Section

malabari-logo-mobile

തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി

HIGHLIGHTS : Women's representation should be increased in employment and entrepreneurship sector: Chief Minister

സംസ്ഥാനത്തിന്റെ തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ വികസന കോര്‍പ്പറേഷന്‍ അടക്കമുള്ള സംരംഭങ്ങള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 35-ാം വാര്‍ഷികവും കെ.ആര്‍. ഗൗരിയമ്മ എന്‍ഡോവ്‌മെന്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീ സമൂഹത്തിന്റെ ക്ഷേമ, വികസന കാര്യങ്ങള്‍ സമൂഹത്തിന്റെ പൊതുവായ വികസനത്തിന് ഒഴിവാക്കാനാകാത്തതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ മുന്നേറ്റത്തില്‍ കേരളം വലിയൊരു അടിത്തറയുണ്ടാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പങ്കാളിത്തം അതിന്റെ ഏറ്റവും വലിയ തെളിവാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇക്കാര്യത്തില്‍ കേരളത്തിനുള്ളതെന്നാണു നാഷണല്‍ സര്‍വേ ഓണ്‍ ഹയര്‍ എഡ്യൂക്കേഷന്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ധാരാളം സ്ത്രീകള്‍ കേരളത്തിലുണ്ട്. അവരുടെ ശേഷി കൂടുതല്‍ വികസിപ്പിക്കണം. വ്യവസായ ഉത്പാദന തൊഴില്‍ രംഗങ്ങളിലെ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തണം.

കോവിഡ് കാലം രൂപപ്പെടുത്തിയ പുതിയ തൊഴില്‍ സംസ്‌കാരങ്ങളുടെ മികച്ച രീതികള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം പദ്ധതികള്‍ ഇതിന് ഉദാഹരണമാണ്. മികച്ച കഴിവും യോഗ്യതയുമുള്ള നിരവധി പേര്‍ തൊഴിലെടുക്കാനുള്ള സാഹചര്യമില്ലാതെ സംസ്ഥാനത്തുണ്ട്. ഇവര്‍ക്കായി എങ്ങനെ ഈ പുതിയ അവസരം ഉപയോഗിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാനത്തു വര്‍ക്ക് നിയര്‍ ഹോം പദ്ധതി നടപ്പാക്കുന്നതിന് 1000 കോടി രൂപയുടെ പദ്ധതിയാണു തയാറാക്കിയിരിക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ ഇതിനായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

തൊഴില്‍ മേഖലയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനൊപ്പംതന്നെ സംരംഭക മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കഴിയണം. ഒരു വര്‍ഷം ഒരു ലക്ഷം വ്യവസായ സംരംഭങ്ങളെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം തുടങ്ങിയ പദ്ധതി എട്ടുമാസം കൊണ്ടുതന്നെ ഒരു ലക്ഷം പിന്നിട്ടു. ഇപ്പോള്‍ 1,33,000 അടുത്ത് എത്തിനില്‍ക്കുന്നു. സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കും. 43000ലധികം സംരംഭങ്ങള്‍ ഇക്കൂട്ടത്തില്‍ സ്ത്രീകളുടേതായി വന്നിട്ടുണ്ട്. സംരംഭകവര്‍ഷം പദ്ധതിയിലൂടെ ആകെ 2,80,000 തൊഴിലവസരങ്ങള്‍ 8,000 കോടിയുടെ നിക്ഷേപം എന്നിവയും സമാഹരിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളം വലിയ അവസരമാണൊരുക്കിയിട്ടുള്ളത്. 4000ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചു. 40000 തൊഴിലവസരം സൃഷ്ടിക്കാനായി. 2026ഓടെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 15000ല്‍ എത്തിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിലെല്ലാം വനിതാ വികസന കോര്‍പ്പറേഷനും വളരെ പ്രധാന പങ്കു വഹിക്കാനാകും.

സാമൂഹ്യരംഗത്തെ ഇടപെടലുകളിലൂടെ സ്ത്രീ സമൂഹത്തെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണു 2017ല്‍ വനിതകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചത്. ജെന്‍ഡര്‍ ബജറ്റില്‍ നടപ്പാക്കി. ആകെ പദ്ധതി വിഹിതത്തിന്റെ 25 ശതമാനം വനിതകളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ക്കു നീക്കിവയ്ക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആറേ മുക്കാല്‍ വര്‍ഷംകൊണ്ടു വായ്പകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്യാരന്റി ആറ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 2016ല്‍ 145 കോടിയായിരുന്നത് ഇപ്പോള്‍ 845 കോടി രൂപയിലെത്തി നില്‍ക്കുന്നു. തൊഴില്‍ മേഖലലയിലടക്കം സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍കൂടി ഉദ്ദേശിച്ചുള്ളതാണിത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രാബല്യത്തില്‍വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടേയും ഭരണഘടനാ വ്യവസ്ഥകളുടേയും നടപ്പിലാക്കല്‍ അവലോകനം ചെയ്യുക, ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കായി 14 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുള്ള വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളും വകയിരുത്തലുകളും ബജറ്റിന്റെ ഭാഗമായുണ്ട്. ഇതുമായി മുന്നോട്ടുപോകുമ്പോള്‍ത്തന്നെ പുതിയ കാലഘട്ടത്തിന്റെ നൂതന മുന്നേറ്റത്തേയും വനിതാ മുന്നേറ്റത്തിന് ഉപയോഗിക്കാന്‍ കഴിയണം. വനിതാ വികസന കോര്‍പ്പറേഷനെപ്പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മികച്ച ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ശ്രീമൂലം ക്ലബില്‍ നടന്ന ചടങ്ങില്‍ കെ.ആര്‍. ഗൗരിയമ്മ എന്‍ഡോവ്‌മെന്റിന്റെയും കെ.എസ്.ഡബ്ല്യു.ഡി.സി വാര്‍ഷികാഘോഷങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സിഗ്നേച്ചര്‍ വിഡിയോയും അദ്ദേഹം പ്രകാശനം ചെയ്തു. ആരോഗ്യ, വനിതാ – ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ഗതാഗത ആന്റണി രാജു കോര്‍പ്പറേഷന്റെ മുന്‍ അധ്യക്ഷന്മാരെ ആദരിച്ചു. മുന്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി. റോസക്കുട്ടി, മാനേജിങ് ഡയറക്ടര്‍ വി.സി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!