Section

malabari-logo-mobile

പക്ഷിപ്പനി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം; പരിശോധന കര്‍ശനമാക്കി

HIGHLIGHTS : Bird flu: alert on Kerala-Tamil Nadu border; The inspection has been tightened

തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത ശക്തമാക്കി. വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ്ടികള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ആലപ്പുഴയില്‍ കൂടുതല്‍ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പക്ഷിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറുതന, ഇടത്വ മേഖലകളില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കും. പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

sameeksha-malabarinews

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തമിഴ്‌നാടും അതിര്‍ത്തികളില്‍ നിരീക്ഷണം കര്‍ക്കശമാക്കി. കേരളത്തോടുചേര്‍ന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാര്‍ ഉള്‍പ്പെടെ 12 ചെക്‌പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കാനാണ് നിര്‍ദേശം. ഫാമുകളില്‍ കോഴികള്‍ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ ഉടന്‍ വെറ്ററിനറി വകുപ്പിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!