തോട്ടം തൊഴിലാളികള്‍ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം ; ‘ഓണ്‍ യുവര്‍ ഓണ്‍ ഹൗസ്’ ഭവന പദ്ധതിയുമായി തൊഴില്‍ വകുപ്പ്

സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത തോട്ടം തൊഴിലാളികള്‍ക്കായി സ്വന്തമായി വീട് ഒരുക്കാന്‍ തൊഴില്‍ വകുപ്പ് ‘ഓണ്‍ യുവര്‍ ഓണ്‍ ഹൗസ് ‘ ഭവന പദ്ധതി നടപ്പാക്കുന്നു. തലമുറകളായി തോട്ടം ലയങ്ങളിലെ ഒറ്റമുറിയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. തൊഴില്‍ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല.

ആദ്യഘട്ടത്തില്‍ ഇടുക്കി കുറ്റിയാര്‍വാലിയില്‍ പത്തു വീടുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി. കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ദേവികുളം താലൂക്കിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ 5.49 ഏക്കര്‍ റവന്യൂ ഭൂമി കണ്ടെത്തി. കൊല്ലം പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സിലെ തൊഴിലാളികള്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണവും തുടങ്ങി.

തോട്ടങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ പല തലമുറകള്‍ ഒരുമിച്ച് കഴിയേണ്ട നിലയാണ് പല ലയങ്ങളിലും. ഈ സാഹചര്യത്തിലാണ് തൊട്ടം തൊഴിലാളികള്‍ക്കായി ഭവനപദ്ധതികള്‍ നടപ്പാക്കുന്നത്.

വയനാട് ജില്ലയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് നൂറ് വീടുകളാണ് തൊഴില്‍ വകുപ്പ് നിര്‍മ്മിക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ ഒരേക്കര്‍ ഭൂമി കൈമാറാന്‍ നടപടികളായി. ഇടുക്കി പീരുമേട്ടില്‍ ഭവന പദ്ധതിക്കായി ഭൂമികണ്ടെത്താനുള്ള നടപടിയും തുടരുകയാണ്. ഭവനം ഫൗണ്ടേഷന്റെ സഹകരണത്തോടെ തൊഴില്‍ വകുപ്പ് നടത്തിയ സര്‍വേയില്‍ 32,454 തോട്ടം തൊഴിലാളികള്‍ക്ക് വീടില്ലെന്ന് കണ്ടെത്തിയിരുന്നു. വിരമിച്ച തൊഴിലാളികളില്‍ 5348 പേര്‍ക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനുള്ള നടപടികളും തുടരുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •