Section

malabari-logo-mobile

വാഹനങ്ങളില്‍ ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും നിരോധിച്ച് കോടതി

HIGHLIGHTS : Court bans flash lights and prohibited horns

ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതല്‍ ഇവയുടെ ഉപയോഗം നിരോധിച്ച് ഉത്തരവിട്ടത്. വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ലാഷ് ലൈറ്റുകളും ഹോണുകളും മറ്റ് ശബ്ദ സംവിധാനവും സംബന്ധിച്ച് നേരത്തെ തന്നെ കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇത് ലംഘിച്ചെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചത്. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

sameeksha-malabarinews

സ്പീഡ് ഗവര്‍ണര്‍ സംവിധാനം പോലും ഇല്ലാതെയാണ് അപകടത്തില്‍പ്പെട്ട ലുമിനസ് ബസ് ഓടിയത്. 60 കിലോമീറ്റര്‍ വേഗതയാണ് ടൂറിസ്റ്റ് ബസുകള്‍ക്കായി നിജപ്പെട്ടുത്തിയ വേഗത. ഇത്തരത്തില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. എന്നാല്‍ പരിശോധ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ വാഹനങ്ങളില്‍ നിന്ന് സ്പീഡ് ഗവര്‍ണര്‍ നീക്കം ചെയ്താണ് ഇവ ഓടിക്കുന്നത്. വേഗത ലംഘിച്ചതിനും ആഡംബര ലൈറ്റുകളും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഘടിപ്പിച്ചതിനും ലുമിനസ് ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുകയും ബസിനെ കരിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!