Section

malabari-logo-mobile

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാളെ കൂടി അവസരം

HIGHLIGHTS : Another opportunity to add name to voter list tomorrow

മലപ്പുറം:വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് നാളെ മാര്‍ച്ച് 25 വരെ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ (ഏപ്രില്‍ 4) പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തിരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.inല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍.ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും. ന്യൂ രജിസ്‌ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്‌സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ-മെയില്‍ ഐ.ഡി, ജനനതീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്ലോഡ് ചെയ്യണം.തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.

sameeksha-malabarinews

വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍വരുന്ന ഒ.ടി.പി രജിസ്ട്രഷന്‍ ഉപയോഗിച്ച് ലോഗിന്‍ രജിസ്ട്രേഷന്‍ നടത്താം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം.

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അതത് ബി.എല്‍.ഒമാരെ സമീപിച്ച് രേഖകള്‍ സഹിതം നേരിട്ട് അപേക്ഷ നല്‍കുണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.eci.gov.in എന്ന വെബ് പോര്‍ട്ടലില്‍ പരിശോധിച്ചാല്‍ അതാത് മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ഇതിനകം അപേക്ഷ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓണ്‍ലൈന്‍ ആയോ അതത് താലൂക്ക് ഓഫിസുകളിലെ തിരഞ്ഞെടുപ്പ് വിഭാഗം, ബി.എല്‍.ഒ എന്നിവിടങ്ങളില്‍നിന്നോ അറിയാവുന്നതാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!