
താനൂർ : ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ അവധിക്കാല പ്രവർത്തനമായ “സർഗ്ഗം” നൈപുണി അധിഷ്ഠിത തൊഴിൽ പരിശീലന ക്യാമ്പ് ബി.ആർ.സി യിൽ സംഘടിപ്പിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുകയും സ്വയംപര്യാപ്തത വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
ബി.ആർ.സി യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പേപ്പർ കാരിബാഗ് നിർമ്മാണം, ചിരട്ടയിൽ ഫാബ്രിക് പെയിന്റിംഗ്, സൃഷ്ടിപരമായ അലങ്കാര നിർമാണങ്ങൾ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി. കുട്ടികൾ സ്വന്തം കൈകളാൽ മനോഹരമായ പേപ്പർ ബാഗുകളും അലങ്കാര വസ്തുക്കളും തയ്യാറാക്കി. ഓരോ പ്രവർത്തനങ്ങളിലും കുട്ടികൾ ഏറെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും പങ്കാളികളായി.
പരിശീലനത്തിനിടെ കുട്ടികൾ തയ്യാറാക്കിയ വർണാഭമായ ചിരട്ട പെയിന്റിംഗുകളും പേപ്പർ ബാഗുകളും എല്ലാവരുടെയും ശ്രദ്ധ നേടി. ക്യാമ്പിന്റെ അവസാനം കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ചെറിയ പ്രദർശനവും സംഘടിപ്പിച്ചു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളും തൊഴിൽ നൈപുണികളും വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഏറെ സഹായകരമാണെന്ന് രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെട്ടു.
സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ സഹകരണത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ നിർദ്ദേശങ്ങളും പിന്തുണയും നൽകി. കുട്ടികളിൽ തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്താനും സ്വയംതൊഴിൽ മേഖലകളെ പരിചയപ്പെടുത്താനും ഇത്തരം നൈപുണി പരിശീലന ക്യാമ്പുകൾ ഏറെ പ്രയോജനകരമാണെന്ന് ബി.പി.സി റിയോൺ ആന്റണി ചടങ്ങിൽ സംസാരിക്കവെ അറിയിച്ചു. ഭാവിയിലും കൂടുതൽ വൈവിധ്യമാർന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




