Section

malabari-logo-mobile

ഖത്തറിലെങ്ങും ആഹ്ലാദത്തിന്റെ പെരുന്നാള്‍ ആഘോഷങ്ങള്‍

HIGHLIGHTS : ദോഹ: ഖത്തറിലെങ്ങും ആവേശത്തിന്റെ നിറവില്‍ ജനങ്ങള്‍

ദോഹ: ഖത്തറിലെങ്ങും ആവേശത്തിന്റെ നിറവില്‍ ജനങ്ങള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. പുതുവസ്ത്രങ്ങളണിഞ്ഞ് പതിനായിരക്കണക്കിന് വിശ്വാസികള്‍  ഈദുഗാഹുകളിലേക്ക് അതിരാവിലെത്തന്നെ ഒഴുകുകയായിരുന്നു. ഈദുഗാഹുകളിലേക്ക് വന്‍തോതില്‍ വനിതകളുമെത്തിയിരുന്നു. ഈദ് ഗാഹുകള്‍ക്ക് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ മസ്ജിദുകളിലാണ് ഈദ് നമസ്‌കാരം നടന്നത്. ഇത്തവണ 265 സ്ഥലങ്ങളിലാണ് ഔഖാഫ് മന്ത്രാലയത്തിലെ മസാജിദ് വകുപ്പ് ഈദ് നമസ്‌കാരത്തിന് സൗകര്യങ്ങളൊരുക്കിയിരുന്നത്.
റമദാനിലൂടെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത കറകളഞ്ഞ ആത്മ വിശുദ്ധിയും അചഞ്ചലമായ ആദര്‍ശ നിഷ്ഠയും ദൈവപ്രീതിക്കു മുമ്പില്‍ ദേഹേഛകളെ നിയന്ത്രിക്കാനുളള പരിശീലനവും തുടര്‍ന്നുള്ള ജീവിതത്തിനു മാര്‍ഗ്ഗദീപമാക്കാന്‍ ഖത്തീബുമാര്‍ വിശ്വാസികളെ ഉപദേശിച്ചു. ഏക ദൈവാരാധനയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ദൈവിക വചനങ്ങള്‍ ജീവിതത്തിന്റെ നിഖിലമേഖലകളിലും അനുവര്‍ത്തിക്കാനും കുടംബ ബന്ധങ്ങള്‍ ചേര്‍ക്കാനും സിറിയയിലും ഫലസ്തീനിലും ഇതരരാജ്യങ്ങളിലുമുള്ള പീഢിതരെ സഹായിക്കാനും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും അവര്‍ തങ്ങളുടെ പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിച്ചു.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും അല്‍ വജ്ബ ഈദ് ഗാഹില്‍ ഈദ് നമസ്‌കാരം നിര്‍വ്വഹിച്ചു. രാജകുടുംബാംഗങ്ങളും മന്ത്രിമാരും നിരവധി സാധാരണക്കാരും ഇവിടെ നമസ്‌കാരത്തിനെത്തിയിരുന്നു. നമസ്‌കാരത്തിനു ശേഷം അമീര്‍ അല്‍ വജ്ബ കൊട്ടാരത്തില്‍ രാജകുടുംബാംഗങ്ങള്‍, മജ്‌ലിസു ശൂറ സ്പീക്കര്‍, മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, ഉന്നത സൈനിക പൊലിസ് ഉദ്യോഗസ്ഥര്‍, രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍, പൗരന്മാര്‍ തുടങ്ങിയവരെ സ്വീകരിച്ചു ഈദ് ആശംസകള്‍ കൈമാറി.
രാവിലത്തെ തിരക്കിനു ശേഷം ഉച്ചവരെ ഏറെ വിജനമായ റോഡുകളില്‍ വൈകിട്ട് നല്ല തിരക്കനുഭവപ്പെട്ടു. കോര്‍ണിഷ്, പാര്‍ക്കുകള്‍, കത്താറ, ഷോപ്പിംഗ് മാളുകള്‍, സൂഖുകള്‍, ബീച്ചുകള്‍, സീലൈന്‍ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ആഭ്യന്തരമന്ത്രാലയം പാര്‍ക്കുകളിലും ജനങ്ങള്‍ കൂടുന്ന പൊതുസ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്. ട്രാഫിക് നിയന്ത്രിക്കാനായി കൂടുതല്‍ പൊലിസ് സേനയെ നിയോഗിച്ചിരുന്നു.
