പൊന്നാനി; മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന് ഇനി അഞ്ച് ദിവസം മാത്രം. സെപ്തംബര്‍ ഒന്‍പതിന് ബിയ്യം കായലില്‍ നടക്കുന്ന വള്ളംകളി മത്സരം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്യും. പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും.
ഓണാഘോഷത്തിന്റെ ഭാഗമായി അവിട്ടം നാളിലാണ് ബിയ്യം കായല്‍ വള്ളംകളി നടക്കുന്നത് . കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായല്‍ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകള്‍. ഇത്തവണ പത്ത് മേജര്‍ വള്ളങ്ങളും പതിമൂന്ന് മൈനര്‍ വള്ളങ്ങുമാണ് ഉള്‍പ്പടെ 23 വള്ളങ്ങളാണ് മത്സരിക്കുന്നത്. രണ്ടു മണിയോടെ ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെ ക്രമീകരണം. നിലവിലെ വള്ളംകളി പവലിയന്‍ തകര്‍ച്ചാവസ്ഥയിലായതിനാല്‍ സമാന്തരമായി താല്‍ക്കാലിക പവലിയന്‍ നിര്‍മിക്കും.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിയ്യം കായലിന്റെ ഓളപ്പരപ്പില്‍ ആവേശമാകാന്‍ വള്ളങ്ങള്‍ തയ്യാറെടുക്കുന്നത്. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ അഞ്ചുമുതല്‍ പതിനൊന്ന് വരെ പൊന്നാനിയില്‍ വിപുലമായ ഓണാഘോഷപരിപാടികള്‍ ഒരുക്കിയാതായി പി.നന്ദകുമാര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




