തിരുവനന്തപുരം :സമരം തീര്‍ന്നാലും തീര്‍ന്നില്ലെങ്കിലും വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ വളര്‍ച്ചയ്ക്ക് ആവശ്യമാണ് വിഴിഞ്ഞം പദ്ധതി. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ അത് സംബന്ധിച്ച എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ട്.സമരസമിതി മുന്നോട്ടുവെച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് ഒഴികെ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ മാഷ് പറഞ്ഞു.
വിഴിഞ്ഞം ആക്രമണത്തില്‍ പോലീസ് സംയമനം പാലിച്ചിട്ടുണ്ട്. വെടിവെപ്പില്‍ എത്തിക്കാന്‍ ആയിരുന്നു അവരുടെ ലക്ഷ്യം .അത് സംഭവിക്കാത്തത് അവര്‍ക്ക് വിഷമം ഉണ്ടാകും. പോലീസ് സ്റ്റേഷന്‍ ആക്രമണം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും ആസൂത്രിതമായി ചെയ്തതാണെന്നും ഇക്കാര്യം സമരപന്തലില്‍ മറ്റൊരു ഫാദര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു എന്നും സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കേണ്ടത് ഉണ്ടെന്നും ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.
മന്ത്രി വി അബ്ദുറഹ്‌മാനുനേരെ ഫാദര്‍ തിയോഡേഷ്യസ് നടത്തിയ വര്‍ഗീയ പരാമര്‍ശം നാക്കുപിഴയല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുകയെന്നും ഗോവിന്ദന്‍ മാഷ് കൂട്ടിച്ചേര്‍ത്തു.




