Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കാലിക്കറ്റിലെ ഹെര്‍ബേറിയത്തിന് ദേശീയാംഗീകാരം ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യം

HIGHLIGHTS : Calicut University News; Herbarium at Calicut first among universities in India to receive national recognition

കാലിക്കറ്റിലെ ഹെര്‍ബേറിയത്തിന് ദേശീയാംഗീകാരം ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ആദ്യം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലെ ഹെര്‍ബേറിയത്തിന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ അംഗീകാരം. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ 18-ാമതും സര്‍വകലാശാലകളിലെ ആദ്യത്തേതുമാണ് കാലിക്കറ്റിലേത്. ‘ CALI ‘ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹെര്‍ബേറിയം 1968-ലാണ് ആദ്യപഠനവകുപ്പുകളില്‍ ഒന്നായി ബോട്ടണിയില്‍ സ്ഥാപിച്ചത്. 1979-ല്‍ തന്നെ അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചു. ഒരു ലക്ഷത്തിലധികം സസ്യ സ്‌പെസിമനുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഹോര്‍ത്തൂസ് മലബാറിക്കസില്‍ പ്രതിപാദിച്ച എല്ലാ സസ്യങ്ങളുടെയും അസല്‍ മാതൃകകളും ഇതില്‍ ഉള്‍പ്പെടും. ദേശീയ അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാന-ദേശീയ ജൈവ വൈവിധ്യ ബോര്‍ഡുകളില്‍ നിന്നുള്ള ധനസഹായത്തിനും മറ്റ് ഹെര്‍ബേറിയങ്ങളുമായുള്ള സഹകരണത്തിനും സാധ്യതയേറും. രണ്ട് പതിറ്റാണ്ടിലേറെയായി ഹെര്‍ബേറിയം ക്യൂറേറ്ററുടെ ചുമതലകൂടി വഹിച്ചു വരുന്ന അസി. പ്രൊഫസര്‍ ഡോ. എ.കെ. പ്രദീപിന്റെ വിരമിക്കലിനോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലായിരുന്നു ദേശീയ അംഗീകാര പ്രഖ്യാപനം. ദേശീയ ജൈവ വൈവിധ്യ അതോറിറ്റി മുന്‍ സെക്രട്ടറി ജസ്റ്റിന്‍ മോഹന്‍ പ്രഖ്യാപനം നടത്തി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഡോ. സന്തോഷ് നമ്പി, ഡോ. എ.കെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു. സെമിനാറിന്റെ സമാപനം സമ്മേളനത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ന്യൂഡൽഹിയിലെ സയൻ്റിസ്റ്റ് ഡോ. അരിന്ദം ഭട്ടാചാര്യ വിശിഷ്ടാഥിതിയായിരുന്നു. ഡോ. മഞ്ജു സി. നായർ നന്ദി പറഞ്ഞു.

sameeksha-malabarinews

ഹെര്‍ബേറിയം

സസ്യ വര്‍ഗീകരണ ശാസ്ത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഹെര്‍ബേറിയം. ഇലയും പൂവും കായും ഉള്‍പ്പെടെയുള്ള സസ്യഭാഗങ്ങള്‍ ഉണക്കിയെടുത്ത് ശാസ്ത്രീയമായി സംരക്ഷിച്ച് സൂക്ഷിക്കുന്ന സ്ഥലമാണ് ഹെര്‍ബേറിയം. സസ്യശാസ്ത്ര പഠനത്തില്‍ പുതിയ ചെടികളുടെ ആധികാരികത ഉറപ്പാക്കുന്നതിനും താരതമ്യത്തിനും വിശദപഠനത്തിനുമെല്ലാം ഇവ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സസ്യശാസ്ത്രജ്ഞര്‍ കാലിക്കറ്റിലെ ‘ കാലി ‘ ഹെര്‍ബേറിയത്തെ ആശ്രയിക്കാറുണ്ട്.

17-02-24-ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനങ്ങള്‍

തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ മരമുറിയുമായി ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍ക്ക് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടും പണം നല്‍കാന്‍ വീഴ്ച വരുത്തിയ അസി. എക്‌സി.എഞ്ചിനീയര്‍ കെ.ടി. സഹീര്‍ ബാബുവിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യുവാനും കരാര്‍ ഓവര്‍സിയര്‍ ആയ ടി. ആദര്‍ശിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനും കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വിവിധ കോളേജുകളില്‍ നിന്നായി സ്‌പോര്‍ടസ്, സ്റ്റുഡന്റ്, എക്‌സാം എന്നീ അഫിലിയേഷനുകളുടെ ഭാഗമായി സര്‍വകലാശാലക്ക് പിരിഞ്ഞ് കിട്ടാനുള്ള തുക ഈടാക്കുന്നതിന് ഇടപെടല്‍ നടത്തുന്നതിനായി മൂന്ന് ഉപസമിതികളെ നിയോഗിച്ചു.

