Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അഗസ്ത്യമലയില്‍ പുതിയൊരു ‘സുന്ദരിയില’ ; കണ്ടെത്തിയത് കാലിക്കറ്റിലെ ഗവേഷകര്‍

HIGHLIGHTS : Calicut University News; A new 'Sundiriila' in Agastyamala; It was discovered by researchers in Calicut

അഗസ്ത്യമലയില്‍ പുതിയൊരു ‘സുന്ദരിയില’ ; കണ്ടെത്തിയത് കാലിക്കറ്റിലെ ഗവേഷകര്‍

ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. സര്‍വകലാശാലാ സസ്യപഠനവകുപ്പിലെ പ്രൊഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ ഗവേഷകരായ ത്യശ്ശൂര്‍ ചേലക്കര സ്വദേശിനി ഡോ. എസ്. രശ്മി, മലപ്പുറം പുലാമന്തോള്‍ സ്വദേശിനി എം.പി. കൃഷ്ണപ്രിയ എന്നിവര്‍  ചേര്‍ന്നാണ് അഗസ്ത്യമല ബയോസ്ഫിയറിന്റെ ഭാഗമായ തിരുവനന്തപുരം ചെമുഞ്ചി മലനിരകളില്‍ 1200 മീറ്റര്‍ ഉയരത്തില്‍ നിന്ന് മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’ എന്നറിയപ്പെടുന്ന സോണറില ജനുസ്സില്‍പെട്ട സസ്യത്തെ കണ്ടെത്തിയത്. ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞ ഡോ. നിക്കോ സെല്ലിനീസും പഠനത്തില്‍ പങ്കുചേര്‍ന്നിരുന്നു.

sameeksha-malabarinews
പുതിയ കണ്ടെത്തല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്സോണമിയുടെ (ഐ.എ. എ.ടി.) അന്താരാഷ്ട്ര സസ്യവര്‍ഗീകരണ ജേണലായ റീഡയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിലെ ഗവേഷണങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പ്രത്യേകപതിപ്പാണിത്. സോണറില ജനുസ്സിനെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സ്വീഡിഷ് സസ്യശാസ്ത്രജ്ഞന്‍ റോജര്‍ ലുന്‍ഡിനോടുള്ള ആദരസൂചകമായി ‘സോണറില ലുന്‍ഡിനി’ എന്നാണ് പുതിയ സസ്യത്തിന് പേരിട്ടത്. നിലംപറ്റി പടര്‍ന്നുവളരുന്ന കാണ്ഡത്തോടും രോമാവൃതമായ ഇലകളോടും കൂടിയ സസ്യത്തിന് ഉയര്‍ന്നു നില്‍ക്കുന്ന പൂങ്കുലകളില്‍ ഇളംറോസ് നിറത്തോടുകൂടിയ ചെറിയ പൂക്കളുണ്ടാകും.
ഇന്ത്യയില്‍ അമ്പതോളം സ്പീഷീസുകളുള്ള ഈ ജനുസ്സില്‍ ഭൂരിഭാഗവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. ഇതില്‍ അഞ്ചെണ്ണം തിരിച്ചറിഞ്ഞത് ഈ ജനുസ്സില്‍ ഗവേഷണം തുടരുന്ന ഡോ. സന്തോഷ് നമ്പിയും സംഘവുമാണ്. പശ്ചിമഘട്ട മലയോര മേഖലകളിലെ അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളും ടൂറിസവും ചെങ്കല്‍കുന്നുകളിലെ ഖനനവും അതീവ സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്ന സോണറില ജനുസ്സിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
അഫ്‌സലുല്‍ ഉലമ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 27-ന് വൈകീട്ട് 5 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് സ്ഥിരം പ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. തുടങ്ങി തത്തുല്യ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗക്കാര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. ക്ലാസ്സുകള്‍ ആഗസ്ത് 1-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എ. ഫിലോസഫി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എ. ഫിലോസഫി തുടര്‍ ലിസ്റ്റില്‍ നിന്നുള്ള പ്രവേശനം 25-ന് രാവിലെ 10 മണിക്ക് ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

വുമണ്‍ സ്റ്റഡീസ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വുമണ്‍ സ്റ്റഡീസ് പഠനവിഭാഗത്തില്‍ പി.ജി. പ്രവേശനത്തിന് വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 26-ന് നടക്കും. യോഗ്യരായവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാലത്ത് 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 8848620035, 9496902140, 8547621245.

എംബ്രോയ്ഡറി സൗജന്യ പരിശീലനം ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പത്തു ദിവസത്തെ ഹാന്റ് എംബ്രോയ്ഡറി സൗജന്യ പരിശീലനം വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. ഇ. പുഷ്പലത ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍സ്ട്രക്ടര്‍ ഷീബ രഘുനാഥ്, യുനസ്‌കോ ചെയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അമ്പതോളം പഠിതാക്കള്‍ കോഴ്‌സില്‍ പങ്കെടുക്കുന്നുണ്ട്.

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ് മാറ്റി

എസ്.ഡി.ഇ. സെന്ററായ ഫാറൂഖ് കോളേജില്‍ ആഗസ്ത് 6-ന് നടത്താനിരുന്ന 2021 പ്രവേശനം എം.എ., എം.എസ് സി., എം.കോം. നാലാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസുകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.    പി.ആര്‍. 895/2023

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ ആഗസ്ത് 3, 4 തീയതികളില്‍ തൃശൂര്‍ സെന്റ്‌മേരീസ് കോളേജില്‍ നടക്കും.

രണ്ടാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 25, 26, 27 തീയതികളില്‍ നടക്കും.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി, എം.എല്‍.ഐ.എസ് സി.  ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 31-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 10 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!