ് മുതല്‍ 2018ല്‍ പുറത്തിറങ്ങിയ ദി ഇമേജ് ബുക്ക് വരെയുള്ള അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി ഒരു ചലച്ചിത്ര വിദ്യാര്‍ഥിക്ക് ഒഴിവാക്കാനാവാത്തതാണ്.

‘പൊളിറ്റിക്കല്‍ സിനിമ’യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ് സംവിധായകന്‍ എന്നീ നിലകളിലും ഗൊദാര്‍ദ് ശക്തമായ സാന്നിധ്യമായി. കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്‌കെയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഗൊദാര്‍ദിന് ആയിരുന്നു.

sameeksha-malabarinews

അന്‍പതുകളുടെ അവസാനം കയേ ദു സിനിമ എന്ന ഫ്രഞ്ച് ചലച്ചിത്ര മാസികയില്‍ ചലച്ചിത്ര നിരൂപണങ്ങള്‍ എഴുതിക്കൊണ്ടാണ് സിനിമയുമായുള്ള ബന്ധം ഗൊദാര്‍ദ് ആരംഭിക്കുന്നത്. അക്കാലത്തെ ഫ്രഞ്ച് സിനിമയിലും ഹോളിവുഡിലും മാധ്യമം എന്ന നിലയിലും ഉള്ളടക്കത്തിലും യാഥാസ്ഥിതികത്വം ദര്‍ശിച്ച ഗൊദാര്‍ദ് അതിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഫ്രാന്‍സ്വ ത്രൂഫോയടക്കം കയേ ദു സിനിമയിലെ സ്ഥിരം എഴുത്തുകാരില്‍ പലരും ഏറെ വൈകാതെ സിനിമാ സംവിധാനത്തിലേക്ക് എത്തി.

എ വുമണ്‍ ഈസ് എ വുമണ്‍, മസ്‌കുലൈന്‍ ഫെമിനൈന്‍, നമ്പര്‍ റ്റു, പാഷന്‍, ഫസ്റ്റ് നെയിം കാര്‍മെന്‍, ജെഎല്‍ജി/ ജെഎല്‍ജി: സെല്‍ഫ് പോര്‍ട്രെയ്റ്റ് ഇന്‍ ഡിസംബര്‍, ഫിലിം സോഷ്യലിസം തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!