Section

malabari-logo-mobile

ഉരുണ്ടു കൂടുന്ന ചോരച്ചുവപ്പുകള്‍

HIGHLIGHTS : സിമി എഴുതുന്നു .....

 

സ്ത്രീ ആയതുകൊണ്ടു മാത്രം മാറ്റി നിര്‍ത്തപ്പെട്ട, പരിഹസിക്കപ്പെട്ട ഓര്‍മക്കയ്പ്പുകളാല്‍ അതിസമ്പന്നമാണ് ഈയുള്ളവളുടെ നാല്പതു വര്‍ഷങ്ങള്‍.

ഇവയില്‍ പതിനാലു വയസ്സില്‍, നീയൊരു പെണ്ണായിയെന്ന അമ്മമ്മ വാക്കുകളിലൂടെ എന്നിലേയ്ക്ക് കയറി വന്ന രക്തച്ചുവപ്പുകള്‍ മാത്രമാണ് എനിക്ക് പെണ്ണാവേണ്ടിയിരുന്നില്ലായെന്ന് എന്നെ ചിന്തിപ്പിച്ച ഒരേയൊരൊന്ന്. പതിനാലില്‍ തുടങ്ങി നാല്പതിലെത്തി നില്‍ക്കുന്ന നീണ്ട ഇരുപത്തിയാറു വര്‍ഷങ്ങളില്‍
മുറതെറ്റാതെ ഈയുള്ളവളെ പെണ്ണില്‍ നിന്നും വീണ്ടും വീണ്ടും പെണ്ണാക്കിയ ഈ രക്തത്തുള്ളികളോളം ഇവള്‍ ഭയപ്പെട്ടിരുന്നില്ല മറ്റൊന്നിനേയും. ഇതിനിടയില്‍ രണ്ടു തവണ അമ്മയായ കാലങ്ങളൊഴിച്ചാല്‍ ഓരോ മാസമുറകളിലും ഇവള്‍ മനമുരുക്കിയിട്ടുണ്ട്, ഒന്നാണായിരുന്നെങ്കിലെന്ന്.

sameeksha-malabarinews

 

എന്നേക്കാള്‍ രണ്ടു വയസ്സിനു മൂത്ത ചേച്ചിയിലൂടെയാണ് ചോരക്കറയെ, ആദ്യമായി പരിചയപ്പെടുന്നത്. കുളിമുറിയില്‍ വെച്ചുളള അവളുടെ ആര്‍ത്തലച്ച നിലവിളി കേട്ട് ഞാനും അമ്മമ്മയുമാണ് ഓടിച്ചെന്നത്. അവിടെ നിറയെ ചോര കണ്ട ഞാനും കൂടിച്ചേര്‍ന്ന് അവളുടെ നിലവിളിയെ ഒരു കൂട്ടക്കരച്ചിലാക്കി.
‘ഹോ ഈ പിള്ളേരിത് നാടുമുഴുക്കെ അറിയിക്കൂലോ ന്റെ ഈശ്വരാ. വായ അടക്കെടി, അവള്‍ക്കൊന്നൂല്ല. നീ അവിടുന്ന് പോയേ’
അമ്മമ്മ എന്നെ പിടിച്ച് പുറത്താക്കി കുളിമുറിയുടെ വാതിലടച്ചു. പേടിച്ചരണ്ട ആ പതിനൊന്നുകാരി ചുമരു ചാരി നിന്നു തേങ്ങിയ തേങ്ങല്‍ ഇപ്പോഴുമൊരു വിങ്ങലായി നിറയുന്നുണ്ട്.

പിന്നീട് ആ ചോരപ്പാടുകളെ ഈയുളളവള്‍ തിരിച്ചറിയുന്നത് ഒമ്പതാം ക്ലാസ്സില്‍ മറ്റുളളവര്‍ക്കു മുന്നില്‍ ഒരു കുറ്റവാളിയെ പോലെ നില്‍ക്കുമ്പോഴാണ്. തുടകള്‍ രണ്ടും പതിവില്ലാത്ത വിധം കടഞ്ഞിറങ്ങിയ സ്‌കൂളിലെ ഒരുച്ച നേരത്താണ് കൂട്ടുകാരി പറഞ്ഞത്:’ഡീ നിന്റെ പുറകില്‍ ചോര’
ചേച്ചിയില്‍ കണ്ടത് മറവിയിലേയ്ക്ക് പോയിട്ടില്ലാത്ത അവള്‍ മറ്റുളളവരുടെ തുറിച്ചു നോട്ടങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പുകഞ്ഞ് മൂത്രപ്പുരയിലേയ്ക്ക് ഓടി. കൂട്ടുകാരിയെ പുറത്ത് നിര്‍ത്തി ചന്ദനക്കളര്‍ ചുരിദാര്‍ യൂണിഫോമിലെ ചോരപ്പാടുകളെ കഴുകിക്കളഞ്ഞു. ചുട്ടുപൊളളുന്ന കരിങ്കല്ലില്‍ ഇരുന്ന് കൂട്ടുകാരിയുടെ സ്‌നേഹച്ചൂടില്‍ അവയെ ഉണക്കിയെടുത്തു.

