Section

malabari-logo-mobile

‘തനി ഗുണ്ടായിസം, അപായപ്പെടുത്തുമെന്ന് ഭീഷണി, പേടിയുണ്ട് ; എംപിക്കും കൂട്ടര്‍ക്കുമെന്തേ വേറെ നിയമങ്ങള്‍’; വീഡിയോ പകര്‍ത്തിയ യുവാക്കള്‍

HIGHLIGHTS : The young men who filmed the video received death threats

പാലക്കാട്: രമ്യാ ഹരിദാസ് എംപിയുടെ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന എംപി തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശരിയല്ലെന്നും അതാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും യുവാക്കളിലൊരാള്‍ പ്രതികരിച്ചു.

വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടതിന് പിന്നാലെ തങ്ങളെ അപായപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും കാണിച്ചു തരാമെന്ന് പറഞ്ഞ് തന്റെ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് നിന്ന് പോയതെന്നും യുവവ് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ അപായപ്പെടുത്തുമെന്ന പേടിയുണ്ട്. എംപിക്കും സംഘത്തിനും ഇവിടെ പ്രത്യേകനിയമങ്ങളാണ്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.

sameeksha-malabarinews

ഇന്ന് ഉച്ചയ്ക്കാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഹോട്ടല്‍ അധികൃതരോട് സംഭവം ചോദിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്.

”ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. അകത്ത് എംപിയെ ഇരുത്തി കഴിപ്പിക്കുന്നു. അതെന്ത് ന്യായം.” എന്നാണ് യുവാവ് ഹോട്ടല്‍ അധികൃതരോട് ചോദിച്ചത്. ഇതിനോട് ”നമുക്കൊന്നും പറയാന്‍ പറ്റില്ല” എന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ഞാന്‍ പറയുമെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ഹോട്ടലിനുള്ളില്‍ കയറി രമ്യയോട് കാര്യങ്ങള്‍ വിശദീകരിച്ചത്.

തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന എംപി താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഇതിനിടെയാണ് രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചത്. നിയമലംഘനം ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരുക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തു. യുവാക്കള്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ് വിഷയത്തില്‍ പ്രതികരിച്ചു.

അതേസമയം, രമ്യക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പാലക്കാട് ജില്ലയിലെ ഇന്നത്തെ കൊവിഡ് കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ ഏറെയും. മരണത്തിന്റെ വ്യാപാരികള്‍ എന്നാണ് സോഷ്യല്‍മീഡിയ രമ്യ ഹരിദാസിനെയും വിടി ബല്‍റാമിനെയും വിശേഷിപ്പിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!