2016 മാര്‍ച്ച് നാലിലെ വിജ്ഞാപനപ്രകാരം പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത് വിലയിരുത്തുന്നതിനും നിലവില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ പ്യൂണ്‍/വാച്ച് മാന്‍ തസ്തികയില്‍ താത്കലാകി നിയമനത്തിനുള്ള സാധ്യത പരിശോധിക്കുന്നതിനും ഉപസമിതിയെ ചുമതലപ്പെടുത്തി.

സര്‍വകലാശാലയിലെ ഫയല്‍ കൈകാര്യങ്ങള്‍ക്ക് ഡി.ഡി.എഫ്.എസ്. സംവിധാനത്തിന് പകരം ഇ-ഓഫീസിലേക്ക് മാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടറെ ചുമതലപ്പെടുത്തി.

മലയാളം പഠനവകുപ്പിലെ പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററില്‍ അക്കാദമിക് ബ്ലോക്ക്, മ്യൂസിയം എന്നിവയ്ക്കായി 10 കോടി രൂപ അനുവദിച്ചു.

മൂല്യനിർണയ ക്യാമ്പ്

ഒന്നാം സെമസ്റ്റർ എം.ബി.എ. (ഫുൾടൈം & പാർട്ട്ടൈം) (CUCSS 2019 പ്രവേശം മുതൽ) ജനുവരി 2024  റഗുലർ, സപ്ലിമെന്‍ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മാർച്ച് 21 മുതൽ 26 വരെ നടത്തും. ഈ കാലയളവിൽ എം.ബി.എ. റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ബന്ധപ്പെട്ട എല്ലാ അധ്യപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. മൂല്യനിർണയ ക്യാമ്പിന്റെ വിവരങ്ങൾ അറിയുന്നതിനായി അധ്യാപകർക്ക് അതത് ക്യാമ്പ് ചെയർമാൻമാരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. (CBCSS 2022 പ്രവേശനം) വിദ്യാർഥികൾക്കായുള്ള കോൺടാക്ട് ക്ലാസുകൾ മാർച്ച് 9-ന് തുടങ്ങും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാക്കേണ്ടതാണ്. വിശദമായ സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ:- 0494-2400288, 2407356.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലീഷ് പഠന വകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിനു വേണ്ടി ഫെബ്രുവരി 15-ന് മുൻപ്  റിപ്പോർട്ട് ചെയ്തവർ 22-ന് രാവിലെ 10.30-ന് സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം പഠന വകുപ്പിൽ അഭിമുഖത്തിന്  ഹാജരാകേണ്ടതാണ്.

രസതന്ത്ര പഠന വകുപ്പിൽ പി.എച്ച്.ഡി പ്രവേശനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ശേഷം പഠന വകുപ്പിൽ ഹാജരായവർക്കുള്ള അഭിമുഖം 22-ന് രാവിലെ 10.30-ന് പഠന വകുപ്പിൽ നടക്കും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഹാജരാകണം.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് സമർപ്പണം

അഫിലിയേറ്റഡ് കോളേജുകളിലെ 2021 പ്രവേശനം നേടിയ യു.ജി വിദ്യാർഥികളുടെ എൻ.എസ്.എസ്. ഗ്രേസ് മാർക്ക് ഓൺലൈൻ ആയി അപ്‍ലോഡ് ചെയ്യാം. ഇതിനുള്ള ഗ്രേസ് മാർക്ക് മാനേജ്‌മന്റ് സിസ്റ്റം 19 മുതൽ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമാകും അവസാന തീയതി ഫെബ്രുവരി 29.

പരീക്ഷ

അഞ്ചാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG 2018 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും.

ഒന്നാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS-V-UG) നവംബർ 2023 (2022 & 2023 പ്രവേശനം) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നവംബർ 2022 (2017 മുതൽ 2021 വരെ പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഏപ്രിൽ ഒന്നിന് തുടങ്ങും.

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ ആറാം സെമസ്റ്റർ വിവിധ ബി.എ. (CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

എസ്.ഡി.ഇ. ഒന്ന് രണ്ട് സെമസ്റ്റർ എം.ബി.എ. (CUCSS 2013 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി (2020 പ്രവേശനം) മെയ് 2023 സേ പരീക്ഷയുടെയും ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) (2018 പ്രവേശനം) ഡിസംബർ 2023 സേ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

രണ്ടാം സെമസ്റ്റർ എം.എഡ് ജൂലൈ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!