Section

malabari-logo-mobile

വേനല്‍രാവിനുമുണ്ട് ഒരു വെയില്‍ മധുരം

HIGHLIGHTS : വേനല്‍രാവിനുമുണ്ട് ഒരു വെയില്‍ മധുരം സുള്‍ഫി

വേനല്‍രാവിനുമുണ്ട്

ഒരു വെയില്‍ മധുരം                                                                         സുള്‍ഫി

sameeksha-malabarinews

മിഥിനംകര്‍ക്കിടകവും പെയ്തുനിര്‍ത്തി പെരുമഴപിന്നെ ഒറ്റയൊറ്റത്തുള്ളികളിലേക്ക് ചുരുങ്ങിപ്പിന്‍വാങ്ങി. തലതുവനര്‍ത്തിയ മാമരങ്ങളും പുല്ലും ചെടികളും ഒന്നുനിവര്‍ന്നു; മനസ്സും. ആകാശം ഇടിഞ്ഞിപൊളിഞ്ഞ് തകര്‍ന്നുവീഴുമ്പോലെയുള്ള മഴയും അപ്പോഴത്തെ മനസ്സിന്റെ മ്ലാനതയും മാഞ്ഞുപോയപ്പോള്‍ കുംഭം ഉണര്‍വ്വിന്റെ ഉത്സാഹത്തിമിര്‍പ്പായി. എന്നും നന്ത്യാര്‍വട്ടത്തിന്‌ചോട്ടില്‍ മഴകുതിര്‍ത്ത ചിറകുമായി ഒറ്റയ്ക്കുനിന്ന നാട്ടുകുരുവിയും ഇപ്പോള്‍ ദൂരേക്ക് പറന്നകന്നു. തൊഴുത്തില്‍ അയവെട്ടാന്‍പോലും തോന്നാതെനിന്ന പൂവാലിക്കും ഒരു നവോന്മേഷം.

അപ്പോഴും ഇങ്ങനെയാണ്, മഴസ്മൃതികളുണര്‍ത്തുന്നതുപോലും വേനലാണ്. ഗ്രീഷ്മം അതിന്റെ തീനാവുകള്‍ നീട്ടിനീട്ടി ഉഷ്ണമാപിനിയുടെ ഉന്നതഡിഗ്രിയില്‍ തീമാനംപിളര്‍ന്നിറങ്ങുന്ന ഈ മീനം-മേടത്തിലിങ്ങനെയിരിക്കുമ്പോള്‍ നമ്മള്‍ പിന്നെയും മഴക്കനവില്‍ത്തന്നെ.

കഥയിലും സിനിമയിലും കവിതകളിലുമെല്ലാം പലപ്പോഴും മഴ കഥാപാത്രംതന്നെയായി വരാറുണ്ട്. പക്ഷേ, വേനലിനെപ്പറ്റി മഴയെപ്പോലെ അങ്ങനെ ഒരുപാടൊന്നും പാടുകയും പറയുകയും ചെയ്തിട്ടില്ല, നമ്മുടെ കവികളും കലാകാരന്മാരും. അതെന്താവോ? ഒരുപക്ഷേ അതിന്റെ ഈ തീക്ഷ്ണതയും വാട്ടലുംകൊണ്ടുതന്നെയാവാം.

