Section

malabari-logo-mobile

ഇനി പരിശോധന ഫലങ്ങള്‍ വിരല്‍ത്തുമ്പില്‍; ലാബ് പരിശോധന ഫലങ്ങള്‍ക്കായി അലയേണ്ട; ഫലങ്ങള്‍ മൊബൈല്‍ ഫോണിലും

HIGHLIGHTS : Now the test results are at your fingertips; Don't worry about lab test results; Results on mobile phone too

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലാബ് പരിശോധന ഫലങ്ങള്‍ മൊബൈല്‍ ഫോണിലും ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടമായാണിവിടെ നടപ്പിലാക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായാണ് നടപടി. ഈ പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്പിള്‍ കളക്ഷന്‍ സെന്ററും ടെസ്റ്റ് റിസള്‍ട്ട് സെന്ററും ഏകീകരികരിച്ചിട്ടുണ്ട്. അതിനാല്‍ ആശുപത്രിയിലെ വിവിധ ബ്ളോക്കുകളിലെ രോഗികള്‍ക്ക് അവരവരുടെ പരിശോധന ഫലങ്ങള്‍ അതാത് ബ്ലോക്കുകളില്‍ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈല്‍ ഫോണുകളിലും പരിശോധനാ ഫലങ്ങള്‍ ലഭ്യമാക്കുന്നത്. ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ കഴിഞ്ഞ രോഗികള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒപി രജിസ്ട്രേഷന്‍ സമയത്തോ ലാബില്‍ ബില്ലിംഗ് ചെയ്യുന്ന സമയത്തോ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ചെയ്യാവുന്നതാണ്. ടെസ്റ്റ് മെസേജായി മൊബൈലില്‍ ഒരു ലിങ്ക് വരും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശോധനാ ഫലം ലഭിക്കും. 90 ദിവസം ആ ലിങ്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ്., ആര്‍.ജി.സി.ബി, എ.സി.ആര്‍. എന്നീ ലാബുകളിലെ പരിശോധന ഫലങ്ങള്‍ ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസള്‍ട്ട് കൗണ്ടറില്‍ നിന്നും 24 മണിക്കൂറും ലഭ്യമാണ്. വരും ദിവസങ്ങളില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളുടെ പരിശോധനാ ഫലങ്ങള്‍ അവരവരുടെ വാര്‍ഡുകളില്‍ തന്നെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

sameeksha-malabarinews

ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ഇ ഹെല്‍ത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടുമടങ്ങുമ്പോള്‍ തന്നെ തുടര്‍ചികിത്സയ്ക്കുള്ള തീയതിയും ടോക്കണും ഈ സംവിധാനത്തോടെ നേരത്തെയെടുക്കാനും സാധിക്കുന്നു.

മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ആദ്യമായി ആരംഭിച്ചത്. മറ്റ് മെഡിക്കല്‍ കോളേജുകളിലെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്ന ടീമാണ് മേല്‍നോട്ട സമിതി. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം. മെഡിക്കല്‍ കോളേജിലെ വിവിധ ഭാഗങ്ങളിലുള്ള ലാബുകളിലേക്ക് രോഗികളുടെ ബന്ധുക്കള്‍ക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് പലരും പറഞ്ഞിരുന്നു. അതിനാലാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവില്‍ ഇതുംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!