Section

malabari-logo-mobile

പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ എം കുഞ്ഞാമന്‍ അന്തരിച്ചു

HIGHLIGHTS : Eminent economist and Dalit thinker Dr M Kunhaman passed away

തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ എം കുഞ്ഞാമനെ (74) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടില്‍ നിന്ന് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഈ ലോകത്ത് നിന്ന് പോകുന്നുവെന്നും, ഏറെ ആലോചിച്ചെടുത്ത തീരുമാനമെന്നും കുറിപ്പിലുണ്ട്. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റും.

ജാതിവിവേചനത്തിനെതിരെ പടപൊരുതിയ കുഞ്ഞാമന്‍ രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. എംഎം സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയ കുഞ്ഞാമന്‍ എംഫിലും പിന്നെ പിഎച്ച് ഡിയും സ്വന്തമാക്കിയാണ് അധ്യാപക ജോലിയിലേക്ക് കടന്നത്. കാര്യവട്ടത്ത് 27 വര്‍ഷം സാമ്പത്തികശാസ്ത്രവഭാഗത്തില്‍ അധ്യാപകനായിരുന്നു. സുഹൃത്തായ കെഎം ഷാജഹാന്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞാമനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ കെ എം ഷാജഹാന്‍ കുഞ്ഞാമന്റെ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. കുഞ്ഞാമന്റെ വീട്ടിലെത്തിയപ്പോള്‍ ചെരുപ്പും പത്രവും പുറത്ത് കിടക്കുകയായിരുന്നുവെന്നും അകത്ത് ഫാന്‍ തിരിയുന്നുണ്ടായിരുന്നുവെന്നും ഷാജഹാന്‍ പറയുന്നു. എന്നാല്‍ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇന്നലെ കുഞ്ഞാമന്‍ കാണണമെന്ന് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യത്തെ വീട്ടിലെത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു. പൊലീസെത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കുറച്ച് മാസങ്ങളായി തനിച്ചായിരുന്നു താമസം. കുഞ്ഞാന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി അറിവില്ലെന്നും കെഎം ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായാണ് കുഞ്ഞാമന്റെ ജനനം. പാണ സമുദായത്തില്‍ പിറന്ന കുഞ്ഞാമന്റെ ബാല്യം ജാതി വിവേചനത്തിന്റെയും പട്ടിണിയുടെയും ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം കഠിനാദ്ധ്വാനത്തിലൂടെ മറികടന്ന കുഞ്ഞാമന്‍ പഠനത്തിലൂടെ അതിനെയെല്ലാം മറികടന്നു. അതിനെയെല്ലാം നേരിട്ട അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.  ഭാര്യ രോഹിണി മലപ്പുറം വണ്ടൂരിലെ വീട്ടിലും, മകള്‍ അമേരിക്കയിലുമാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തിരുവനന്തപുരം സിഡിഎസില്‍ നിന്ന് എംഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി. പിന്നീട് അധ്യാപന മേഖലയിലേയ്ക്ക് മാറിയ കുഞ്ഞാമന്‍ കേരള സര്‍വകലാശായുടെ കാര്യവട്ടം കാമ്പസില്‍ സാമ്പത്തിക ശാസ്ത്ര വകുപ്പില്‍ അദ്ധ്യാപകനായി ചുമതലയേറ്റു. 27 വര്‍ഷം ഇവിടെ അധ്യാപകനായിരുന്നു. 2006ല്‍ ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ തുല്‍ജാപൂര്‍ ക്യാമ്പസില്‍ അദ്ധ്യാപകനായി ഒമ്പത് വര്‍ഷം സേവനം അനുഷ്ഠിച്ചു.

ഡോക്ടര്‍ എം കുഞ്ഞാമനെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ കെ കണ്ണന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘എതിര്’ എന്ന അനുഭവക്കുറിപ്പ് കേരളം വലിയ നിലയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ കുഞ്ഞാമന്‍ ഈ അവാര്‍ഡ് നിരസിക്കുകയായിരുന്നു.

എം ജി യൂണിവേഴ്‌സിറ്റിയിലെ നെല്‍സണ്‍ മണ്ടേല ചെയര്‍ പ്രൊഫസറായിരുന്നു. Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ് പ്രധാന കൃതികള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!