Section

malabari-logo-mobile

നാളെ ഭാരത് ബന്ദ്;കേരളത്തില്‍ രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം മാത്രം

HIGHLIGHTS : Bharat bandh tomorrow; only protest in front of Raj Bhavan and district centers in Kerala

ദില്ലി: കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് ബന്ദ് അവസാനിക്കും.സംഘടിത-അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷയും പെന്‍ഷനും ഉറപ്പാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

ഭാരത് ബന്ദില്‍ അണിചേരണമെന്ന് മറ്റ് കര്‍ഷക സംഘടനകളോട് സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബന്ദിന് സി.പി.എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആംബുലന്‍സ്, ആശുപത്രി, പത്രവിതരണം, വിവാഹം, മെഡിക്കല്‍ ഷോപ്പുകള്‍, ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ അടിയന്തര സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല.

sameeksha-malabarinews

സമാന ചിന്താഗതിക്കാരായ എല്ലാ കര്‍ഷക സംഘടനകളോടും ഒന്നിച്ച് രാജ്യവ്യാപക പണിമുടക്കില്‍ പങ്കെടുക്കാന്‍ എസ്.കെ.എം ആഹ്വാനം ചെയ്തു. ഗതാഗതം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഗ്രാമീണ ജോലികള്‍, സ്വകാര്യ ഓഫീസുകള്‍, വില്ലേജ് ഷോപ്പുകള്‍, ഗ്രാമീണ വ്യാവസായിക, സേവന മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവ ഭാരത് ബന്ദിന് അടച്ചിടും.

അതേസമയം, ഭാരത് ബന്ദ് കേരളത്തെ സാരമായി ബാധിക്കില്ല. രാവിലെ 10 മണിക്ക് രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകും എന്ന് സംസ്ഥാനത്തെ സമര സമിതി കോര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാര്‍ അറിയിച്ചു.

കര്‍ഷകര്‍ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാര്‍മിക പിന്തുണ നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് എസ്.എസ്. മനോജ്. എന്നാല്‍, നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന്റെ പേരില്‍ കേരളത്തില്‍ കടകമ്പോളങ്ങള്‍ അടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ദ് ആയതു കൊണ്ട് നാളെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുമെന്ന് പരക്കെ പ്രചരണം നടക്കുന്നുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കടകമ്പോളങ്ങള്‍ അടച്ചിട്ടു കൊണ്ടുള്ള സമരരീതിയില്‍ നിന്നും വ്യാപാരികളെ മോചിപ്പിച്ചെടുക്കുവാനുള്ള തീവ്രശ്രമത്തിലാണ് സംഘടനയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഭാരത് ബന്ദിന് ആഹ്വനം ചെയ്തത്. താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കര്‍ഷക പെന്‍ഷന്‍, ഒ.പി.എസ്, കാര്‍ഷിക നിയമഭേദഗതി എന്നിവ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!