കത്തിയാളുന്ന വേനല്‍പ്പകലിന്റെ വഴിത്തിരിവുകളില്‍ ഗ്രീഷ്മത്തിന് ദാഹവും വാട്ടവും ഉണക്കവും മാത്രമൊന്നുമല്ല ചിലചില സൗന്ദര്യങ്ങളും അനുഭവങ്ങളുംകൂടിയില്ലേ. പൂവിരുന്നിന്റെ പുളകങ്ങള്‍ വിസ്മരിക്കുന്നതെങ്ങനെ..എന്തെന്ത് പൂക്കളാണീ വേനല്‍ച്ചോട്ടില്‍ ഇതളാട്ടിനിന്ന് ഉഷ്ണത്തിന്റെ കാളുംകണ്ണിന് നല്‍ക്കാഴ്ചയേകുന്നത്. വേിപ്പൂവും കോളാമ്പിപ്പൂവും ചെത്തിയും തെച്ചിയും അരിപ്പൂവും താമരയും മെയ്ഫ്‌ളവറും വാകയും പട്ടുചേലയ്ക്ക് തീപിടിച്ചപോലെ കത്തുന്ന മുരുക്കും അരളിയും മന്ദാരവും പടുകൂറ്റന്‍ തണലായ് തലയെടുത്ത്‌നില്‍ക്കുമ്പോള്‍ ഇലമറന്ന് പൂക്കുന്ന തെരുവോരത്തെ ചീനിയും അങ്ങനെയങ്ങനെ പേരറിയുന്നതും അറിയാത്തതുമായി ഒരുപാടൊരുപാട് പൂവുകളുടെ പുഞ്ചിരിപ്പുഴകള്‍. എന്തിനേറെ ഇടക്ക് നമ്മുടെ കണ്ണായ കണിപ്പൂവില്ലേ, മീനംരാശി മേടത്തിലെത്തുമ്പഴേക്ക് കനകംകൊണ്ട് പൊന്‍കണിവെയ്ക്കുന്ന
കര്‍ണ്ണികാരവും ഈ വേനല്‍ക്കൈനീട്ടംതന്നെ. മുറ്റത്തെ മല്ലയും നന്ദ്യാര്‍വട്ടവും മാത്രമല്ല ഇത്തിരി വെള്ളമൊഴിച്ച് സ്‌നിഗ്ദ്ധമാക്കാമെങ്കില്‍ ഏത് പൂക്കാത്തകൊമ്പും വള്ളിയും പൂവാടചുറ്റുന്ന അത്ഭുതമന്ത്രം ജപിക്കാനറിയാംവേനലിന്. വേനലിനേ അറിയൂ ആ ഇന്ദ്രജാലം. വേനല്‍ക്കൈതൊട്ട പാടത്തും തൊടിയിലുമിപ്പോള്‍ വെള്ളരിയും വെണ്ടയും പടവലവും നീളന്‍പയറുമൊക്കെ അങ്ങനെ തുടുത്തുവളര്‍ന്ന് വിലസും. പച്ചക്കറികളുടെ പൂരക്കാഴ്ചകള്‍ കണ്ണിലും കരളിലും കൗതുകത്തേക്കാള്‍ ഒരുതരം ഹര്‍ഷോന്മാദമാണ് പകരുക.
അകമ്പുറം ആളുമ്പോള്‍ മെല്ലെ മാഞ്ചുവട്ടിലേക്കൊന്ന് നടന്നാല്‍ അവിടെയാ എത്താക്കൊമ്പത്ത് അണ്ണാര്‍ക്കണ്ണനും നാട്ടുകാക്കയും പങ്കിട്ടുപകുതിയാക്കിയ, ഇനിയൊരുകാറ്റില്‍ ഊര്‍ന്നുപോകുമെന്ന് മെല്ലെയാടുന്ന അകംചോന്ന് പാതിപ്പുറത്തെ മഞ്ഞച്ചപച്ചയിലെ മാമ്പഴം കാണാം. അതിനെയും നോക്കിയാ തണലില്‍ നില്‍ക്കെ, ഏറ്റവും ഉയരത്തിലല്ലാത്ത കൊമ്പില്‍ ഇലത്തളിര്‍പ്പിന്റെ ഉള്ളിലിരുന്ന്, ഉള്ളിന്റെയുള്ളിലേക്ക് പെയ്തിറങ്ങുന്ന ഒരു കുതൂഹലംകേള്‍ക്കാം-നമ്മുടെ കാക്കക്കുയിലല്ലാതാര് അങ്ങനെ നീട്ടി ഇങ്ങനെ ഒരീണത്തില്‍ പാടാന്‍. പറയാതെ വരുന്നൊരു കാറ്റില്‍ ഇലയും കൊമ്പും കന്യകയുടെ മാടിക്കോതിയ കാര്‍ക്കൂന്തല്‍പോലെ ഒന്നുള്ളോട്ടുലയുമ്പോള്‍ അവിടവിടെ ഓരോ ‘ടപ്പ്’ കേള്‍ക്കാം. കൂട്ടുകാരെ പറ്റിയ്ക്കാന്‍ മണ്ണ്കൂട്ടിവെച്ച് കൈ കൂമ്പിച്ച് പതിപ്പിച്ച അതേ ശബ്ദ. മാമ്പഴം വീഴുകയാണ്. പിരിക്കയറന്‍ ഊഞ്ഞാലില്‍ ആകാശവും ഭൂമിയുംതൊട്ടായത്തിലാടുമ്പോള്‍ വൈലോപ്പിള്ളി മൂളിയോ ‘അങ്കണത്തൈമാവില്‍നിന്ന്..’
