Section

malabari-logo-mobile

42 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സര്‍ക്കാര്‍ ജോലി

HIGHLIGHTS : നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം

തിരു : നീണ്ട 42 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇതാ ഒരു നിര്‍ധന സ്ത്രീക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമനം. തിരുവന്തപുരം തൃക്കണ്ണാപുരം എന്‍. മേബലിനാണ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ നിയമനം ലഭിച്ചത്. ജോലിക്കുവേണ്ടിയുള്ള നാലു ദശാബ്ദത്തെ അനന്തമായ കാത്തിരിപ്പിന് ശുഭകരമായ അന്ത്യം.
1971ല്‍ കരമന നദിയില്‍ ഉണ്ടായ ബോട്ടപകത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട പെണ്‍കുട്ടിയാണ് മേബില്‍. ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേരും അന്നു മരണമടഞ്ഞു. മേബലിന് അന്നു 10 വയസ്. തിരുമല ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന മേബല്‍ പാല്‍വിറ്റു തിരിച്ചുവരുമ്പോഴായിരുന്നു അപകടം. പാല്‍വിറ്റു കിട്ടിയ പത്തു പൈസ നാക്കിനടിയില്‍ സൂക്ഷിച്ച്, പാല്‍പാത്രം തോളില്‍ തൂക്കി മേബല്‍ അന്ന് അദ്ഭുതകരമായി നീന്തി തീരംഅണയുകയായിരുന്നു.

മേബലിന് പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ജോലി നല്കുമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്തു മന്ത്രി ടി.കെ. ദിവാകരന്‍ പ്രഖ്യാപിച്ചു. മന്ത്രി 1976ല്‍ മരണമടഞ്ഞു. അതോടെ ജോലി പ്രതീക്ഷ മങ്ങി. മാതാപിതാക്കള്‍ മരിച്ച മേബലിനു പത്താം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു.

sameeksha-malabarinews

പിന്നീട് ടി.കെ.ദിവാകരന്റെ മകന്‍ ബാബു ദിവാകരന്‍ മന്ത്രിയായപ്പോള്‍, മേബല്‍ പിതാവിന്റെ വാഗ്ദാനം പുത്രന്റെ മുന്നില്‍ അവതരിപ്പിച്ചു. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ആര്‍ട്ടിസാന്‍സ് ആന്‍ഡ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ബോര്‍ഡില്‍ പ്യൂണ്‍ തസ്തികയില്‍ താത്ക്കാലിക നിയമനം ലഭിച്ചു. 46 മാസം കഴിഞ്ഞപ്പോള്‍ ആ ജോലി നഷ്ടപ്പെട്ടു.
2006ല്‍ എംഎല്‍എ ബി.വിജയകുമാര്‍ മേബലിന്റെ പ്രശ്‌നം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തൃക്കണ്ണാപുരം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വച്ച് മേബലിന് സ്ഥിരം നിയമനം നല്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന വനിതാ വികസന കോര്‍പറേഷനില്‍ മേബലിന് നിയമനം നല്കി. എന്നാല്‍ 30 ദിവസം കഴിഞ്ഞപ്പോള്‍, പുതുതായി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ മേബലിനെ പിരിച്ചുവിട്ടു.

ആറുമാസം മുമ്പ് മേബല്‍ വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു. തന്റെ കുടുംബം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു. 42 വര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്കിയ വാക്കുപാലിക്കാന്‍ നിലവിലുള്ള ചട്ടങ്ങളില്‍ ഇളവുവരുത്തിയും പ്രത്യേക കേസായി പരിഗണിച്ചും പൊതുഭരണ സെക്രട്ടേറിയറ്റില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ കം സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവില്‍ നിയമനം 10ാം തീയതിയിലെ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. 16ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!