സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി

നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയായ യുവതി ഇക്കാര്യം ചൂണ്ടി കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ജോലി വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സിനിമാ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ച് പത്ത് വര്‍ഷം മുന്‍പ് പീഡിപ്പിച്ചുവെന്നാണ് പരാതി. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന് എതിരെയുളള പുതിയ ആരോപണം.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ ദിലീപിന്റെ വാദം കേട്ട കോടതി കേസ് വിധി പറയുന്നതിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top