Section

malabari-logo-mobile

ശബരിമലയില്‍ 25,000 പേര്‍ക്ക് പ്രവേശനം

HIGHLIGHTS : തിരുവനന്തപുരം:ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അ...

തിരുവനന്തപുരം:ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീര്‍ഥാടകര്‍ക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍.ടി.പി. സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാവും പ്രവേശനം നല്‍കുക.

അഭിഷേകം ചെയ്ത നെയ്യ് എല്ലാവര്‍ക്കും കൊടുക്കുന്നതിന് ദേവസ്വംബോര്‍ഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല.
പമ്പയില്‍ സ്‌നാനത്തിന് അനുമതി നല്‍കും. വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. അവിടെ നിന്ന് പമ്പ വരെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉപയോഗിക്കണം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റോപ്പുകളില്‍ മതിയായ ശൗചാലയങ്ങള്‍ ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കും. അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ നിലവിലില്ലാത്ത കെട്ടിടങ്ങളില്‍ സ്മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കണം.

sameeksha-malabarinews

കോവിഡ്മുക്തരില്‍ അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദര്‍ശനത്തിന് വരാന്‍ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണ്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. വാസു, റെയില്‍വേ – ബി.എസ്.എന്‍.എല്‍ അധികൃതര്‍, ബന്ധപ്പെട്ട മുന്‍സിപാലിറ്റി-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, അയ്യപ്പസേവാ സംഘം, പന്തളം രാജകൊട്ടാരം നിര്‍വ്വാഹക സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!