Section

malabari-logo-mobile

തിരൂർ ജില്ലാ ആശുപത്രി ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി

HIGHLIGHTS : Another milestone in the history of Tirur District Hospital

തിരൂർ: പിറകിൽ നിന്ന് കൂട്ടുകാരൻ കൈയിലേക്ക് മറിഞ്ഞുവീണതിനെ തുടർന്ന് കൈമുറിഞ്ഞത് കണ്ട മകൻ മുഹമ്മദ് നിഹാദിനെ കണ്ട് പിതാവ് നിസാർ ആകെ വിഷമിച്ചു. മുറിവായാൽ രക്തം നിലക്കുന്നതിന് പ്രയാസമുള്ള രോഗമായ ഹീമോഫീലിയയാണ് മകന്റെ രോഗം. എസ് രൂപത്തിലായ മകൻറെ കൈ കണ്ടാൽ കയ്യിലെ അസ്ഥികൾ പൊട്ടിയെന്ന് ഏതാണ്ട് ഉറപ്പാണ്. ഈ പ്രയാസമുള്ളവരുടെ ചികിത്സക്ക് മരുന്നുകളുടെയും ചികിത്സയുടെയും ചിലവ് ലക്ഷങ്ങൾ വരും.

ഏറ്റവും കൂടുതൽ ഹീമോഫീലിയ ബധിതരുള്ള മലപ്പുറം ജില്ലയിലെ ജില്ലാതല ഡേ കെയർ സെൻ്റർ തിരൂർ ജില്ലാ ആശുപത്രിയിലാണ്. വെട്ടം സ്വദേശിയായ നിസാർ മകൻ മുഹമ്മദ് നിഹാദിനെ പ്രൊഫൈലാക്സിസ് ചികിത്സക്ക് കൊണ്ടുപോകാറുള്ള ആശുപത്രി. വൈകുന്നേരം ആറുമണി സമയമാണ്. ജില്ലാ നോഡൽ ഓഫീസർ ഡോ.ജാവേദ് അനീസിനെ ഫോൺ വഴി വിളിച്ചു.’നിങ്ങൾ ആശുപത്രിയിലേക്ക് വരൂ,ഞാനവിടെ എത്താം..’ ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ വെച്ച് രക്തപ്രവാഹം നിലക്കുന്നതിനുള്ള ഫാക്ടർ 8 മരുന്നുകൾ നൽകി. എക്സ്റേ എടുത്തു. ഭയപ്പെട്ടതുപോലെ തന്നെ വലതുകൈയിലെ രണ്ടു അസ്ഥികളും ഒടിഞ്ഞിരിക്കുന്നു.

sameeksha-malabarinews

ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ അസ്ഥിരോഗസ്പെഷ്യലിസ്റ്റ് ഡോ.ഇർഫാനും ജാവേദ് ഡോക്ടറും ചേർന്ന് അസ്ഥി പൊട്ടി അകന്നത് വലിച്ചിടാൻ പരിശ്രമിച്ചു. രണ്ടു തവണ ശ്രമിച്ചിട്ടും ഉദ്ദേശിച്ച റിസൾട്ട് കിട്ടിയില്ല.

ഇനി എന്തു ചെയ്യും എന്ന് കരുതി നിന്ന ഞങ്ങളോട് ഡോക്ടർ പറഞ്ഞു. ‘ഇങ്ങനെ വരുമ്പോൾ സർജറി വേണ്ടി വരും.ചിലപ്പോൾ മെഡിക്കൽ കോളേജിലോ,ചിലപ്പോൾ അമൃതയിലോ പോകേണ്ടിവരും. ഞാനൊന്ന് നോക്കട്ടെ’.

അസ്ഥിരോഗവിഭാഗത്തിലെ സജീവ് ഡോക്ടറെ ജാവേദ് ഡോക്ടർ ഫോൺചെയ്തു. എക്സ്‌റേ അയച്ചു കൊടുത്തു. സജീവ് സാർ ഓപ്പറേഷന് തിരൂരിൽ വെച്ചു ചെയ്യാൻ തയ്യാറായിരുന്നു. അഡ്മിറ്റ് ചെയ്യാൻ സർ നിർദ്ദേശം കൊടുത്തു.

