Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യത: യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മെയ് 28, 31 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...

മലപ്പുറം: ജില്ലയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മെയ് 28, 31 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരും കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം. ഇത്തരത്തില്‍ അപകടം ശ്രദ്ധയില്‍ പ്പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ വിവരം അറിയിക്കണം. തകരാര്‍ പരിഹരിക്കുന്ന പ്രവൃത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍

sameeksha-malabarinews

*ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.
*ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യണം.
* ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി 1077 എന്ന നമ്പറില്‍ മുന്‍കൂട്ടി തന്നെ ബന്ധപ്പെടണം. മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.
*കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കരുത്.
*നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.
*വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കണം.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ബോട്ടുകളില്‍
മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് ഡെക്കില്‍ ഇറങ്ങി നില്‍ക്കുന്നത് ഒഴിവാക്കണം. അകത്ത് സുരക്ഷിതമായി ഇരിക്കണം. ഇടിമിന്നല്‍ സമയത്ത് മത്സ്യത്തൊഴിലാളികളുടെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സുരക്ഷിതമാക്കി വെക്കാന്‍ ശ്രമിക്കണം. ചെറു വള്ളങ്ങളിലും മറ്റും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!