ആഘോഷം അതിന്റെ പാരമ്യതയിലെത്തിയത് കത്താറയിലും സൂഖ് വാഖിഫിലും ഷോപ്പിംഗ് മാളുകളിലുമായിരുന്നു. ദോഹ കോണ്‍ണിഷ് ഉച്ച മുതല്‍ തന്നെ ജനങ്ങള്‍ കയ്യടക്കിയിരുന്നു. വൈകുന്നേരത്തോടെ ഇവിടെ കുടുംബങ്ങള്‍ കൂട്ടമായാണെത്തിയത്. കത്താറയിലെ ലേസര്‍, മ്യൂസിക് ഫൗണ്ടന്‍ പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളും കാണാന്‍ ആയിരങ്ങളാണെത്തിയത്. വിണ്ണിലെന്നപോലെ ജനങ്ങളുടെ മനസ്സിലും ആഘോഷത്തിന്റെ വര്‍ണ്ണമഴ പെയ്യിച്ച വെടിക്കെട്ട് പതിനായിരങ്ങളാണ് ദര്‍ശിച്ചത്.
മുവാസലാത്തിന്റെ കര്‍വ സിറ്റി ബസ്സുകളില്‍ രാവിലെ മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഈദ് പ്രമാണിച്ച് കൂടുതല്‍ ബസുകള്‍ കര്‍വ നിരത്തിലിറക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വൈകിട്ട് വ്യത്യസ്തമായ സാംസ്‌കാരിക പരിപാടികള്‍ ഇന്നലെ നടക്കുകയുണ്ടായി. രാജ്യത്തിന്റെ പൈതൃകവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന പരിപാടികള്‍ ഒരുക്കിയ പൈതൃക ഗ്രാമത്തിലും കത്താറയിലും വിദേശികളടക്കം നിരവധി സന്ദര്‍ശകരെത്തിയിരുന്നു.
സൂഖ് വാഖിഫില്‍ ഒരുക്കിയ സംഗീത സായാഹ്നം ഏറെ പേരെ ആകര്‍ഷിച്ചു. സൂഖ് വാഖിഫില്‍ പുലര്‍ച്ച വരെ നല്ല തിരക്കാണനുഭവപ്പെട്ടത്. ചില ഖത്തറി ഗോത്രങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍  പരമ്പരാഗത അറ്ദ നൃത്തവും സംഗീതപരിപാടികളും അവര്‍ ഒരുക്കിയതും ആകര്‍ഷകമായി വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലും ഇന്നലെയും വരും ദിവസങ്ങളിലും വിവിധ സാംസ്‌കാരിക പരിപാടികളും സംഗമങ്ങളും ഒരുക്കിയിട്ടുണ്ട്. വേനലിന്റെ കാഠിന്യം അല്‍പ്പം കുറഞ്ഞതും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.
ആഘോഷത്തിന്റെ ആവേശം ഏറെ അനുഭനപ്പെട്ടത് ഷോപ്പിംഗ് മാളുകളിലായിരുന്നു. ഖത്തര്‍ ടൂറിസം അഥോറിറ്റി ഒരുക്കിയ പരിപാടികള്‍ കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ആവേശം പകരുന്നതായിരുന്നു. സര്‍ക്കസ്, ഖത്തറി ബാന്റിന്റെ സംഗീത പരിപാടികള്‍, കുട്ടികളുടെ നാടകം, സ്‌പേസ് വാക്ക്, നാടകം എന്നിവ ഷോപ്പിംഗ് മാളുകളില്‍ ആവേശത്തിന്റെ അലകളുയര്‍ത്തി.
ഇത്തവണ സംഘടിപ്പിച്ച പാരഗ്ലൈഡിംഗ് ആഘോഷത്തിന് സാഹസികതയുടേയും ആവേശത്തിന്റെ മാറ്റ് പകര്‍ന്നു.
രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പൈതൃകവും ആധുനിതകയും സമ്മേളിക്കുന്ന വ്യത്യസ്ത പരിപാടികളാണ് ഈദിന്റെ ഭാഗമായി ഒരുക്കിയിരുന്നത്.
സംഗീത സന്ധ്യകള്‍, മത്സരങ്ങള്‍, പഴയകാല കളികളുടെ ആവിഷ്‌കാരങ്ങള്‍, ഖത്തറി പരമ്പരാഗത രുചിഭേദങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍,  സാംസ്‌കാരിക പരിപാടികള്‍, കവിതാ സായാഹ്നം, വിനോദ യാത്രകള്‍, വിജ്ഞാന സദസ്സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!