Section

malabari-logo-mobile

ഉഷ്ണതരംഗസാധ്യത: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി;തൊഴിലിടങ്ങളില്‍ സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

HIGHLIGHTS : Risk of heat wave: Restrictions tightened in Malappuram district; strict action against those who do not follow time schedule at workplaces

മലപ്പുറം:ചൂട് കൂടിവരികയും ഉഷ്ണതരംഗസാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെയ് ആറ് വരെ പ്രതിരോധനടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിറക്കി.

പകല്‍ 11 മുതല്‍ മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഒഴിവാക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ ജോലിസമയം ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിക്കാലക്ലാസുകള്‍ക്കും മെയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കുടിവെള്ളവും പരീക്ഷാഹാളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം.

sameeksha-malabarinews

ആസ്ബസ്റ്റോസ്, ടിന്‍ ഷീറ്റുകള്‍ മേല്‍ക്കൂരകള്‍ ആയിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍സമയം അടച്ചിടണം. ഇത്തരം മേല്‍ക്കൂരകളുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ നടപടി സ്വീകരിക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങി തീപിടുത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ജില്ലയിലെ ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് അടിയന്തരമായി നടത്തണം. ഇത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡ പ്രകാരമായിരിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വളര്‍ത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങള്‍, ആദിവാസി കോളനികള്‍, ആവാസകേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും ജില്ലാകലക്ടറുടെ ഉത്തരവില്‍ പറയുന്നു.

ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ സമയക്രമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ രാവിലെ ഏഴു മുതല്‍ 12 വരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി ഏഴുവരെയുമാണ് ജോലിസമയം ക്രമീകരിച്ചിട്ടുള്ളത്. നടപടിയുടെ ഭാഗമായി വിവിധ സ്‌ക്വാഡുകള്‍ ജില്ലയില്‍ 22 ഇടങ്ങളില്‍ പരിശോധന നടത്തി. കെട്ടിട നിര്‍മാണ മേഖല, റോഡ് നിര്‍മ്മാണം എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പകല്‍ 12 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നുവരെയും ജോലി ചെയ്യുന്നതിനാണ് നിയന്ത്രണം. പരിശോധന നടന്ന ഭൂരിഭാഗം സ്ഥലത്തും സമയക്രമം പാലിക്കുന്നതായി കാണാന്‍ കഴിഞ്ഞതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്മെന്റ്) വി.പി.ശിവരാമന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ടി.ഷബീറലി എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്‍കി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!