Section

malabari-logo-mobile

കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ റാലികളും റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി

HIGHLIGHTS : Rahul Gandhi has said that all rallies have been canceled due to the spread of Covid

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി. വൈറസ് വ്യാപനം കുറയ്ക്കാനായി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതറിയിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറിച്ച ട്വീറ്റിനെ സ്വാഗതം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

‘കോവിഡ് സാഹചര്യം പരിഗണിച്ച്, പശ്ചിമ ബംഗാളിലെ എന്റെ എല്ലാ റാലികളും ഞാന്‍ നിര്‍ത്തിവെക്കുകയാണ്.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി എല്ലാ രാഷ്ട്രീയ നേതാക്കളും ചിന്തിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്.’ രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

പശ്ചിമ ബംഗാളിലെ അസാന്‍സോളില്‍ പ്രധാനമന്ത്രി കൂറ്റന്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്തതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ചരിത്രത്തിലാദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിയുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം.

ഏപ്രില്‍ 26ന് പശ്ചിമ ബംഗാളില്‍ എട്ടാം ഘട്ട നിയമസഭാ പോളിങ് നടക്കാനിരിക്കേയാണ് പാര്‍ട്ടികള്‍ വന്‍ പ്രചാരണം നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ ബിജെപി സ്ഥാനാര്‍ഥിയും നിലവിലെ അസാന്‍സോള്‍ എംപിയുമായ ബാബുള്‍ സുപ്രിയോയുടെ പ്രചാരണത്തിനും മോദി എത്തിയിരുന്നു. എന്നാല്‍ അന്നു കണ്ടതിന്റെ നാലിരട്ടി വലിയ ആള്‍ക്കൂട്ടമാണ് താന്‍ കണ്ടതെന്നായിരുന്നു പ്രധാനമന്ത്രി മോദി പറഞ്ഞു.

‘ഇന്ന് നാലുവശത്തും വലിയ ആള്‍ക്കൂട്ടമാണ് ഞാന്‍ കാണുന്നത്. ഇത്രയും വലിയൊരു റാലി ഇതാദ്യമായാണ് ഞാന്‍ കാണുന്നത്. ഇന്ന് നിങ്ങള്‍ നിങ്ങളുടെ ശക്തി കാണിച്ചിരിക്കുന്നു. അടുത്ത പടിയാണ് കൂടുതല്‍ പ്രധാനം. മറ്റുള്ളവരെക്കൂടി കൂട്ടി വോട്ട് ചെയ്യാന്‍ പോകുക.’ മോദി പ്രസംഗത്തില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!