Section

malabari-logo-mobile

ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അവകാശമുള്ള ഒരു രാജ്യത്ത് വിവാഹിതരാവാൻ മാത്രം വിലക്കെന്തിന്?

HIGHLIGHTS : പതിനെട്ടോ, ഇരുപത്തി ഒന്നോ? രാജ്യത്ത് വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കുറിച്ചുള്ള ഒരു സംവാദമാണിത് ...

അധ്യാപകനും, എഴുത്തുകാരനും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷിജു ആര്‍ എഴുതുന്നു.

ഓർമ്മയുണ്ടോ വയനാട് അമ്പലവയലിലെ ബാബുവിനെ ?
പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് കോടതിയിൽ ഹാജരാക്കി നാല്പത് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുമ്പോഴും ബാബു എന്ന പണിയ യുവാവിന് അറിയില്ലായിരുന്നു ; താൻ ചെയ്ത കുറ്റമെന്തായിരുന്നു എന്ന്. പക്ഷേ പോലീസ് കണ്ടെത്തിയതും കോടതി ശിക്ഷിച്ചതുമായ കേസിന്റെ കുറ്റപത്രം ഇങ്ങനെയായിരുന്നു. ബാബു സ്വസമുദായത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുകയും അതിൽ ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തിരിക്കുന്നു. POCSO നിയമപ്രകാരവും ബാല പീഡനത്തിനാണ് ബാബുവിനെ അറസ്റ്റ് ചെയ്തതും ശിക്ഷിച്ചതും. ബാബു ഒറ്റയ്ക്ക് ഒരാളായിരുന്നില്ല. അമ്പതിലേറെ ആദിവാസി യുവാക്കളാണ് ഗോത്രാചാര പ്രകാരം വിവാഹിതരായതിന്റെ പേരിൽ അറസ്റ്റും നിയമ നടപടികളും ജയിൽവാസവും അനുഭവിക്കേണ്ടി വന്നത്.

sameeksha-malabarinews

ഈ പ്രശ്നം മുൻനിർത്തി വലിയ മനുഷ്യാവകാശ പ്രക്ഷോഭങ്ങൾക്ക് വയനാട് സാക്ഷ്യം വഹിച്ചത്. ആ പ്രക്ഷോഭത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റുകളാരും ബാല വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരായിരുന്നില്ല.
ആദ്യമായി അദ്ധ്യാപക നിയമനം കിട്ടി പോയ കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളുണ്ട്. പാരമ്പര്യ സ്വത്തിന്റെ പിൻബലവും പ്രിവിലേജുമില്ലാത്ത പല സമുദായങ്ങളിലെയും പെൺകുട്ടികൾക്ക് തുടർ പഠനമൊന്നും സ്വപ്നം കാണാവുന്ന അവസ്ഥയായിരുന്നില്ല. പ്ലസ്ടു കഴിയുന്നതോടെ വിവാഹിതരാവുകയായിരുന്നു പതിവ്.
മുഖ്യധാരാ സമൂഹം ആർജിച്ച ഭൗതിക പുരോഗതിയുടെയും നാഗരികാവബോധങ്ങളുടെയും തുടർച്ചയിലാണ് ബാലവിവാഹമടക്കമുള്ള പല അനാചാരങ്ങളും കടലെടുത്തു പോയത്. സാമൂഹ്യ പ്രക്ഷോഭങ്ങളും അവബോധ നിർമ്മിതിയും വിദ്യാഭ്യാസ മുന്നേറ്റവുമെല്ലാം അതിൽ പങ്കു വഹിക്കുന്നു.
മുഖ്യധാരാ സമൂഹത്തിന്റെ പുരോഗതിയുടെയും ആധുനികവൽക്കരണത്തിന്റെയും ഗതിവേഗത്തിനൊപ്പം പോവാൻ കഴിയാതെ പോയ തജ്ജന്യ സമൂഹങ്ങൾ ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലുമുണ്ട്. അവരുടെ വൈകാരിക ജീവിതത്തിന്റെ ഭാഗമായ ആചാരങ്ങളോടും രീതികളോടും തന്മയീഭാവത്തോടും അനുതാപത്തോടും ഇടപെടുക എന്നതാണ് ജനാധിപത്യ ഭരണകൂടങ്ങളുടെ ബാധ്യത. കൊളോണിയൽ ആധുനിക തജ്ജന്യ സംസ്കൃതികളെ മണ്ണിലിട്ടു ചവിട്ടിക്കുഴച്ച പോലെയും വംശഹത്യ നടത്തിയതുപോലെയും ജനാധിപത്യ ഭരണകൂടങ്ങൾ ഇടപെട്ടു കൂടാ.


ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഇൻഡിജിനയസ് റൈറ്റ്സ് ഡിക്ലറേഷനിലെ രണ്ട് പ്രധാന നിർദേശങ്ങൾ നോക്കുക.
Article 11
1. Indigenous peoples have the right to practice and revitalize their cultural traditions and customs. This includes the right to maintain, protect and develop the past, present and future manifestations of their cultures, such as archaeological and historical sites, artefacts, designs, ceremonies, technologies and visual and performing arts and literature.
Article 12
1. Indigenous peoples have the right to manifest, practice, develop and teach their spiritual and religious traditions, customs and ceremonies; the right to maintain, protect, and have access in privacy to their religious and cultural sites; the right to the use and control of their ceremonial objects; and the right to the repatriation of their human remains.
ഇൻഡിജിനിയസ് സമൂഹങ്ങളിലെ ബാല വിവാഹമടക്കമുള്ള കാര്യങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതല്ലേ. തീർച്ചയായും നാമത് ആഗ്രഹിക്കുന്നുണ്ട്. നിയമവും കോടതിയും പോലീസും നടത്തുന്ന ബലപ്രയോഗത്തിലൂടെയല്ല, വിദ്യാഭ്യാസവും തൊഴിലും വ്യവസായ വികസനവും ഉദ്യോഗസ്ഥ പങ്കാളിത്തവുമടുക്കമുള്ള സാമൂഹിക ശാക്തീകരണത്തിന്റെ ഭാഗമായാണ് അത് നടക്കേണ്ടത്. അതിനൊപ്പമുള്ള ബോധവൽക്കരണവും നിയമ സമ്മർദ്ദവുമാണ് ഫലവത്താകുക.
സൂര്യനെല്ലി മുതൽ വാളയാറും പാലത്തായിയും വരെ പലയിടങ്ങളിലും അറച്ചും മടിച്ചും നിന്നതിന് കോടതിയുടെ വിമർശനമേറ്റു വാങ്ങിയ അന്വേഷണ സംവിധാനങ്ങൾ തന്നെയാണ് വയനാട്ടിലെ ഊരുകളിൽ ഇരച്ചുകയറി ഗോത്രാചാരപ്രകാരം വിവാഹം കഴിച്ച അമ്പതിലേറെ യുവാക്കളെ തുറുങ്കിലടച്ചത്.
ജാതി ജന്മിത്തത്തിന്റെ ഭാഗമായി ബാല ലൈംഗിക ചൂഷണങ്ങൾ വരെ നടക്കുന്ന ഇന്ത്യൻ സാമൂഹ്യ വവസ്ഥയിൽ , പഠിക്കാൻ തയ്യാറായ മനീഷാ ബാൽമീകിയെ ബലാൽക്കാരം ചെയ്തു കൊന്നു ചുട്ടുകളഞ്ഞ ഇന്നത്തെ അവസ്ഥയിൽ 18 വയസ്സ് മാറ്റി 21 വയസ്സാക്കി വിവാഹ പ്രായം വർദ്ധിപ്പിച്ചത് വിശേഷിച്ച് എന്തു ഗുണമാണ് ചെയ്യുക ?
ദുർബല ഗോത്ര സമൂഹങ്ങളെ പോലെ നേരത്തെ വിവാഹം കഴിക്കുന്ന സംസ്കാരമുള്ളവരെ കുറ്റവാളികളും തടവുപുള്ളികളുമാക്കാൻ ഒരു കാരണം കൂടി കിട്ടുമെന്നല്ലാതെ.
പതിനെട്ടു വയസ്സ് വോട്ടവകാശവും ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ അവകാശമുള്ളതുമായ ഒരു രാജ്യത്ത് വിവാഹിതരാവാൻ മാത്രം വിലക്കെന്തിന് എന്നാണ് മനസ്സിലാവാത്തത് !
സൗകര്യങ്ങളുടെ എക്സ്പ്രസ് ഹൈവേയിൽ കുതിക്കുമ്പോൾ കണ്ണിൽ പെടാത്ത അരികു ജീവിതങ്ങളുണ്ട്.. അവരുടെ കാൽനടയാത്രയുടെയും കാളവണ്ടിയുടെയും കിതപ്പുകളുണ്ട്. അതിനു കൂടി കാതോർക്കുന്നതാണ് ജനാധിപത്യം.
പല സൈബർ ഇടതുപക്ഷക്കാരും ചില മുസ്ലിം സമുദായ സംരക്ഷകരും കരുതും പോലെ വിവാഹപ്രായം വർദ്ധിപ്പിച്ചത് ഒരു മുസ്ലീം വിഷയേമയല്ല. കേരളത്തിലെ മുസ്ലീം പെൺകുട്ടികളുടെ ശരാശരി വിവാഹ പ്രായമൊക്കെ മാറിയിട്ട് കാലം കുറച്ചായി.
ഇക്കാരണങ്ങൾ കൊണ്ട് ഇക്കാര്യത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും Fathima Thahiliya ക്കും ഒപ്പമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!