പിന്നീടവിടന്നിങ്ങോട്ട് ഈ നാല്പതുകളിലെത്തി നില്‍ക്കുവോളം ഇതു കാരണം അനുഭവിച്ച യാതനകള്‍ ചെറുതല്ല. ഓരോന്നിനും ഓരോ ഓര്‍മ്മക്കുറിപ്പുകളിലൂടെ ജീവന്‍ പകരാന്‍ മാത്രം തീക്ഷ്ണതയുളളവ.
ഒരു സ്ത്രീ അമ്മയാവുമ്പോള്‍ പല വിഷമഘട്ടങ്ങളിലൂടെയും കടന്നു പോവുമെങ്കിലും അതോടു ചേര്‍ന്ന് അവള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷങ്ങള്‍ കൂടി അനുഭവിക്കുന്നുണ്ട്. വിണ്ടു കീറിയ മുലക്കണ്ണുകള്‍ കുഞ്ഞ് വലിച്ചു കുടിക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന സഹിക്കവയ്യാത്ത നീറ്റലിലും അമ്മയെന്ന പുണ്യം അവളെ തഴുകുന്നുണ്ട്.

പക്ഷേ മാസാമാസങ്ങളില്‍ വന്നണയുന്ന ഈ ചോരപ്പാടുകള്‍ എനിക്കു സമ്മാനിക്കുന്ന മാനസിക, ശാരീരിക സംഘര്‍ഷങ്ങള്‍ ചെറുതല്ല.
ജീവിതത്തിന്റെ പലദശകളിലും മാസമുറ പലരൂപഭാവങ്ങളിലേയ്ക്ക് ചുവടുമാറ്റം നടത്തി, ശാരീരിക, മാനസിക വ്യഥകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഞാന്‍ പെണ്ണായതിന്റെ ഈ അടയാളപ്പെടുത്തല്‍ എന്നെ പുളകം കൊള്ളിച്ചിട്ടില്ല.

‘ഒന്നു പോയി കുളിക്ക് പെണ്ണേ… ഈ സമയത്ത്, രാവിലെ എണീക്കില്ല, ഒന്നു കുളിക്കപോലും ചെയ്യില്ലാച്ചാ എന്ത് കഷ്ടാ ന്റെ ഈശ്വരാ… ഞാനിതൊന്നും ശീലിച്ചിട്ടില്ലല്ലോ ഭഗവാനേ’
വേദന കൊണ്ട് പുളയുമ്പോള്‍ പലപ്പോഴും അമ്മയുടെ പതംപറച്ചിലുകളില്‍ നിന്നും അച്ഛനായിരുന്നു ആശ്വാസമായി നിറഞ്ഞിരുന്നത്.
‘ദേ ഒരു കാര്യം പറഞ്ഞേക്കാം. നീ ശീലിച്ച ശീലങ്ങളുടെ കാലമൊക്കെ കഴിഞ്ഞു. എന്റെ മക്കളെ ആ ശീലം പഠിപ്പിക്കണ്ട. അവര്‍ നീ വിളക്കു കൊളുത്തുന്ന അവിടേയ്ക്ക് കടക്കരുത് എന്നല്ലേ നിന്റെ കല്പന. അതിനപ്പുറത്തേക്കുളള ബലംപിടുത്തമൊന്നും വേണ്ടട്ടോ’.
കൃത്യമായ ഇടപെടലുകളിലൂടെ അച്ഛനെന്ന ശക്തി എനിയ്ക്കും അമ്മയ്ക്കുമിടയില്‍ നിന്നിരുന്നതിനാല്‍ തന്നെ അമ്മയുടെ ചൊല്ലിപ്പറച്ചിലുകള്‍ ഈശ്വരനോ ഞാനോ ചെവിക്കൊണ്ടില്ല എന്നതാണ് സത്യം.
അച്ഛന്‍ നിമിത്തം ഞാനെന്തായിരുന്നോ അതുപോലെ തന്നെ ആയിരിക്കാന്‍ ആ ദിവസങ്ങളിലും കഴിഞ്ഞുവെങ്കിലും ആ ദിവസങ്ങളില്‍ മാത്രം ഒരു പുരുഷജന്മം കിട്ടിയിരുന്നെങ്കില്‍ എന്ന് മനസ്സും ശരീരവും എന്നെ വരിഞ്ഞു മുറുക്കിക്കൊണ്ടേയിരുന്നു.

