Section

malabari-logo-mobile

മനുഷ്യമസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിച്ച എലോണ്‍ മസ്‌കിന്റെ പരീക്ഷണം ആദ്യഘട്ടം വിജയം

HIGHLIGHTS : Elon Musk's experiment with a chip implanted in the human brain is a success

ന്യൂറാലിങ്കിന്റെ ചിപ്പ് ഒടുവില്‍ വിജയകരമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചു. ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് എലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് ആദ്യമായി മനുഷ്യന്റെ തലച്ചോറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ചിപ്പ് ഘടിപ്പിച്ച രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് മസ്‌ക് അറിയിച്ചു. പുറത്തുവരുന്ന ആദ്യത്തെ ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് മസ്‌ക് അറിയിച്ചു. തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഈ സംവിധാനത്തിനു ഭാവിയില്‍ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളര്‍ന്നു പോയവര്‍ക്കും, കാഴ്ചശക്തിയില്ലാത്തവര്‍ക്കുമൊക്കെ തുണയാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്.

ജൂലൈ 2016ല്‍ കാലിഫോര്‍ണിയയില്‍ മെഡിക്കല്‍ ഗവേഷണത്തിനായി രജിസ്റ്റര്‍ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവന്‍ മസ്‌കിന്റെതാണ്. തുടക്കത്തില്‍ അമ്യോട്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് (എഎല്‍എസ്) പോലെയുള്ള കടുത്ത പ്രശ്നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്. ചിന്തകളെപ്പോലും അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വരെ ശേഷി ആര്‍ജ്ജിച്ചേക്കുമെന്നു കരുതുന്ന ‘ന്യൂറല്‍ ലെയ്സ്’ ടെക്നോളജി അടക്കമാണ് പുതിയ ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫെയ്സിന്റെ സാധ്യതയായി കാണുന്നത്.

sameeksha-malabarinews

മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് ഗവേഷണ പദ്ധതിക്ക് തുടക്കമിട്ടത്. തലച്ചോറിനകത്ത് സര്‍ജറിയിലൂടെ ചിപ്പുകള്‍ സ്ഥാപിച്ച് ഇതുവഴി കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാക്കുകയാണ് ചെയ്തത്. ബ്രെയിന്‍ ചിപ്പ് സ്വീകരിച്ചയാള്‍ സുഖം പ്രാപിച്ചു വരുന്നതായും പ്രാരംഭ ഫലങ്ങള്‍ ശുഭസൂചകമാണെന്നും ട്വീറ്റില്‍ വിശദമാക്കി.

മനുഷ്യന് ചലിക്കാനുള്ള ആഗ്രഹം സന്ദേശങ്ങളാക്കുന്ന തലച്ചോറിന്റെ ഭാഗത്ത് മുടിനാരിഴയെക്കാള്‍ നേരിയ 64 ചിപ്പുകള്‍ സ്ഥാപിച്ചു. ഇതിനെ വയര്‍ലെസ് സംവിധാനം വഴി കമ്പ്യൂട്ടറുമായി കൂട്ടിയിണക്കി. പുറത്ത് നിന്നും റിമോട്ടായി ചാര്‍ജ് ചെയ്യാവുന്നവയാണ് ഈ ചിപ്പ് നാരുകള്‍.

പാര്‍ക്കിന്‍സണും അല്‍ഷിമേഴ്‌സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായി പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ന്യൂറോടെക്‌നോളജിയില്‍ വിപ്ലകരമായ നേട്ടമായാണ് ന്യൂറാലിങ്കിന്റെ പരീക്ഷണം വിലയിരുത്തപ്പെടുന്നത്.

ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നയിച്ചിരുന്നു. പരീക്ഷണം നടത്തിയ കുരങ്ങുകള്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും ഗുരുതരമായ ശാരീരിക വെല്ലുവിളികളും നേരിട്ടത് എതിര്‍പ്പ് ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷമാണ് ന്യൂറാലിങ്കിന് മനുഷ്യ മസ്തിഷ്‌കത്തില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചത്.

മനുഷ്യന്റെ ചിന്തകളെ തലച്ചോറില്‍ നിന്നു തന്നെ ചോര്‍ത്തുന്ന ഭീഷണമായ സാഹചര്യമാണ് ഇതുവഴി ഉണ്ടാവാനിരിക്കുന്നത് എന്നും വിമര്‍ശനമുണ്ടായിരുന്നു. ഒരാളുടെ ചിന്തകളെ സ്‌കാന്‍ ചെയ്യാനും ചോര്‍ത്താനും ഇതുവഴി കഴിയും. തിരിച്ചറിയാത്ത ആഗ്രഹങ്ങള്‍ പോലും കമ്പ്യൂട്ടറും മൊബൈലും പിടിച്ചെടുക്കും.

”അംഗഭംഗം വന്നവരായിരിക്കും തുടക്കത്തില്‍ ഈ സാങ്കേതിക വിദ്യയുടെ ഗുണഭോക്താക്കള്‍. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ശാസ്ത്ര ചിന്തകന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന് അതിവേഗതയുള്ള ഒരു ടൈപ്പിസ്റ്റിനേക്കാള്‍ വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ഘട്ടത്തേക്കുറിച്ച് ചിന്തിച്ചു നോക്കുക, അതാണ് തങ്ങളുടെ ലക്ഷ്യം”. മസ്‌ക് എക്‌സിലൂടെ അഭിപ്രായപ്പെട്ടു. ടെലിപ്പതി എന്നാണ് ന്യൂറാലിങ്കിന്റെ ആദ്യത്തെ പ്രൊഡക്ടിന് പേരിട്ടിരിക്കുന്നത്.

തലച്ചോറില്‍ മുറിവുകള്‍ ഉണ്ടാക്കാതെ സൂക്ഷ്മമായി തന്നെ ചിപ്പ് നാരുകള്‍ നിക്ഷേപിക്കാനാവും എന്നതാണ് ന്യൂറാലിങ്ക് പദ്ധതിയെ ഈ രംഗത്തെ ഇതര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ന്യൂറാലിങ്കുമായി മത്സരിച്ചുകൊണ്ട് മറ്റ് ഗവേഷണ സ്ഥാപനങ്ങളും രംഗത്തുണ്ട്. അമേരിക്കയില്‍ ഒരു സംഘം ഗവേഷകര്‍ വ്യക്തിയുടെ ആശയ വിനിമയത്തിനുള്ള ത്വര ഡികോഡ് ചെയ്ത് ഭാഷയിലാക്കി എടുത്തത് വാര്‍ത്തയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!