വേനല്‍ നമുക്കൊരു ചൂടും പൊറുതികേടുമാണ്. എന്നാലെന്ത് നിഷ്‌കളങ്കമായ കുഞ്ഞുങ്ങളുടെ കണ്‍തടങ്ങളില്‍ നോക്കിയിട്ടുണ്ടോ? ഏതുവേനലിനെയും ഒപ്പാന്‍പോന്ന കുളിരുള്ള ഒരാഹ്ലാദം അതിപ്പോഴും അവിടെയുണ്ട്. കാണുന്നില്ലേ…
അവസാന പരീക്ഷയും തീര്‍ന്നിറങ്ങുമ്പോള്‍ മനസ്സിങ്ങനെ തുടികൊട്ടുകയാണ്. കൊയ്ത്തുകഴിഞ്ഞ പുഞ്ചപ്പാടത്ത് ഗോള്‍പോസ്റ്റും പിച്ചുമൊക്കെച്ചമച്ച്, രാവുറങ്ങുന്നതുതന്നെ കളിക്കളക്കിലേക്കുണരാനാണെന്ന് കനവിലും നിനവിലും മതിമറക്കുന്ന ഒരു കാലം നിങ്ങള്‍ക്കുമുണ്ടായിരുന്നു. അതിന് ആര് ഗ്രീഷ്മമെന്നും ഉഷ്ണമെന്നും പേരിട്ടാലും എങ്ങനെയാണ് ഒരു മധ്യവേനലവധിക്കാലത്തിന്റെ നേരവും കാലവും നോക്കാതുള്ള ഈ ഉത്സാഹത്തിന്റെ ഉത്സവത്തിമിര്‍പ്പിനെ മറക്കാനും മടുക്കാനും ആയിരുന്നത്…വിരുന്നും വിശേഷങ്ങളുമൊക്കെയായി പെണ്‍കുട്ടികള്‍ ഉല്ലസിച്ചതും ഇതുപോലൊരുപാട് വേനലുകളില്ലേ…അങ്ങനെ എന്നും താലോലിച്ച് താലോലിച്ച് കാത്തിരുന്നൊരു കാലം. പാഠപുസ്തകത്തിന്റ പേജുകള്‍ മറിയുന്നമുറക്ക് ഹൃദയം ഋതുതിരുവാതിരകളാടി വരവേറ്റതല്ലേ ഓരോ വേനലിനെയും.
കളിക്കൊട്ട് പഞ്ഞമില്ലാതെ, കളിച്ചുമദിച്ചുതീരാതെ സന്ധ്യയുടെമൂട്ടില്‍ അമ്മ വിളാച്ചാര്‍ത്തതുകൊണ്ടുമാത്രം, അച്ഛനിങ്ങെത്താറായതുകൊണ്ടുമാത്രം, ചേടിയിലും വിയര്‍പ്പിലും പൊതിഞ്ഞ്കുതിര്‍ന്ന് ഓടിവന്ന് കോരിയെടുത്തൊരു പാട്ടവെള്ളം കുടിച്ചിറക്കുമ്പോള്‍ തീര്‍ന്ന ദാഹം പിന്നെപ്പോഴെങ്കിലും തീര്‍ന്നിട്ടുണ്ടോ ജീവിതത്തില്‍! അപ്പോള്‍ നേടിയ ആ സുഖം(സുകൃതം) പിന്നെപ്പോഴാണ് കൈമോശംവന്നതെന്ന് ഓര്‍ക്കാതിരുന്നിട്ടുണ്ടോ… നാട്ടുമാഞ്ചോട്ടിലും വേലിക്കല്‍ അരിപ്പൂവിന്‍ ആതിരകളിലും പറഞ്ഞുപറഞ്ഞുതീരാത്ത വര്‍ത്തമാനങ്ങളുടെ ബാക്കി ഇപ്പോഴും ഉള്ളില്‍ കരുതുന്നുണ്ടാവണം. ബന്ധുവീട്ടില്‍ വിരുന്നുപാര്‍ക്കാന്‍ പോകുംവഴിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയെയും അവളുടെ വീടും കണ്ടതും ഒരു വേനലവധിക്കുതന്നെയായിരുന്നില്ലേ? അവള്‍ ഏതോ വകയില്‍ ബന്ധുവാണെന്നുംകൂടി അറിഞ്ഞപ്പോഴുണ്ടായ ആ സന്തോഷംപോലൊരു ഉള്ളംതുറന്ന സ്‌നേഹവും സൗഹൃദവും പിന്നെപ്പെഴാണുണ്ടായിട്ടുള്ളത്. അതും ഒരു വേനല്‍ച്ചിത്രംതന്നെ. തൊടിയിലും വേലിക്കലും കണ്ടതൊക്കെ പറിച്ച് വായാട്ടി, പറങ്കിമാങ്ങയും കടിച്ചൂറ്റി തൊട്ടുവക്കിലെ കോളാമ്പിപ്പൂക്കള്‍, പാവാടമടക്കിപ്പിടിച്ച് അതില്‍ നിറച്ച് വെറുതെ കരേറിയ കാലം. വെള്ളത്തിന് ഇളം ചൂടുപിടിച്ച കുളക്കടവില്‍ എണ്ണയിട്ട് കളിപറഞ്ഞിരുന്നപ്പോള്‍ തലകായുമെന്ന് മുത്തശ്ശിയുടെ ശകാരം കുളിപ്പിച്ച് കേറ്റിയ കനകകാലത്തില്‍നിന്ന് എന്തുമാത്രം മാറിപ്പോയി ലോകമെന്ന് നെടുവീര്‍പ്പിടാതെങ്ങനെ ഇപ്പോള്‍ ഒരു വേനല്‍താണ്ടും.
പച്ചമാങ്ങ ആര്‍ത്തിയോടെ കടിച്ച് കവിളിലും ചുണ്ടിലും മാങ്ങാച്ചുണയുടെ പച്ചകുത്തിയ ഒരു പാട് ഒന്നുമുഖംനോക്കിയാല്‍ അല്ലെങ്കില്‍ തലോടിയാല്‍ അറിയില്ലേ ഇപ്പോഴും! മണ്ണിലും മലരിലും കളിയോടുകളി ആടിത്തിമിര്‍ത്ത എത്രയെത്ര വേനല്‍പ്പകലുകള്‍…എത്രകത്തിയാളിയാലും ചുട്ടുപൊള്ളിയാലും ഗ്രീഷ്മത്തിനുമുണ്ടൊരു ചൂര്; ഒരു വേനല്‍ച്ചൂര്. മണ്ണിന്റെ മാറ് വെന്തമണം. പൊരിവെയില്‍വാട്ടിയ കാട്ടുപൂവിന്റേയും തുളസിയുടേയും പച്ചിലച്ചാര്‍ത്തിന്റേയും മധുരസൗരഭ്യം. നീര്‍വലിയുന്ന തേങ്ങാമുറികള്‍ കൊപ്രയിലേക്ക് സംക്രമിക്കുന്ന വെളിച്ചെണ്ണഗന്ധം. നെല്ലിന്റെയും വൈക്കോലിന്റെയും ഉണക്കാനിട്ട മത്സ്യത്തിന്റെയും. നാട്ടുമാവില്‍ തുരുതുരെ തൂങ്ങുന്ന മാമ്പഴത്തിന്റെ കറചുവയ്ക്കുന്ന മദഗന്ധം. മീന്‍പിടിക്കാന്‍ വാര്‍ത്തുവറ്റിച്ച കുളത്തിലെ ചളിയുണങ്ങുന്ന മണം. വെയില്‍പാകമാക്കിയ ഞാവല്‍പ്പഴത്തിന്റെ കൊതിമണം.
മലയാണ്മയെ വാനോളമുയര്‍ത്തിയ മാധവിക്കുട്ടി ‘നീര്‍മാതളംപൂത്ത കാല’ത്തെപ്പറ്റി പറയവേ വരഞ്ഞുവെച്ചില്ലേ ആ ചൂടിന്റെയും ചൂരിന്റെയും ഒരു ചിത്രം:
”വിളഞ്ഞുനില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍ നെല്ലിന്റെമാത്രം മണമല്ല പേറിയിരുന്നത്; അവ വെയിലിന്റെയും മണം പേറി. തെക്കുപടിഞ്ഞാറന്‍ കാറ്റ് മുളങ്കാടുകളുടെയും അവയില്‍ ഒളിച്ചുജീവിക്കുന്ന മൂര്‍ഖന്‍പാമ്പുകളുടെയും കടലിലേക്ക് നീണ്ട മണല്‍പ്പാതയുടെ രണ്ടറ്റത്ത് വളര്‍ന്നുനിന്ന മഞ്ഞരളിപ്പൂവിന്റെയും കടലിന്റെയും മുക്കുവരുടെ വലകളുടെയും ഉണക്കമത്സ്യത്തിന്റെയും ഗന്ധങ്ങള്‍ ഞങ്ങള്‍ക്ക സമ്മാനിച്ചു. വടക്കുകിഴക്കന്‍ കാറ്റുകള്‍ ഉണക്കാനിട്ട കൊപ്രയുടെയും വെളിച്ചെണ്ണയുടെയും മണംപേറിയാണ് വന്നിരുന്നത്.”

വേനല്‍രാവിനുമുണ്ട് ഒരു വെയില്‍കാല മണവും മധുരവും. രാച്ചോട്ടില്‍ പൂവിട്ടുനില്‍ക്കുന്ന പൈന്‍മരം ഏതോ മുത്തശ്ശിക്കഥയിലെ കഥാപാത്രംതന്നെയിപ്പോഴും. അരണ്ട നിലാവിലും ആയിരം നക്ഷത്രങ്ങള്‍കാണാം, തുറന്നിട്ട ജനാലയിലൂടെ. വലിയ നിശ്ശബ്ദതയ്ക്കിടയില്‍ പാടിവരുന്നൊരു കാണാക്കാറ്റിന്റെ അറ്റത്ത് മുല്ലപ്പൂവിന്റെ ഇതളടരുമ്പോള്‍ ഒന്നുച്ചുതൂകിപ്പോയ ആ മാദകസൗരഭ്യം. പാതിയുറങ്ങിയും ഉറങ്ങാതെയും പകലാക്കുമ്പോള്‍ ഒറ്റയ്ക്ക് വിടര്‍ന്ന നിശാഗന്ധിയും ഇത്തിരി പ്രേമം പിടികൂടിയ കാലത്ത് പാടത്തിന്‍കരയിലെ പാലപൂത്തതിന്റെ പ്രണയഗന്ധവും പാരിജാതത്തിന്‍ ഗൃഹാതുരത ചുരത്തുന്ന മണവും. അങ്ങനെയങ്ങനെ പാതിരകള്‍ പറുദീസകളാക്കിയ ഏതൊക്കെയോ വേനലുകള്‍…

കളിയിടങ്ങളില്‍നിന്ന് ഇത്തിരി കാര്യഗൗരവത്തിലേക്ക് കരേറിയ മുക്ക് പിന്നെ ജീവിതത്തില്‍ വേനല്‍ വിരഹമായാണ് വായി(ജീവി)ച്ചനുഭവം. മധ്യവേനലിലേക്ക് വാടിടരുവ്വ ഇലകള്‍ക്കൊപ്പം പരീക്ഷാപ്പനിയുടെ, വിരഹത്തിന്റെ ഒരു വിഷാദകാലം.
പിന്നെപ്പിന്നെ ജീവിതം യാന്ത്രികമായതിന്റെ കെടുതിയില്‍ എല്ലാം അസ്വാസ്ഥ്യങ്ങളും സൈ്വര്യക്കേടുകളുമായിപ്പോയി. നമ്മള്‍ ഒരുപാടൊരുപാട് വളര്‍ന്നല്ലോ! തൊടിയും തോടുംകാടി മാറിമറിഞ്ഞു. മനസ്സില്‍ ആ ബാല്യത്തിന്റെ മധുരിമ മാത്രം. ചിലനേരം അതുപോലും മാഞ്ഞുപോയ അനുഭവങ്ങളിലൂടെയുള്ള ജീവിതം ജീവിക്കാനുള്ള തത്രപ്പാടുകള്‍. വളര്‍ച്ചയുടെ ചുവടും പടവും ഒരുപാട് താണ്ടിയപ്പോള്‍ മഴയില്‍ വെയിലായും വെയിലില്‍ മഴയായും മാറിയ കിനാക്കാഴ്ചകളിലൂടെ കാലം പ്രവഹിക്കുകയായിരുന്നു. പിന്നെയെപ്പോഴോ നമ്മളൊക്കെത്തന്നെ ചെയ്തുകൂട്ടിയ മഹാപാതകങ്ങളുടെ പാപത്തറിയില്‍ കാലത്തിന്റെ ഋതുഗണിതം പിഴച്ചപ്പോള്‍ വേനല്‍മഴയും മുറതെറ്റുന്നു. പഴമക്കാര്‍ പറഞ്ഞ കലികാലങ്ങളാടി വെയിലിനും മഴയ്ക്കും മുറയില്ലാതെ ദിനതാപത്തിന്റെ ഉഷ്ണമാപിനികളില്‍ രസംതിളച്ചുയര്‍ന്നു. നാട്ടുകിണറാഴത്തിലെ കണ്ണീര്‍ത്തെളിയുള്ള കുളിര്‍വെള്ളവും തണ്ണീര്‍പ്പന്തലും മരച്ചോട്ടിലെ, അമ്പലത്തറയിലെ അരയാല്‍ച്ചോട്ടിലെ വിശറിത്തണലിലെ ഇളവേല്‍പ്പും മുങ്ങിനിവര്‍ന്നും മുങ്ങാങ്കിഴിയിട്ടും ആര്‍ത്തുല്ലസിച്ച, വെയിലിന്റെ നീള്‍ക്കരം ഇളംചൂടുപകര്‍ന്ന കുളങ്ങളും കൈമോശംവന്നു. കുപ്പിവെള്ളവും കുളിര്‍പ്പെട്ടിയായി റഫ്രിജറേറ്ററും തണ്ണീര്‍പ്പന്തലായി ആസ്ബറ്റോസും കോണ്‍ക്രീറ്റും തീര്‍ത്ത വെയ്റ്റിംഗ്‌ഷെഡ്ഡുകളുമൊക്കെ പകരം കിട്ടി. ഫാനും എയറുകണ്ടീഷണറുകളുമൊക്കെയായി പഥ്യം. മാമരമൊക്കെ മച്ചും മണിയറയും അകത്തളത്തിന്റെ അലങ്കാരങ്ങളുമാക്കി. തോടൊക്കെ റോഡായി. കുള്ളങ്ങളൊക്കെ തൂര്‍ന്നും തൂര്‍ത്തും ഗ്രാമവികസനത്തിന്റെ കൊടിയടയാളങ്ങള്‍ പാറിച്ച് മണിസൗധങ്ങളായി. പാവം അരിപ്പൂവും കടലാസുപൂവുമൊക്കെ ചട്ടിയിലേക്ക് ചുരുട്ടിക്കൂട്ടിയപ്പോള്‍ വീര്‍പ്പുമുട്ടി ഇപ്പോഴും നമ്മളെനോക്കി വിതുമ്പുന്നുണ്ടാവണം.ആ കാലവും ശീലവുമൊക്കെ അകാലത്തില്‍ അള്‍ഷെമേഴ്‌സ് ബാധിച്ചവന്റെ ഓര്‍മ്മപോലെ മാഞ്ഞുമാഞ്ഞുപോകുമ്പോള്‍, ഒടുക്കം ഗ്രീഷ്മത്തിനുനേരെ ഒരു ശാപംപോലെ തുറിച്ചുനോക്കി കൂളിംഗ്ഗ്ലാസ് അമര്‍ത്തിനടന്നോ കിടന്നോ പോകയാണ് നാം. ഗ്രീഷ്മം പെട്ടുകതന്നെ ചെയ്യുന്നു. കൂടുതല്‍ കരുത്തോടെ, നമ്മള്‍ ചെയ്തുകൂട്ടിയതിനൊക്കെയുള്ള പകയോടെന്നപോലെ. ഓര്‍മ്മകള്‍ക്കും ജീവിതത്തിനുമിടയ്ക്കുള്ള ഒരു പൊരുളുപോലെ അതങ്ങനെ തുടരുകതന്നെ ചെയ്യുന്നു.
