Section

malabari-logo-mobile

ശ്വാസംമുട്ടല്‍, നെഞ്ചുവേദന അപായ സൂചനകള്‍ തോന്നുന്നോ: വിളിക്കാം ഇ സഞ്ജീവനി ഡോക്ടര്‍മാരെ; 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി

HIGHLIGHTS : Call e Sanjeevani Doctors; The service of doctors was ensured 24 hours a day

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒപിയില്‍ പകല്‍ സമയം 15 മുതല്‍ 20 ഡോക്ടര്‍മാരേയും രാത്രികാലങ്ങളില്‍ 4 ഡോക്ടര്‍മാരേയും നിയമിച്ചിട്ടുണ്ട്. ഒരു മിനിറ്റില്‍ താഴെയാണ് കാത്തിരിപ്പ് സമയം. രോഗികള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ച് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഗൃഹ പരിചരണത്തില്‍ ഇരിക്കുമ്പോള്‍ അപായ സൂചനകള്‍ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആപത്താണ്. ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ് കൂടുക, നെഞ്ചുവേദന, സംസാരിക്കാന്‍ പ്രയാസം, കാലില്‍ നീര്, അബോധാവസ്ഥ, ഓര്‍മ്മ കുറവ്, അമിത ക്ഷീണം, ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ പ്രയാസം തുടങ്ങിയവയാണ് അപായ സൂചനകള്‍. പലര്‍ക്കും അപായ സൂചനകളെ പറ്റി സംശയമുണ്ടാകാം. അന്നേരം രോഗിക്കോ, രോഗിക്ക് നേരിട്ട് സംസാരിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ രോഗിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റൊരാള്‍ക്കോ ഇ സഞ്ജീവനി ഡോക്ടറോട് സംസാരിക്കാവുന്നതാണ്.

sameeksha-malabarinews

ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ക്കാണ് ഇ സഞ്ജീവനി വഴി സേവനം ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 18,000ത്തിലധികം പേരാണ് കോവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്. ഒരുദിവസം ശരാശരി 1000മുതല്‍ 1500 പേര്‍ക്കാണ് സേവനം നല്‍കിയത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 800 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കുന്ന ജനറല്‍ ഒപിയില്‍ ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. 6 മിനിറ്റ് 15 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 58 സെക്കന്റായി കുറക്കാന്‍ ഇ സഞ്ജീവനിയില്‍ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

എങ്ങനെ ഇ സഞ്ജീവനി വഴി ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ആ വ്യക്തി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ലഭിച്ച ടോക്കണ്‍ നമ്പര്‍ ചേര്‍ത്ത് പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

ഇ സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കുന്നു.

സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!