Section

malabari-logo-mobile

പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി വി. ശിവന്‍കുട്ടി

HIGHLIGHTS : Curriculum reform will be completed in time: Minister V. Shivankutty

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും വകുപ്പിന്റെയും പ്രവര്‍ത്തനം വിലയിരുത്താന്‍ വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് – പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും എന്നിവയുടെ കരട് പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വയസ് വരെയുള്ള കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹിക, വൈകാരിക വികാസത്തിന് ഊന്നല്‍നല്‍കിയുള്ള പാഠ്യപദ്ധതി രൂപീകരണമാണ് പ്രീപ്രൈമറി പാഠ്യ പദ്ധതി പരിഷ്‌കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ശൈശവകാല വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളായ അടിസ്ഥാന ശേഷി വികാസം, വളര്‍ച്ച, ഔപചാരിക വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പ് എന്നിവയ്‌ക്കെല്ലാം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ഊന്നല്‍ നല്‍കുന്നുണ്ട്. സംസ്ഥാനം ആദ്യമായി മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തിനും തുടര്‍ വിദ്യാഭ്യാസത്തിനുമായി പാഠ്യ പദ്ധതി തയാറാക്കുകയാണ്. ലോകത്താകമാനം തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി വര്‍ധിക്കുന്ന സമയത്താണ് സംസ്ഥാനത്തിന്റെ ഈ തീരുമാനം. ലോകമാകെ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ അറിവിന്റെ വ്യാപ്തി വര്‍ധിച്ചുവരികയാണ്. ഓരോ വ്യക്തിക്കും അഭിരുചിയുടെ അടിസ്ഥാനത്തില്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും സ്വന്തം സമയത്തിനനുസരിച്ച് അവ പൂര്‍ത്തീകരിക്കാനുമുള്ള സൗകര്യം ഈ മേഖല തുറന്നുനല്‍കുന്നണ്ട്. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും കാലം ആവശ്യപ്പെടുന്നതരത്തിലുള്ള കോഴ്‌സുകള്‍ രൂപപ്പെടുത്താനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

വായനശാലകളെ ജനകീയ സര്‍വകലാശാലകളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സ്‌കോള്‍ കേരള പോലുള്ള ഏജന്‍സികള്‍ക്കു കഴിയുമോയെന്നു പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തുടര്‍ വിദ്യാഭ്യാസം ലക്ഷ്യംവച്ചാണു സര്‍ക്കാര്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്. ഇതേ രീതിയില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സ്‌കോള്‍ കേരളയും സജ്ജമാകണം. മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകരുടെ പരിശീലന പരിപാടികള്‍ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണം. നല്ല കരിക്കുലം മികച്ച അധ്യാപകരിലൂടെ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കി നല്ല സമൂഹം സൃഷ്ടിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് രേഖകള്‍ നല്‍കി മന്ത്രി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സെമിനാറും നടന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!