HIGHLIGHTS : 10th Anniversary of Abhayam Dialysis Centre
തിരൂർ: ഏറെ പ്രയാസം അനുഭവിക്കുന്ന കിഡ്‌നി രോഗികള്‍ക്ക് താങ്ങും തണലുമായി ചെറിയമുണ്ടം പഞ്ചായത്തിലെ വാണിയന്നൂരില്‍ 2013ല്‍ തുടങ്ങിയ ‘അഭയം ഡയാലിസിസ് സെന്റര്‍’ ന്റെ പത്താം വാര്‍ഷികം, വാണിയന്നൂര്‍ മീശപ്പടിയിലുള്ള അമാനത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്, 2023 ഫെബ്രുവരി 28 ന് (ചൊവ്വാഴ്ച) വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് കേന്ദ്രമാണിത്. സുമനസ്സുകളുടെ സംഭാവന കൊണ്ട് മാത്രം നടത്തപ്പെടുന്ന ഈ കേന്ദ്രത്തിനു ഒരു മാസം അഞ്ചര ലക്ഷത്തോളം രൂപ ചിലവുണ്ട്.

തിരൂര്‍, താനൂര്‍ മുനിസിപ്പാലിറ്റിയിലെയും ചുറ്റുമുള്ള പന്ത്രണ്ടോളം പഞ്ചായത്തുകളിലെയും 54 രോഗികള്‍ക്കാണ്, ഇവിടെ നിന്നും സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുത്തുക്കൊണ്ടിരിക്കുന്നത്.
ഇതിനോടനുബന്ധമായി ഒരു ആശുപത്രി കൂടി തുടങ്ങാന്‍ ആവശ്യമുള്ള സ്ഥലം വാങ്ങിയിട്ടുമുണ്ട്. ഇനി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് കൂടി കണ്ടെത്തേണ്ടതുണ്ട്.
പത്താം വാര്‍ഷികത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് സുപ്രസിദ്ധ മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട്
‘പഴ്ത്തിലയും പച്ചിലയും’ എന്ന വിഷയത്തിലും, തുടര്‍ന്ന് പ്രസിദ്ധ നെഫ്രോളജിസ്റ്റ് ഡോ. ഷംസുദ്ധീന്‍, സജീവന്‍ മാസ്റ്റര്‍ വടകര എന്നിവര്‍ ജീവിത ശൈലി രോഗങ്ങള്‍, പ്രകൃതിയും മനുഷ്യനും എന്നീ വിഷയങ്ങളിലും ക്ലാസെടുക്കും. അഭയം ചെയര്‍മാന്‍ കോയ പുത്തുതോട്ടില്‍ അധ്യക്ഷത വഹിക്കും.
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക ഉത്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈര്‍, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി. നസീമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍, വി.കെ.എം. ഷാഫി തുടങ്ങിയ ജനപ്രതിനിധികളും മറ്റും പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന ‘ഗസലും ഇശലും’ എന്ന സംഗീത വിരുന്നില്‍ ഗസല്‍ ഗായകന്‍ സുല്‍ത്താന്‍ പാഷ, ഫിറോസ് ബാബു, ഷാഫി സബ്ക്ക തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ കോയ പുത്തുതോട്ടില്‍, കുഞ്ഞിപ്പ മുണ്ടേക്കാട്ട്, മുസ്തഫ കുണ്ടില്‍, ഷബീറലി ചാലു പറമ്പില്‍, ഇബ്രാഹിം കുട്ടി ചക്കാലക്കല്‍, ഗഫൂര്‍ കാന്തള്ളൂര്‍ പറമ്പില്‍ എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.