Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയിലെ ആദ്യ ഇലക്ഷന്‍ കോവിഡ് ക്ലസ്റ്റര്‍ കൊണ്ടോട്ടിയില്‍ സ്ഥിരീകരിച്ചു

HIGHLIGHTS : മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക...

മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനിടയില്‍ മലപ്പുറം ജില്ലയില്‍ ആദ്യ ഇലക്ഷന്‍ കോവിഡ് ക്ലസ്റ്റര്‍ കൊണ്ടോട്ടിയില്‍ സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയാണ് ഇക്കാര്യം അറിയിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 11 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്യുന്ന നടപടികള്‍ നടന്നുവരികയാണ്.

കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു . സ്ഥാനാര്‍ഥികള്‍, പ്രവര്‍ത്തകര്‍, പ്രചാരണ രംഗത്തുള്ളവര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പൂര്‍ണ്ണമായും ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന അലംഭാവം വലിയ ആരോഗ്യ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണമെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇലക്ഷന്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യതയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാകുന്നതോടെ വലിയ ക്ലസ്റ്ററുകള്‍ തന്നെ ഇത്തരത്തില്‍ രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇത് മുന്‍കൂട്ടിക്കണ്ട് ആരോഗ്യ ജാഗ്രത ലംഘനം നടക്കുന്ന മേഖലകള്‍ നിരീക്ഷിക്കാനും കോറന്റെയ്ന്‍ മുന്‍കരുതല്‍ ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

നേരിട്ടുള്ള സമ്പര്‍ക്കമുള്ളവര്‍ ആ വിവരം മറച്ചുവയ്ക്കുന്നതും വെല്ലുവിളിയുയര്‍ത്തുന്നു . കോണ്‍ടാക്ട് ട്രെയ്സിംഗ് വിഭാഗം വിളിക്കുന്ന ദിവസം തന്നെ സമ്പര്‍ക്ക സാധ്യതയുള്ളവര്‍ ഇക്കാര്യം ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങളെ അറിയിച്ച് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണം. ആവശ്യമെങ്കില്‍ സ്രവ പരിശോധനയും നടത്തണം. ഇത്തരത്തിലുള്ള ജാഗ്രതയിലൂടെ മാത്രമെ കോവിഡ് ആശങ്കകള്‍ അതിജീവിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനൊപ്പം പൊതുജനാരോഗ്യം സംരക്ഷിക്കാനുമാകൂയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!