Section

malabari-logo-mobile

ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളികള്‍ ഉയര്‍ന്ന ഉപഭോക്തൃബോധം പ...

ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളികള്‍ ഉയര്‍ന്ന ഉപഭോക്തൃബോധം പുലര്‍ത്തുന്നവരാണെന്ന കാഴ്ചപ്പാടിലാണ് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആസ്ഥാനകാര്യാലയത്തിന്റെയും ലബോറട്ടറിയുടെയും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചെറുകിടസ്ഥാപനങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയാല്‍പ്പോരെന്നും വന്‍കിടസ്ഥാപനങ്ങള്‍ എന്ന പരിഗണന പരിശോധകര്‍ക്ക് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരോടും തുല്യസമീപനം പുലര്‍ത്തണം. മള്‍ട്ടിപ്‌ളക്‌സ് തിയേറ്ററുകളില്‍ ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ച പരാതികള്‍ ശ്രദ്ധിക്കണം. അനുവദിക്കാന്‍ പാടില്ലാത്ത എന്തു കാര്യമുണ്ടായാലും ഇടപെടണം. പല ആശുപത്രികളിലും കുട്ടികളുടെ തൂക്കം എടുക്കുന്ന ഉപകരണം കൃത്യത ഇല്ലാത്തതാണെന്ന പരാതിയുണ്ട്. തൂക്കത്തില്‍ വ്യത്യാസമുണ്ടായാല്‍ കുട്ടിക്കു നല്‍കുന്ന മരുന്നിന്റെ അളവില്‍ വ്യത്യാസമുണ്ടാകും. ഇത്തരം കാര്യങ്ങളില്‍ ഗൗരവതരമായ പരിശോധന ആവശ്യമാണ്.
പുതിയ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരം തട്ടിപ്പുകള്‍ ചെറിയതോതില്‍ കടന്നുവരുന്നു. ഇവ കണ്ടെത്താന്‍ മിന്നല്‍പരിശോധനകളും സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തി തുടര്‍പരിശോധനകളും നടത്തുന്നതിന് സര്‍ക്കാര്‍ പിന്തുണയുണ്ടാകും.
ജനകീയവിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനാല്‍ വലിയ ഉത്തരവാദിത്വമാണ് വകുപ്പില്‍ അര്‍പ്പിതമായിരിക്കുന്നത്. ആ ഉത്തരവാദിത്വമാണ് എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. വകുപ്പിന്റെ ചിരകാലസ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഉത്തമതാത്പര്യം സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നല്ല പ്രവര്‍ത്തനം വകുപ്പ് കാഴ്ചവെച്ചു. പുതിയ 14 താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ഷന്‍ ഓഫീസുകളും വാഹനങ്ങളും അനുവദിച്ചു. അധികതസ്തികകള്‍ അനുവദിച്ചും പരാതിപരിഹാരത്തിന് മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്തിയും വകുപ്പിനെ ശാക്തീകരിക്കാനായതായും മന്ത്രി പറഞ്ഞു.
ലീഗല്‍ മെട്രോളജി ഭവന്റെ താക്കോല്‍ കൈമാറ്റം കണ്‍ട്രോളര്‍ ഡോ. പി. സുരേഷ്ബാബുവിനു നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കേന്ദ്ര ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് ഡയറക്ടര്‍ ശൈലേന്ദ്ര സിംഗ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, ജി.ആര്‍.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭക്ഷ്യ, പൊതുവിതരണ, ലീഗല്‍ മെട്രോളജി വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും കണ്‍ട്രോളര്‍ ഡോ. പി. സുരേഷ്ബാബു നന്ദിയും പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജു കെ.ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പട്ടത്ത് ഏഴുനിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തില്‍ കണ്‍ട്രോളറുടെ കാര്യാലയം, റീജിയണല്‍ ട്രെയിനിംഗ് സെന്റര്‍, ഗോള്‍ഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലാബ്, സെക്കന്‍ഡറി സ്റ്റാന്‍ഡേഡ് ലബോറട്ടറികള്‍, വര്‍ക്കിംഗ് സ്റ്റാന്‍ഡേഡ് ലബോറട്ടറികള്‍, ആദ്യകാല അളവുതൂക്ക ഉപകരണങ്ങളുടെ മ്യൂസിയം, ലൈബ്രറി, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്. കൂടാതെ ദക്ഷിണ മേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍, ഫ്ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ കാര്യാലയങ്ങളും അനുബന്ധ ലാബുകളും ഇവിടേക്ക് മാറ്റും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!