പരപ്പനങ്ങാടി : കഴിഞ്ഞ പ്രളയങ്ങളില്‍ പാലത്തിങ്ങല്‍ കീരനെല്ലൂര്‍ ന്യൂകട്ട് ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരപ്പനങ്ങാടി നഗരസഭ ആരംഭിച്ചു. ഇന്ന് വൈകീട്ട് മണല്‍ നീക്കംചെയ്യുന്ന പ്രവൃത്തിയുടെ ഫ്‌ളാഗ് ഓഫ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിവി ജമീലടീച്ചര്‍ നിര്‍വ്വഹിച്ചു.
പ്രളയത്തില്‍ ഒഴുകിവന്ന അവശിഷ്ടങ്ങള്‍ നിറഞ്ഞ് പരപ്പനങ്ങാടി പാലത്തിങ്ങല്‍ ഭാഗത്ത് കടലുണ്ടി പുഴയില്‍ വലിയ മണല്‍കൂനകള്‍ ഉയരുകയും നീരൊഴക്ക് തടസ്സപെടുന്ന വിധത്തില്‍ മാറുകയും ചെയ്തിരുന്നു. കാലവര്‍ഷം വരുന്നതിന് മുന്‍പ് പുഴയുടെ സ്വാഭവിക ഒഴുക്കിനെ തടസ്സപെടുത്തുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി മണല്‍ നീക്കം ചെയ്യാന്‍ ടെന്റര്‍ വിളിച്ചിരുന്നു. മെയ് 25 നാണ് ലേലതിയ്യതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആരും വിളിക്കാനില്ലാഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ മണ്ണ് പുഴയില്‍ നിന്നും നീക്കം ചെയ്ത് കരയില്‍ സൂക്ഷിക്കാന്‍ തീരുമാനിക്കുയായിരുന്നു.
കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മണല്‍ക്കൂനകള്‍ നീക്കം ചെയ്യാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.




