
തിരുവനന്തപുരം: ഇത്തവണ കേരളം ആർക്കൊപ്പമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലമറിയുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു മണിക്കൂറിനകം ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയും.
എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ജനവിധി എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മുന്നണി നേതാക്കള്‍. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്.
അടുത്ത അഞ്ച് വർഷത്തേക്ക് തങ്ങളെ ആര് ഭരിക്കണം, കേരളജനത എന്തുവിധിച്ചെന്ന് അൽപ സമയത്തിനകം തന്നെ അറിയാം. ഇവിഎം മെഷിനുകളിലെ വോട്ടുകൾ എട്ടരയോടെ എണ്ണിത്തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും. സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അംഗീകൃത പ്രതിനിധികള്‍, കേന്ദ്ര നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ രാവിലെ ആറിന് തുറന്നത് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



