‘അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം’, ആത്മവീര്യം തകര്‍ക്കരുതെന്ന് കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍. മെഡിക്കല്‍ കോളേജില്‍ ആറാം വിരല്‍ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയില്‍ പെടുകയായിരുന്നു. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാല്‍ ഇത് രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടാറില്ല. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാല്‍ ഇപ്പോള്‍ പ്രതൃക്ഷപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും ഭാവിയില്‍ അത് സംസാര വൈകല്യത്തിന് കാരണമാകാം എന്നുള്ളതിനാലും സംസാരം പൂര്‍ണ്ണമായി വികസിച്ചു കഴിഞ്ഞാല്‍ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാന്‍ ബുദ്ധിമുട്ടായതിനാലും ഇതിന് പ്രഥമ പരിഗണന നല്‍കി കുട്ടിയെ ആ ശസ്ത്രക്രിയക്ക് പോസ്റ്റ് ചെയ്യുക ആയിരുന്നു എന്നുമാണ് കെജിഎംസിടിഎ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. നാക്കിന് കെട്ട് (Tongue tie) ശസ്ത്രക്രിയ ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോള്‍ തന്നെ ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ അതും അപ്പോള്‍ തന്നെ ചെയ്യുകയായിരുന്നു.

ഇത് ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. വസ്തുതകള്‍ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരമാണ്. പ്രതികൂലമായ സാഹചര്യങ്ങളിലും സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന മെഡിക്കല്‍ കോളേജ് ടീച്ചര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്നതാകരുത് ഇത്തരം നടപടികള്‍.ഒരു പാട് നിരാലംബരായ രോഗികളുടെ അത്താണിയായ സ്ഥാപനത്തിന്റെ സത്‌പേരിന് കളങ്കം സൃഷ്ടിക്കുന്ന പ്രചാരണങ്ങളില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് കെജിഎംസിടിഎ അഭ്യര്‍ത്ഥിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നേരത്തെ ഡോക്ടര്‍ വീഴ്ച സമ്മതിച്ചിരുന്നു. ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ല എന്ന് ഡോക്ടര്‍ എഴുതിയ രേഖയാണിപ്പോള്‍ പുറത്തുവന്നത്. ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ കുറിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ചെറുവണ്ണൂര്‍ മധുര ബസാറിലെ കുട്ടിക്കാണ് മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗുരുതരമായ ചികിത്സ പിഴവിന് ഇരയാകേണ്ടിവന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാല്‍ അരമണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടര്‍ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.

പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. എന്നാല്‍ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോള്‍ നീക്കാന്‍ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കളുടെ പ്രതികരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top