തുണികൊണ്ട് നീരൊഴുക്കിനെ തടയിട്ട ആദ്യകാലങ്ങളില്‍ നിന്ന് പാഡിലേക്ക് ചുവട് മാറിയെങ്കിലും പല മാസങ്ങളിലും എന്നെ ബോധം കെടുത്തുമാറ് കുത്തിയൊലിച്ച ചോരപ്പാച്ചിലില്‍ ജോലി സ്ഥലങ്ങളില്‍ ഇനിയെന്തു വേണ്ടുവെന്ന പിടച്ചിലില്‍ വീണുരുകുമ്പോള്‍ ഇതിനെന്നാണൊരു അവസാനമെന്ന് ഞാന്‍ വെറുതെ കൊതിച്ചിട്ടുണ്ട്.
ഒരു നാലുമാസക്കാലത്തിനുളളിലാണ് ശരിക്കും പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമായി, കൂട്ടായി Menstrual cup എന്നില്‍ എത്തിച്ചേരുന്നത്. ഏകദേശം 400 രൂപയോളം മാത്രം വില വരുന്ന ഇവളെ പത്ത് വര്‍ഷത്തോളം തുടര്‍ച്ചയായി ഉപയോഗിക്കാം.
മാസാമാസം പാഡിനായി ചിലവാക്കുന്നതിലെ സാമ്പത്തിക ലാഭത്തിനേക്കാള്‍ ആ ദിവസങ്ങളില്‍ ചോരക്കറയുടെ നനവു പടര്‍ത്തുന്ന അലോസരങ്ങളില്‍ നിന്ന്, നടക്കാനാവാത്ത വിധം ഉരഞ്ഞു പൊട്ടിയ തുടയിടുക്കുകള്‍ തീര്‍ത്ത അസ്വസ്ഥതകളില്‍ നിന്നെല്ലാമുള്ള മോചനമായിട്ടാണ് ഈ പുതിയ കൂട്ട് എന്നില്‍ നിറഞ്ഞത്. ഭൂമിയിലിന്നോളം കണ്ടുപിടിക്കപ്പെട്ടവയില്‍ ഏറ്റവും അമൂല്യമായതാണ് ഈ കുഞ്ഞു കപ്പ് എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

‘തീണ്ടാരിയായാല്‍ സ്വന്തം അടിവസ്ത്രങ്ങള്‍ കിട്ടാന്‍ പോലും മറ്റൊരാളെ കാത്തു നില്ക്കണമെന്ന അവസ്ഥയില്‍ നിന്ന് തീണ്ടാരിയായത് എല്ലാരുമറിഞ്ഞാലല്ലേ കുഴപ്പം, കുറെ പെണ്‍പടകള്‍ക്കിടയില്‍ എന്റെ ദിവസം ആരോര്‍ത്തിരിക്കാന്‍? പലപ്പോഴായി എന്റെ എല്ലാ ദിനങ്ങളെയും ഞാന്‍ ഒരു പോലെയാക്കി. താഴെയുള്ള അനിയത്തിമാര്‍ക്ക് നടക്കാനൊരു പാത ഞാനായി വെട്ടിത്തെളിച്ചിട്ടു’ അറുപതുകളുടെ കാലഘട്ടത്തില്‍ തന്നെ ഇതു പറഞ്ഞു സ്വന്തം വഴിതുറന്നിട്ട അമ്മായിയമ്മയാണ് ശരിക്കും എന്റെ പ്രചോദനം

‘കുഞ്ഞുങ്ങളെ കൊണ്ട് പോവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് കുട്ടിക്കാലത്ത് ആരും ശബരിമലയ്ക്ക് കൊണ്ടു പോയില്ല. നല്ല പ്രായത്തില്‍ പിന്നെ പോവാനും പറ്റാതായി. അശുദ്ധിയൊക്കെ മാറി ശുദ്ധയായപ്പോള്‍ എനിക്ക് മലകയറാനും വയ്യാതായി. അയ്യനെ നേരില്‍ കാണാന്‍ യോഗണ്ടാവില്ല’.
വിന്വേട്ടന്റെ 70 കഴിഞ്ഞ അമ്മയുടെ വാക്കുകള്‍ മനസ്സില്‍ നിറയുന്നു. അയ്യനാണോ അമ്മയെ വിലക്കിയത് എന്ന ചോദ്യം മനസ്സിന്റെ കോണിലെ നിശബ്ദതയിലേക്ക് ഞാനും മാറ്റി വെയ്ക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!