വെയില്‍ത്തിറകളാടിത്തിമിര്‍ത്ത ഉന്മാദത്തിന്റെ ഉഷസ്സുകള്‍ പിന്‍വാങ്ങുമ്പോള്‍ വാകപ്പൂക്കള്‍ സര്‍വ്വം ഉണങ്ങിയടരുകയും ആരുകാറ്റില്‍ അവസാനത്തെ കൊന്നപ്പൂവും കൊഴിയുകയും നാട്ടുമാവിന്റെ കൊമ്പില്‍നിന്ന് ആ പാട്ടുകാരന്‍ കുയിലും അകലേക്കെങ്ങോ പാറിയകലുകയും ഒടുക്കത്തെ മാമ്പഴവും വീഴുമ്പോള്‍, ദേശാടകപക്ഷികള്‍ ചിറകിലെ മണ്ണും ഉപ്പും തുള്ളിവെള്ളംപോലും കുടഞ്ഞുകളഞ്ഞ് വേറൊരു ഭൂഖണ്ഡത്തിന്റെ വേനല്‍തേടി യാത്രയാകും. ഇല്ലേ അപ്പോള്‍
മനസ്സിലൊരു ഊഷ്മളമായ ഗൃഹാതുരത? മധ്യവേനലവധിയും കഴിഞ്ഞ് തുറക്കുന്ന സ്‌കൂളിലേക്ക് ആഹ്ലാദസന്ദായകമായ ഒരു കാലത്തില്‍നിന്നും കളിയില്‍നിന്നും പറിച്ചുമാറ്റുംപോലെ പോകാന്‍ നിര്‍ബന്ധിതനാകുന്ന പിഞ്ചുമുഖങ്ങളില്‍ നിഴല്‍വീഴ്ത്തിനില്‍ക്കുന്ന കാര്‍മേഘംപോലെ ഒരു ഗൃഹാതുരത… നിങ്ങള്‍ക്കുമില്ലേ ഇപ്പോള്‍ നേര്‍ത്തൊരു സങ്കടം? എന്തിനെന്നോ ഏതിനെന്നോ ചിലപ്പോള്‍ പറയാനാവാത്തതെങ്കിലുമള്ള ഒരു ഗ്രീഷ്മവിഷാദം..ഉണ്ടാകാതിരിക്കില്ല. മഴപോലെ മഞ്ഞുപോലെ വെയിലും, നീണ്ടും കുറുക്കിയും ജീവിതത്തിന് എത്ര നിഴലും വെളിച്ചവുമാണ് വരച്ചുചേര്‍ത്തിട്ടുള്ളത്. ഈ വേനല്‍വെയില്‍ ചായുമ്പോള്‍ പരക്കെ പ്രസാദംവാര്‍ന്ന
ഒരു മ്ലാനത പരക്കും. മൗഢ്യം കുടിവെച്ച മനസ്സിലിപ്പോള്‍ മഴപെയ്യാന്‍ തുടങ്ങിയിരിക്കും….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!