ഫ്രെയിമുകളില്‍ നിന്ന് മനസിലേക്ക് പറന്നിറങ്ങുന്ന ചിത്രങ്ങളുമായി വിജേഷ് വള്ളിക്കുന്നിന്റെ ഫോട്ടോ പ്രദര്‍ശനം

ഗ്രാമീണ സൗന്ദര്യത്തിന്റെ സൂക്ഷ്മ ശകലങ്ങളെ വരെ ഫ്രെയിമുകള്‍ക്കുള്ളിലേക്ക് പകര്‍ത്തിയ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വിജേഷ് വള്ളിക്കുന്നിന്റെ പറന്ന് പറന്ന് പറന്ന് എന്ന ഫോട്ടോ പ്രദര്‍ശനം ഏറെ ശ്രദ്ധേയമാകുന്നു . കോഴിക്കോട്ടെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം കാണാന്‍ നിരവധിപേരാണ് ദിനംപ്രതി എത്തുന്നത്.
തന്റെ ജന്‍മദേശത്തിന്റെ ഭാഗമായ കടലുണ്ടി-വള്ളിക്കുന്ന് സോഷ്യല്‍ റിസര്‍വ്വ് ഫോറസ്റ്റിലെ കാഴ്ചകളാണ് ഫോട്ടോകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
കടലുണ്ടി പുഴയുടെ ഈ തീരം ജൈവവൈവിധ്യങ്ങളുടെയും, ദേശാടനക്കിളികളുടെയും സങ്കേതമാണ്. എന്റെ നാട്ടില്‍ ഇത്രത്തോളം ജൈവവൈദിഗ്ധ്യമുണ്ടെന്ന് ലോകത്തെ അറിയിക്കുന്നതിനുകൂടിയാണ് താനീ പ്രദര്‍ശനം നടത്തുന്നതെന്ന് വിജേഷ് പറഞ്ഞു.

വള്ളിക്കുന്ന് പഞ്ചായത്തിന്റെ ഭാഗമായുള്ള ഈ മേഖലയുടെ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ടൂറിസം വകുപ്പോ, പഞ്ചായത്തോ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് വിജേഷ് വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു.

25 വര്‍ഷത്തോളമായി ഫോട്ടോഗ്രാഫി മേഖലയില്‍ സജീവ സാന്നിധ്യമായ വിജീഷ് ഇതിനകം എട്ടോളം ശ്രദ്ധേയമായ സോളോ ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. മേധ പട്കര്‍ നയിച്ച നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സമരത്തിന്റെ ഭാഗമാകുകയും അവിടുത്തെ ആദിവാസി സമൂഹങ്ങള്‍ക്കിടിയില്‍ താമസിച്ച് വിജേഷ് പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം ‘നര്‍മ്മദയുടെ അശാന്തതീരങ്ങള്‍’ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. കടലുണ്ടിപുഴയോരെത്തെന്നുന്ന ദേശാടനപക്ഷികളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വിന്‍ഡ് വിസിറ്റേഴ്‌സ് ഓഫ് കടലുണ്ടി എ്ന്ന സീരീസ് ഏറെ ആകര്‍ഷണീയമായിരുന്നു.

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ പരേതനായ നായടി മാസ്റ്ററുടെയും, ഗ്രാമ പഞ്ചയത്തംഗം ലക്ഷ്മിയുടെയും മകനാണ് വിജേഷ്. സഹകരണ വകുപ്പ് ജീവനക്കാരിയായ ശൈലജയാണ് ഭാര്യ. ചാരുദത്ത് മകനാണ്.
സെപ്റ്റംബര്‍ 15ന് തുടങ്ങിയ പ്രദര്‍ശനം 21 ന് അവസാനിക്കും.

Related Articles