സർജറിക്ക് ആവശ്യമുള്ള 30000 യൂണിറ്റ് ഫാക്ടർ എട്ട് മരുന്നും മറ്റു മരുന്നുകളും ആശാധാര പദ്ധതിവഴി തിരൂർ ജില്ലാ ആശുപത്രിയിലെ ജില്ലാതല ഡേ കെയർ സെൻററിൽ നിന്ന് ലഭിച്ചു. ആശുപത്രിയിലെ നഴ്സ് കോഓഡിനേറ്റർ അശ്വിനി സിസ്റ്ററും,സീനിയർ നഴ്സിങ് ഓഫീസർ സിമിലിസിസ്റ്ററും സർജിക്കൽ വാർഡിലെ സിസ്റ്റർമാരും കൃത്യസമയത്ത് മരുന്നുകൾ നൽകി,വേദനയും വീക്കവും കുറച്ചു.

അനസ്തീഷ്യവിഭാഗത്തിൻ്റെ സഹകരണം കൂടി ആയപ്പോൾ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയ നടത്തുന്നതിന് തീരുമാനമായി.ഫെബ്രുവരി 2 ന് തിരൂർ ജില്ലാ ആശുപത്രിയിൽ വെച്ച് ഡോക്ടർ കെ.ടി.സജീവ്, ഡോ.സി.എം.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി.

ഡോ.ഗിരിജ,ഡോ.ആരതി,ഡോ.ഫാസിൽ,ഡോ.അൻവർ എന്നിവരടങ്ങിയ അനസ്തീഷ്യ ടീം നിഹാദിന് ജനറൽ അനസ്തേഷ്യ നൽകി.ഓർത്തോ വിഭാഗത്തിലെ ഉണ്ണികൃഷ്ണൻ ഡോക്ടറും ബിജു ഡോക്ടറും സിസ്റ്റർ ചിത്രയുടെ നേതൃത്വത്തിൽ ഓപറേഷൻ തിയേറ്ററിലെ നഴ്സിങ് പാരാമെഡിക്കൽ വിഭാഗവും ശസ്ത്രക്രിയയിൽ സഹകരിച്ചു.

അങ്ങനെ, സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾക്ക് പുറത്ത്, ആരോഗ്യവകുപ്പിന് കീഴിൽ, ഹീമോഫീലിയ ബാധിതർക്കുള്ള അസ്ഥിരോഗ ശസ്ത്രക്രിയ ചെയ്ത ആദ്യ ആശുപത്രിയായി തിരൂർ ജില്ലാ ആശുപത്രി.

രക്തം കട്ടപിടിക്കുന്നതിന് പ്രയാസം നേരിടുന്ന രോഗമായ ഹീമോഫീലിയ ബാധിതർക്കായുള്ള ജനറൽ സർജറി ശസ്ത്രക്രിയകൾ സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ സ്ഥിരമായി ചെയ്യുന്ന പ്രഥമ ആശുപത്രിയും തിരൂർ ജില്ലാ ആശുപത്രിയാണ്.

വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം നിർണ്ണായകമായ 48 മണിക്കൂർ പിന്നിട്ടപ്പോഴും കാര്യമായ ബ്ലീഡിങോ വേദനയോ ഇല്ലാത്തതിൽ സന്തുഷ്ടനാണ് നിഹാദ്മോൻ.ഇനിയും രണ്ടാഴ്ചയോളം ഫാക്ടർ മരുന്നുകൾ എടുക്കേണ്ടതുണ്ട്.

ഈ മാതൃക സംസ്ഥാനത്തെ മറ്റു ജില്ലാ/ജനറൽ ആശുപത്രികളും സ്വീകരിക്കുകയാണെങ്കിൽ സ്വകാര്യമേഖലയിൽ ലക്ഷങ്ങൾ മുടക്കി ചെയ്യേണ്ട ശസ്ത്രക്രിയകളുടെ സാമ്പത്തിക ബാധ്യതയിൽ നിന്നും മോചനം ലഭിക്കുമായിരുന്നെന്ന് ഹീമോഫീലിയ ബാധിതർ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!